-->
സാമ്പത്തികമായി നന്നായിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇതിനായി എത്രമാത്രം പരിശ്രമിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ജോലി ചെയ്‌ത് അല്ലെങ്കില്‍ സ്വന്തം ബിസിനസിലൂടെ വരുമാനം ഉണ്ടാക്കിയത് കൊണ്ട് മാത്രം സാമ്പത്തികമായി മെച്ചമാകും എന്ന ധാരണ തെറ്റാണ്. ലഭിച്ച പണത്തിന്റെ ഉപയോഗം ഒരു പ്രധാന കാര്യമാണ്. ഒരു തുക ലഭിച്ചു കഴിഞ്ഞാല്‍ അത് വിനിയോഗിക്കേണ്ട രീതി അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം ഒരു ഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ സമ്പാദിച്ച തുക എവിടെ പോയി എന്ന് ഒരു ധാരണയും ഇല്ലാത്ത അവസ്‌ഥ ഉണ്ടാകും. ഇത് മിക്കവരിലും ഉണ്ടാകാന്‍ ഇടയുള്ള ഒരു സാഹചര്യമാണ്.
ഇപ്പോള്‍ കേരളത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ബജറ്റ് കഴിഞ്ഞിരിക്കുന്ന സമയമാണ്. എന്താണ് ഒരു രൂപയുടെ വരുമാനം ഉണ്ടായാല്‍ ചെയ്യേണ്ടത് എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട് ആണ് ബജറ്റില്‍ കണക്കാക്കാന്‍ സാധിക്കുന്നത്. അതോടൊപ്പം ഈ ചെലവഴിക്കേണ്ട തുക സമാഹരിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും വിശദമാക്കുന്നുണ്ട് ഈ റിപ്പോര്‍ട്ടില്‍. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായാണ് സര്‍ക്കാറുകള്‍ ബജറ്റ് അവതരിപ്പിക്കുകയും അതിനനുസരിച്ച് നടപടികള്‍ എല്ലാതലത്തിലും എടുക്കുകയും ചെയ്യുന്നത്.
ഇത് ഗവണ്‍മെന്റ് അല്ലെങ്കില്‍ ധനമന്ത്രി വളരെ വിശദമായ പഠനത്തിലൂടെ ചെയ്യുന്ന കാര്യമാണ്. ഇത്തരം ഒരു വിശദമായ വിശകലനം നമ്മുടെ ജീവിതത്തിലും ഉണ്ടായാല്‍ മാത്രമേ ശരിയായ സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തിലും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിന്റെ പ്രധാനകാരണം നമ്മുടെ പ്രധാന വരുമാനം പലപ്പോഴും എക്കാലവും ലഭിക്കുകയില്ല എന്ന കാര്യം മനസിലേക്ക് കൊണ്ടുവരിക എന്നതാണ്.
ജോലി ചെയ്യുന്ന സമയത്ത് ഈ വരുമാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെ കുറിച്ച് എല്ലാവരും വളരെ ആശങ്കപ്പെടുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഈ വരുമാനം എത്ര ഉയര്‍ത്തിയാലും ജോലിയില്‍നിന്നും വിരമിക്കുന്നതോടെ നിന്നുപോകും എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഓര്‍ത്ത് ഭൂരിഭാഗം പേരും പ്രത്യേകം നടപടികള്‍ ഒന്നും തന്നെ ജോലിയില്‍ പ്രവേശിച്ച് ഒരു 50 വയസ് വരെ സ്വീകരിക്കാറില്ല. സര്‍വീസ് കാലാവധി തീരാന്‍ ഏതാനും വര്‍ഷങ്ങള്‍ ഉള്ള സമയത്താവും ജോലിയില്‍നിന്ന് വിരമിച്ച് കഴിയുമ്പോള്‍ എന്ത് ചെയ്യണം എന്ന് ചിന്ത വരുന്നത്. തുടര്‍ന്ന് ഒരു കണക്കുകൂട്ടലും കിഴിക്കലും ഒക്കെയായി തുക സമാഹരിക്കാനുള്ള നെട്ടോട്ടമാകും.
