Wednesday, March 11, 2026 Last Updated 51 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.39 PM

എഴുനൂറ്‌ കടന്ന്‌ കറുത്തപൊന്ന്‌; ഇരുനൂറ്‌ കടന്ന്‌ റബര്‍

അന്തര്‍സംസ്‌ഥാന കച്ചവടക്കാര്‍ തിരക്കിട്ട്‌ വാങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വാരം കുരുമുളക്‌ കിലോ എഴുന്നൂറ്‌ രൂപ കടന്നു. കഴിഞ്ഞ വാരം കുരുമുളക്‌ വിറ്റ കര്‍ഷകര്‍ക്ക്‌ കിലോക്ക്‌ ഒമ്പത്‌ രൂപ ലാഭം കിട്ടി. വില അനുദിനം കൂടാന്‍ തുടങ്ങിയതോടെ വില വീണ്ടും കൂടുമെന്ന പ്രതീക്ഷയില്‍ വന്‍കിട കര്‍ഷകരും കച്ചവടക്കാരും കുരുമുളക്‌ വില്‍ക്കാതെ പിടിച്ചുവയ്‌ക്കാന്‍ തുടങ്ങി.
സീസണ്‍ തുടങ്ങിയിട്ടും പുതിയ മുളകിന്റെ വരവ്‌ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത്‌ വരുന്നില്ലന്നാണ്‌ കയറ്റുമതിക്കാര്‍ പറയുന്നത്‌. അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ മസാല കമ്പനികള്‍ക്കു വേണ്ടി മുന്‍കൂട്ടി നിശ്‌ചയിച്ച ചരക്ക്‌ എത്തിക്കാന്‍ കഴിയാതെ വന്നതോടെ അന്തര്‍സംസ്‌ഥാന കച്ചവടക്കാരുടെ വാങ്ങാലാണ്‌ കുരുമുളകിന്‌ തുണയായത്‌. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കഴിഞ്ഞ വാരം 226 ടണ്‍ കുരുമുളക്‌ വില്‍പ്പനയ്‌ക്കെത്തി. മുന്‍ വാരത്തെ അപേക്ഷിച്ച്‌ പതിനാറ്‌ ടണ്‍ കൂടുതല്‍.
ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലേക്ക്‌ കരാറാക്കിയവരും കഴിഞ്ഞ വാരം വാങ്ങല്‍ കാരായി വിപണിയില്‍ എത്തിയിരുന്നു. കുരുമുളകിന്റെ ഉയര്‍ന്നിരിക്കെ ഉത്തരേന്ത്യയില്‍നിന്ന്‌ കുരുമുളകിന്‌ നല്ല ഡിമാന്‍ഡാണ്‌. ആവശ്യക്കാര്‍ക്ക്‌ കുരുമുളകിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കെ വരുംദിവസങ്ങളില്‍ വില കൂടുമെന്നാണ്‌ കര്‍ഷകരും കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്‌.
വില കൂടുന്നത്‌ കണ്ട്‌ തമിഴ്‌നാട്ടിലെ വ്യാപാരികളും, എക്‌സ്‌പോര്‍ട്ട്‌ ഓറിയന്റല്‍ യൂണിറ്റുകളുടെ സഹോദര സ്‌ഥാപനങ്ങളും കഴിഞ്ഞ വാരം കുരുമുളകിനായി വിപണിയിലുണ്ടായിരുന്നു. രൊക്കം പണം കൊടുക്കാതെ കടമായി വാങ്ങാനാണ്‌ ഇവരുടെ നീക്കം. മാര്‍ക്കറ്റ്‌ വിലയെക്കാള്‍ കിലോ ഇരുപത്‌ രൂപ കൂടുതല്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ ഒരു മാസത്തെ അവധിക്കാണ്‌ ഇവര്‍ കുരുമുളക്‌ ആവശ്യപ്പെടുന്നത്‌. ഉയര്‍ന്നവില കിട്ടുമെന്നു കണ്ട്‌ വന്‍കിട കര്‍ഷകരും ഇടനിലക്കാരും കടമായി കച്ചവടം നടത്താറുണ്ട്‌.
ചില സന്ദര്‍ഭങ്ങളില്‍ കടം വാങ്ങിയ കയറ്റുമതിക്കാര്‍, വ്യാപാരികള്‍ എന്നിവരെ പിന്നീട്‌ കാണാതായ സംഭവവും വിപണിയിലുണ്ട്‌.
