-->
കൊച്ചി/കാസര്‍ഗോഡ്: സമസ്‌തയ്‌ക്ക് എന്താവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
സമസ്‌ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമസ്‌ത ശതാബ്‌ദി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍നിന്ന് എം.എ. യൂസഫലി സമസ്‌തയുടെ സെന്റിനറി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സമസ്‌തയ്‌ക്കായി ഏഴരക്കോടി രൂപ ചെലവില്‍ പള്ളി പണിതു നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചു. യു.എ.ഇ. ഭരണകൂടവുമായി സംസാരിച്ച് സമസ്‌തയുടെ വന്‍ പദ്ധതികള്‍ക്കു വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്‌ത് അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി റെക്‌ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.