ഈ സാഹചര്യം ഒഴിവാക്കാനായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റിനുള്ള പ്ലാന്‍ കൂടി തുടങ്ങി വയ്‌ക്കേണ്ടതുണ്ട്. സാമ്പത്തിക ക്ഷേമം ഉണ്ടാക്കിയെടുക്കുക എന്നത് ഒരു പ്രധാന കാര്യമാണ്. തുക സമാഹരിക്കുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങള്‍ യഥാസമയം നടത്തിയെടുക്കാനും സാമ്പത്തികമായി ഉണ്ടാകുന്ന തിരിച്ചടികളെ നേരിടുന്നതിന് ആവശ്യമായ കരുതല്‍ ധനം ഉണ്ടാക്കി വയ്‌ക്കുന്നതും പണം ശരിയായ രീതിയില്‍ യഥാസമയം പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്‌തി സാമ്പത്തികമായി സുരക്ഷിതമാണ് എന്ന് പറയാം ഈ ഒരു അവസ്‌ഥ ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാന കാര്യമാണ്. ജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ എല്ലാവര്‍ക്കും സാമ്പത്തിക സുരക്ഷിതത്വത്തില്‍ എത്താന്‍ ആകും. ജീവിതത്തിലെ വരവ് ചെലവുകള്‍ ശരിയായ രീതിയിലാണ് എന്നറിയാന്‍ ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാന കാര്യം. പ്രധാന ചെലവുകള്‍, ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രധാന ജീവിതലക്ഷ്യങ്ങള്‍, വരുമാനം വര്‍ധിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ചേര്‍ത്ത് നേരത്തെ ഒരു വിശദമായ സാമ്പത്തിക ആസൂത്രണം ചെയ്യുകയാണ് എങ്കില്‍ ഒരു മികച്ച കാഴ്‌ചപ്പാടോടുകൂടി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകും.
ഒരു ബജറ്റ് ഉണ്ടാകുന്നതോടൊപ്പം അത് പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന് പുനഃപരിശോധനയും അത്യാവശ്യമാണ്. എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക എന്നതാണ് മറ്റൊരു കാര്യം ആകസ്‌മികമായി ഉണ്ടാകുന്ന സാമ്പത്തിക കാര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അല്ലാത്തപക്ഷം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയാകും.
മൂന്നുമാസം മുതല്‍ ആറുമാസം വരെ ജീവിത ചെലവുകള്‍ക്ക് ആവശ്യമായ തുക കരുതല്‍ ധനമായി ഉണ്ടായിരിക്കണം. സാമ്പത്തിക കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനും നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ അറിവ് ഇല്ലായെങ്കില്‍ ഒരു സാമ്പത്തിക വിദഗ്‌ധന്റെ സഹായത്തോടെ കാര്യങ്ങള്‍ ക്രമപ്പെടുത്തുക. റിട്ടയര്‍മെന്റിന് ശേഷം വരുമാനം ഇല്ലാത്ത സാഹചര്യമായതുകൊണ്ട് ഈ ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി നേരത്തെ തുക സമാഹരിക്കുക. ഇത് കൂടുതല്‍ ആത്‌മവിശ്വാസം ഉണ്ടാകാന്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ പ്രധാന കാര്യമാണ് ബാധ്യതകളുടെ തിരിച്ചടവ് പരമാവധി ബാധ്യതകള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതാണ് ഉചിതം.
കൃത്യമായ തിരിച്ചടവില്ലാതെ വന്നാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം ഇത് തുടര്‍ന്നുള്ള വായ്‌പ ലഭിക്കാനുള്ള സാധ്യത കുറയ്‌ക്കും. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോറുകളെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കണം അതുപോലെ തന്നെ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കുകയും വേണം.
അനിയന്ത്രിതമായ വിനിയോഗം സാമ്പത്തിക നിലയെ കാര്യമായി ബാധിക്കും. അച്ചടക്കത്തോടെ നിക്ഷേപങ്ങള്‍ തുടരുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. എന്നാല്‍ മാത്രമേ ഉദേശിച്ച രീതിയില്‍ ജീവിത ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കാനാകൂ.
ജിബിന്‍ ജോണ്‍