-->
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണവും ആദായനികുതി വകുപ്പിന്റെ പരിശോധനയും ചേര്‍ത്തുവച്ചു ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടര്‍ ടി.എ. ജോസഫ് പറഞ്ഞു. ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സി.ജെ. റോയിയുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന പതിവു നടപടി മാത്രമാണ്. ഇത് യാതൊരു കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ടതല്ല. ആദായ നികുതി വകുപ്പ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്താറുണ്ട്. 2016-ല്‍ ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന നടന്നിരുന്നു. തുടര്‍ന്ന് 2026-ലും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും മറ്റു സ്‌ഥാപനങ്ങളുടെയും ഓഫീസുകളില്‍ പതിവ് പരിശോധന നടന്നത് ഇതിന്റെ ഭാഗമാണ്. അധികൃതരുമായി ഗ്രൂപ്പ് പൂര്‍ണമായി സഹകരിച്ചു. മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്ന് മാന്യമായ സമീപനമാണ് ഉണ്ടായത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതുകൊണ്ടല്ല ഈ പരിശോധന നടന്നത്. ചില യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കമ്പനിയെയും പരേതനായ സി.ജെ. റോയിയെയും വ്യക്‌തിപരമായി വേട്ടയാടുന്നതു നീതീകരിക്കാനാവില്ല.
നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല. കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ മലയാളികള്‍ക്കു സാധിക്കും. തങ്ങള്‍ക്കു നിക്ഷേപകരോ കടങ്ങളോ ഇല്ല. ആരില്‍നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവു ഹാജരാക്കിയാല്‍ ഇരട്ടി പണം തിരിച്ചുനല്‍കാന്‍ തയാറാണ്.
സിനിമാ മേഖലയില്‍ സുതാര്യമായ രീതിയിലാണ് ഇടപെട്ടത്. ഗ്രൂപ്പിനു പണം ലഭിക്കാനേയുള്ളൂ, നല്‍കാനില്ല. ചെയര്‍മാന്റെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എല്ലാ നിര്‍മ്മാണ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്കോ ഉപഭോക്‌താക്കള്‍ക്കോ ആശങ്ക വേണ്ട.
സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.-ടി.എ. ജോസഫ് പറഞ്ഞു. ജീവിതം ആഘോഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വ്യക്‌തിയായിരുന്നു റോയിയെന്നും അദ്ദേഹം അനുസ്‌മരിച്ചു.