Friday, March 13, 2026 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

നാവികസേനാംഗങ്ങളെ പ്രതിചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി

കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക്‌ വെടിയേറ്റ സംഭവത്തില്‍ രണ്ട്‌ നാവികസേനാ ഉദ്യോഗസ്‌ഥരെ പ്രതിചേര്‍ത്ത്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരദേശ പോലീസ്‌ സംസ്‌ഥാന ആഭ്യന്തരവകുപ്പ്‌ മുഖേന കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി തേടി. കേന്ദ്ര ഉദ്യോഗസ്‌ഥരായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതു പ്രതിരോധമന്ത്രാലയമാണ്‌.
2022 സെപ്‌റ്റംബര്‍ ഏഴിനു രാവിലെ അല്‍ റഹ്‌മാന്‍ എന്ന ഇന്‍ബോര്‍ഡ്‌ വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്‌റ്റ്യനാ(70)ണ്‌ വെടിയേറ്റത്‌. ഫോര്‍ട്ട്‌ കൊച്ചിയിലെ ഐ.എന്‍.എസ്‌. ദ്രോണാചാര്യയില്‍ പതിവ്‌ വെടിവയ്‌പ്പ്‌ പരിശീലനത്തിന്റെ ഭാഗമായാണ്‌ സംഭവമുണ്ടായത്‌. പരിശീലനം സംബന്ധിച്ച്‌ പരിസരത്തുള്ളവര്‍ക്കു മുന്നറിയിപ്പ്‌ നല്‍കുന്നതില്‍ വീഴ്‌ചയുണ്ടായെന്നാണ്‌ നാവികര്‍ക്കെതിരായ ആരോപണം.
കേസെടുത്ത തീരദേശ പോലീസ്‌ ബാലിസ്‌റ്റിക്‌ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ്‌ കുറ്റപത്രം തയാറാക്കിയത്‌. എന്നാല്‍, ഉപയോഗിച്ച തോക്ക്‌ കണ്ടെത്താനായില്ല. നൂറിലേറെ നാവികരെ ചോദ്യംചെയ്‌തു. ഇവര്‍ കേസില്‍ സാക്ഷികളാണ്‌. രാജ്യസുരക്ഷാപ്രശ്‌നമുള്ളതിനാല്‍ ആയുധങ്ങളുടെ വിവരം നല്‍കാന്‍ ഉന്നതതല അനുമതി വേണമെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ നിലപാട്‌.
കണ്ടെത്തിയ വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ നാവികസേന ഉറച്ചുനില്‍ക്കുകയാണ്‌. അതിനാല്‍, പരിശോധനാഫലങ്ങളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും അടിസ്‌ഥാനമാക്കിയാണു കുറ്റപത്രം തയാറാക്കിയത്‌. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍ക്കുമെന്നു തീരദേശ പോലീസ്‌ വ്യക്‌തമാക്കി.

ജെബി പോള്‍

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW