-->
ആലപ്പുഴ: ഇന്ത്യ-യു.എസ്. കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ കരാറിന്റെ ഉള്ളടക്കം കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നു മന്ത്രി പി. പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്ക ഏര്‍പ്പെടുത്തിയ ചുങ്കം 50 ശതാനത്തില്‍നിന്ന് 18 ശതമാനമായി കുറയ്‌ക്കുമെന്നു പറഞ്ഞു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
'നെല്‍കൃഷിക്കു സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രോല്‍സാഹന ബോണസ് അനുവദിക്കില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. എന്നാല്‍, ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ നെല്ലും സംഭരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2405 കോടി രൂപയാണ് നെല്‍ കര്‍ഷകര്‍ക്കു പ്രോല്‍സാഹന ബോണസായി നല്‍കിയത്.
ഭാരതീയ പൈതൃകത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും പറയുന്നവര്‍ നെല്ലും ഗോതമ്പും കൃഷികള്‍ ഉപേക്ഷിക്കണമെന്നാണു പറയുന്നത്. നെല്ലിന്റെ കാര്യത്തില്‍ ആരെയും വിലപേശാന്‍ അനുവദിക്കില്ല. കൃഷി ഉപേക്ഷിക്കണമെന്നും നെല്‍ ഉല്‍പ്പാദനത്തിന്റെ ബോണസ് അനുവദിക്കില്ലെന്നും കാണിച്ച് ഭരണകൂടത്തിന്റെ കത്ത് പുറത്തുവന്നിട്ടും എന്തുകാര്യത്തിലും അപ്പപ്പോള്‍ അഭിപ്രായം പറയുന്ന ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. നെല്ല് സംഭരിച്ച ഇനത്തില്‍ 2017-18 വര്‍ഷം മുതല്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയായ 1343.83 ലക്ഷം രൂപ കിട്ടാനുണ്ട്. കര്‍ഷകരെ കൃഷിയില്‍നിന്നു മാറ്റുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ബോണസ് കൊടുക്കരുതെന്നു പറയുന്നത്. നെല്ല് സംഭരണസമയത്തു പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന സമീപനമാണ് സ്വീകരിക്കുന്നത്.
റിപ്പോ നിരക്ക് കുറയുന്ന സാഹചര്യത്തില്‍പ്പോലും പലിശനിരക്ക് കൂടുതല്‍ വേണമെന്ന് ബാങ്കുകള്‍ ശാഠ്യംപിടിക്കുകയാണ്. കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റുന്നതിനുവേണ്ടി ബാങ്കുകളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമാണിത്. നെല്ലും ഗോതമ്പും കൃഷിചെയ്യുന്നതു സര്‍ക്കാരിനു ബാധ്യതയുണ്ടാക്കുമെന്നും പ്രകൃതിക്കു പ്രശ്‌നമാകുമെന്നുള്ള വാദം അങ്ങേയറ്റം അപലപനീയമാണ്'-അദ്ദേഹം പറഞ്ഞു.