Friday, March 13, 2026 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 10.58 AM

വണ്ടിയില്‍ സ്ഥലമില്ല: വിവാഹ യാത്രയയപ്പില്‍ സഹോദരിയുടെ കാറിന് പിന്നാലെ 70 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അനിയന്‍

brother, cycle, 70km, sister, wedding, car, husband, home

വിവാഹവുമായി ബന്ധപ്പെട്ട നിരവധി ആചാരനാഷ്ഠാനങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വിവാഹശേഷം വധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ്. ഏറ്റവും വൈകാരികമായ ചടങ്ങുകളിലൊന്നാണിത്. സ്വന്തം കുടുംബത്തെയും ബന്ധുമിത്രാധികളെയും വിട്ട് വധു എന്നന്നേക്കുമായി വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങാണിത്. എന്നാല്‍ ബീഹാറിലെ ചമ്പാ നഗറില്‍ നടന്ന ഒരു വിവാഹ യാത്രയയപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടുകയാണ്. സഹോദരിയെ യാത്രയാക്കാന്‍ വരന്റെ വീട്ടുകാര്‍ വന്ന വാഹനത്തില്‍ സ്ഥലമില്ലാതിരുന്നിട്ടും അവളെ തനിച്ചയക്കാന്‍ ആ കൊച്ചു സഹോദരന്‍ തയ്യാറായില്ല. 70 കിലോമീറ്ററോളം ദൂരമാണ് സഹോദരി സഞ്ചരിച്ച കാറിന് പിന്നാലെ അവന്‍ സൈക്കിള്‍ ചവിട്ടിയത്.

വൈറലാകുന്ന വീഡിയോയില്‍, സഹോദരി ഇരിക്കുന്ന കാറിന് പിന്നാലെ തളരാതെ സൈക്കിള്‍ ചവിട്ടുന്ന ബാലനെ കാണാം. ബീഹാറിലെ ആചാരപ്രകാരം 'ലോക്‌ന' ചടങ്ങിന്റെ ഭാഗമായാണ് സഹോദരന്‍ വധുവിനോടൊപ്പം പോകേണ്ടിയിരുന്നത്. എന്നാല്‍ വാഹനത്തില്‍ സീറ്റ് ലഭിക്കാതെ വന്നതോടെ സൈക്കിളെടുത്ത് അവന്‍ പിന്നാലെ കൂടുകയായിരുന്നു. ഏകദേശം 70 കിലോമീറ്ററോളം ഇത്തരത്തില്‍ അവന്‍ യാത്ര ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റര്‍നെറ്റില്‍ ഉയരുന്നത്. സഹോദരന്റെ അചഞ്ചലമായ സ്‌നേഹത്തെ പലരും പുകഴ്ത്തുമ്പോള്‍ തന്നെ ഒരു ചെറിയ കുട്ടിക്ക് പോലും വാഹനത്തില്‍ ഇടം നല്‍കാത്ത വരന്റെ വീട്ടുകാരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശിക്കുന്നത്. 'ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു?', 'ഒരു സീറ്റ് പോലും ക്രമീകരിക്കാന്‍ കഴിയാത്തത് ലജ്ജാകരമാണ്' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ബീഹാറിലെ വിവാഹ ആചാരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ലോക്‌ന. വധുവിന്റെ സഹോദരനോ അടുത്ത ബന്ധുക്കളായ പുരുഷന്മാരോ വരന്റെ വീട്ടിലേക്ക് പോയി വിവാഹബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ചടങ്ങാണിത്. തിലകം ചാര്‍ത്തലും സമ്മാനങ്ങള്‍ കൈമാറലും ഇതിന്റെ ഭാഗമാണ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW