-->
തൃശൂര്‍: കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും കേരളത്തില്‍ തുടര്‍ഭരണം വേണ്ടെന്നും കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. പ്രതിപക്ഷത്തിരിക്കുക എന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായിക്കുമെന്നും കോണ്‍ഗ്രസ് ആണ് പത്ത് വര്‍ഷം ഭരിച്ചതെങ്കിലും താന്‍ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും പറഞ്ഞു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകള്‍ നില്‍ക്കുക എന്നത് പ്രധാനമാണ്. അതിന് പകരം ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജയം, തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തികമായ ലക്ഷ്യം. തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുവാന്‍ ജനാധിപത്യമാണ് ഉണ്ടാകേണ്ടത്. ഇന്ത്യ പോലെയൊരു ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ചുള്ള ഒരു സായുധവിപ്ലവം സാധ്യമല്ല. അതിനാല്‍ ജനാധിപത്യത്തെ എങ്ങനെ യഥാര്‍ത്ഥ ജനാധിപത്യമാക്കി മാറ്റാം എന്ന് ആലോചിക്കുന്നതാണ് സാധ്യമാകുക എന്നും സച്ചിദാനന്ദന്‍ പറഞ്ഞു. രാജ്യത്ത് ഭരണകൂട വിമര്‍ശനം എളുപ്പമല്ലാതായി എന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജനങ്ങളില്‍ ഭയം വേരൂന്നുന്നുണ്ട്. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമെല്ലാം ഭയമാണ്. ഇത് രാജ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നും അത്തരത്തിലുള്ള സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.