-->
അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലൊക്കെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസന്‍. ശ്രീനി മാജിക്കില്‍ ഒരുങ്ങുന്ന സിനിമകള്‍ക്ക് വേണ്ടി പ്രേക്ഷകര്‍ ഒരു കാലത്ത് കാത്തിരുന്നിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. താരജാഡകളില്ലാത്ത താരപുത്രന്മാരാണിവര്‍.
അഭിനയിച്ച സിനിമകളേക്കാള്‍ സിനിമാ പ്രൊമോഷൻ അഭിമുഖങ്ങളിലും പൊതുപരിപാടികളിലും വാക്കുകൾകൊണ്ട് തമാശയുടെ പൊടിപൂരം സൃഷ്ടിച്ചാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ പോലും തമാശ കലര്‍ത്തി തഗ്ഗടിച്ച് ധ്യാന്‍ കൈയടി നേടിയിട്ടുണ്ട്. ആരെയും ഒരു മടിയും കൂടാതെ ട്രോളുകയും സരസമായി സംസാരിക്കുകയും ചെയ്യുന്ന ധ്യാനിനെയാണ് മലയാളികൾക്ക് എന്നും കണ്ടിട്ടുള്ളത്.
പക്ഷേ അച്ഛനായ ശ്രീനിവാസന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി കരച്ചിലടക്കാനാകാതെ നിൽക്കുന്ന ധ്യാനിനെ കണ്ട് മലയാളികള്‍ ഒപ്പം കരഞ്ഞു. ആ സമയത്ത് സങ്കടം സഹിക്കാനാവാതെ പലപ്പോഴും ധ്യാന്‍ പൊട്ടിത്തകരുന്നത് പ്രേക്ഷകര്‍ കണ്ടു. അച്ഛനെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ധ്യാനിന്റെ സങ്കടം പ്രേക്ഷകര്‍ക്കും തീരാനൊമ്പരമായിരുന്നു. താങ്ങാനാകാത്ത വേർപാടിന് ശേഷം പൊതുവേദികളിൽ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ധ്യാന്‍.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തിന് എത്തിയ ധ്യാന്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പ്രസംഗത്തിന്റെ ആദ്യം തന്നെ അച്ഛന്റെ വേർപാടിന്റെ വേദനയിൽ തന്നെയാണ് താനിപ്പോഴും എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ സംസാരിച്ചു തുടങ്ങിയത്. തമാശ പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല താനെന്നും ഈ പരിപാടി ആയതുകൊണ്ട് മാത്രമാണ് താൻ വന്നത് എന്നുമാണ് ധ്യാൻ പറഞ്ഞത്.
‘‘പൊതുവെ ഞാൻ വരുമ്പോൾ തമാശയൊക്കെ പറയും, എല്ലാവരെയും ചിരിപ്പിക്കും അങ്ങനെയാണ്. പക്ഷെ ഇന്ന് തമാശയൊന്നും പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളു. അതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയാണ്. ഇങ്ങനെയൊരു കാര്യം കൂടി ആയതുകൊണ്ടാണ് വിളിച്ചപ്പോൾ വരാം എന്ന് വിചാരിച്ചത്. പ്രത്യേകിച്ച് തമാശയൊന്നും പ്രതീക്ഷിക്കരുത്...’’ ധ്യാൻ പറഞ്ഞു.
എങ്കിലും പ്രസംഗത്തിനിടെ പതിയെ പതിയെ ധ്യാൻ ചില തമാശകളും സിനിമാനുഭവങ്ങളും ട്രോളുകളുമായി വേദി കീഴടക്കി. പരിപാടിയ്ക്ക് എത്തിയ നടൻ ഫഹദ് ഫാസിലിനൊപ്പമുള്ള അനുഭവങ്ങളും ധ്യാൻ പങ്കുവച്ചു, അതിനൊപ്പം ഫഹദും കൂടെ കൂടിയപ്പോള്‍ സദസ്സ് അത് അപ്പാടെ ഏറ്റെടുക്കുകയും കൂടെ ചിരിപ്പിക്കുകയും ചെയ്തു.
ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ശ്രീനിവാസൻ ഈ ലോകത്തോട് വിടപറഞ്ഞത്. സ്വന്തം ജന്മദിനത്തില്‍ അച്ഛന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന മകന്‍ എന്ന ഒരിക്കലും മായാത്ത നോവുമായാണ് ഇനിയുള്ള ധ്യാനിന്റെ ജീവിതമെന്നുള്ളത് തന്നെയാണ് ആരാധകരെ ഏറെ നൊമ്പരപ്പെടുത്തുന്നത്.
48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.