-->
നാലു പതിറ്റാണ്ടിലധികമായി ബിഗ് സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. അഭിനയത്തേക്കാളുപരി രാഷ്ട്രീയ പ്രവർത്തനത്തിലും സാമൂഹിക രംഗത്തും സജീവമാണ് താരം. കേന്ദ്രമന്ത്രി കൂടിയായ സുരേഷ്ഗോപിയുടെ കുടുംബവും പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്. സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. ആറന്മുള പൊന്നമ്മയുടെ ചെറുമകൾ രാധികയും സുരേഷ് ഗോപിയും തമ്മിലുള്ളത് പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. പ്രായത്തിൽ അൽപ്പം കുറവുള്ള രാധികയുമായി നടന്ന വിവാഹത്തെകുറിച്ച് സുരേഷ്ഗോപി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ദൈവനിയോഗം പോലെയാണ് രാധിക തന്റെ ജീവിതത്തിലേക്കെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ രാധികയ്ക്കൊപ്പം തന്റെ 36-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സുരേഷ് ഗോപി. സോഷ്യൽ മീഡിയാ പോസ്റ്റില്‍ രാധികയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ടാണ് താരം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. ‘‘എന്നും... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്... ഹാപ്പി 36...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുരേഷ് ഗോപി രാധികയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പോസ്റ്റിന് താഴെയായി സ്‌നേഹം കുറിക്കുന്നുണ്ട്.
1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ്ഗോപി-രാധിക ദമ്പതിമാരുടെ മക്കള്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളായ ഗോകുലും മാധവും സിനിമയിലെത്തിയിട്ടുണ്ട്. ജെഎസ്കെ ആണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിച്ചതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരിൽ കാണുന്നതെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിട്ടുണ്ട്. 18-ാമത്തെ വയസിലായിരുന്നു രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. സുരേഷ്ഗോപിയെ വിവാഹം ചെയ്ത ശേഷമാണ് രാധിക പിന്നണി ഗാനരംഗം വിട്ട് കുടുംബിനിയായി ഒതുങ്ങിയത്. ഗായിക കൂടിയായ രാധിക വിവാഹ ശേഷം മക്കളുടെ കാര്യങ്ങളും, വീടുനോട്ടവുമൊക്കെയായി തിരക്കിലായിരുന്നു. അടുത്തിടെയാണ് രാധിക വീണ്ടും പാടിത്തുടങ്ങിയത്.
25 വർഷത്തെ ഇടവേളക്ക് ശേഷം രാധിക പാട്ടുകാരിയായി വീണ്ടും ശ്രോതാക്കളുടെ മുന്നിലെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കൂട്ടുകാർക്ക് ഒപ്പമുള്ള വാനമ്പാടി എന്ന ഗ്രൂപ്പും, ഭക്തഗാനസുധയും ഒക്കെയായി രാധികയിപ്പോള്‍ സജീവമാണ്. ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ ഒരുപാട്ടും രാധിക ആലപിച്ചിരുന്നു.