കുരുമുളകിന്റെ ലഭ്യത കുറഞ്ഞിരിക്കെ വരും ദിവസങ്ങളിലും അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ വില ഉയര്‍ത്തി വാങ്ങുമെന്നാണ്‌ വ്യാപാര സമൂഹം പറയുന്നത്‌. വാരാന്ത്യ വില കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ഡ്‌ കിലോ 702 രൂപ, പുതിയ മുളക്‌ 692 രൂപ, ഗാര്‍ബിള്‍ഡ്‌ മുളക്‌ 722 രൂപ. കയറ്റുമതി നിരക്ക്‌ ഒരു ടണ്ണിന്‌ ഇന്ത്യ 8.000 ഡോളര്‍, ശ്രീലങ്ക 7, 200,ഇന്തോനീഷ്യ 7,000, വിയറ്റ്‌നാം 6,800 ബ്രസീല്‍ 6, 200 ഡോളര്‍. ആവശ്യത്തിന്‌ ഷീറ്റ്‌ കിട്ടാതെ വന്നതോടെ ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തിയത്‌ കഴിഞ്ഞ വാരം റബര്‍ വിറ്റ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. കിലോ മൂന്ന്‌ രൂപ വീതം വില ഉയര്‍ത്തിയാണ്‌ ടയര്‍ കമ്പനികള്‍ ഷീറ്റ്‌ വാങ്ങിയത്‌. ഉത്‌പാദനം കുറഞ്ഞതോടെ സംസ്‌ഥാനത്ത്‌ റബറിന്‌ ക്ഷാമം തുടങ്ങി. ഇല കൊഴിച്ചിലിനുശേഷം പുതിയ ഇലകള്‍ കിളിര്‍ത്തുതുടങ്ങി. ഇല ഇനി മൂപ്പെത്തുന്നത്‌ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ്‌ ഈ കാലയളവില്‍ ഉണ്ടാകുന്ന വേനല്‍ മഴ ഉത്‌പാദനത്തിന്‌ അനുകൂലമാണ്‌.
ജൂണ്‍ മാസത്തില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ ടാപ്പിംഗ്‌ സാധാരണ നിലയിലെത്തു മെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. വില്‍പ്പനയ്‌ക്ക്‌ റബര്‍ വരവ്‌ കുറഞ്ഞിരിക്കെ റബര്‍ കിലോക്ക്‌ 210 രൂപ കടക്കുമെന്നാണ്‌ കര്‍ഷകരുടെ പ്രതീക്ഷ.
രാജ്യാന്തര തലത്തില്‍ ഇന്ത്യയിലാണ്‌ ഇപ്പോള്‍ തയാര്‍ നിരക്കില്‍ റബറിന്‌ ഉയര്‍ന്ന വില. ബാങ്കോക്കില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോ വാരാന്ത്യ വില 197 രൂപ . കൊച്ചിയില്‍ 207 രൂപ .ആര്‍ എസ്സ്‌ എസ്സ്‌. അഞ്ച്‌ കിലോ 204 രൂപ. ചൈനയുടെ അവധി വില മാര്‍ച്ചില്‍ 211 രൂപയാണ്‌ വാരാന്ത്യം നിശ്‌ചയിച്ചത്‌. ടോക്കിയോ അവധി വില 189 ആയി കുറച്ചു.
കഴിഞ്ഞ വാരം സ്വര്‍ണം രാജ്യാന്തരവില ഉയര്‍ന്നും ആഭ്യന്തരവില കുറഞ്ഞുമാണ്‌ വ്യാപാരം നടന്നത്‌. രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ്‌ ആഭ്യന്തര വില കുറഞ്ഞത്‌.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31,1, ഗ്രാം)72 ഡോളര്‍ കൂടിയപ്പോള്‍ ആഭ്യന്തര വില പവന്‌ 3,020 രൂപ കുറഞ്ഞു. നിക്ഷേപകര്‍ ലാഭമെടുപ്പ്‌ തുടങ്ങിയതാണ്‌ രാജ്യാന്തര വില ഇടിച്ചത്‌. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ 4,967 ഡോളര്‍, ആഭ്യന്തര വില പവന്‌ 1,14,840 രൂപ. വിനിമയ നിരക്കില്‍ രൂപയ്‌ക്ക്‌ കഴിഞ്ഞ വാരം ഒരു രൂപ ഒമ്പത്‌ പൈസ നേട്ടം.രൂപ 91.64 ല്‍നിന്ന്‌ 90.55 ആയി മെച്ചപ്പെട്ടു. ഡിമാന്‍ഡ്‌ കുറഞ്ഞതോടെ സംസ്‌ഥാനത്ത്‌ വെളിച്ചെണ്ണ വില കുറഞ്ഞു. കൊച്ചിയിലും തൃശൂരിലും ലിറ്ററിന്‌ രണ്ട്‌ രൂപ വീതം വില കുറഞ്ഞു. കോഴിക്കോട്‌ ഒരു രൂപ വില കുറഞ്ഞു. തമിഴ്‌നാട്ടിലെ കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ലിറ്ററിന്‌ അഞ്ച്‌ രൂപ വില കൂടി
കൊച്ചിയില്‍ കൊപ്ര കിലോ രണ്ട്‌ രൂപ വില കൂടിയപ്പോള്‍ തൃശൂരില്‍ രണ്ട്‌ രൂപയും കോഴിക്കോട്‌ ഒരു രൂപയും വില കുറഞ്ഞു. കാങ്കയം മാര്‍ക്കറ്റില്‍ മൂന്ന്‌ രൂപ വില കൂടി. കൊച്ചി വെളിച്ചെണ്ണ മില്ലിംഗ്‌ ലിറ്ററിന്‌ 305 രൂപ. തയാര്‍ 300 രൂപ. കൊ പ്രതെളിവ്‌ കിലോ 187 രൂപ ഓടെ 185 രൂപ.
തൃശൂര്‍ വെളിച്ചെണ്ണ 305 രൂപ. കൊ പ്ര191 രൂപ. കോഴിക്കോട്‌ വെളിച്ചെണ്ണ 323 രൂപ കൊ പ്ര193 രൂപ. കാങ്കയം വെളിച്ചെണ്ണ 233 രൂപ. കൊപ്ര 180 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 27,000 ലിറ്റര്‍ വെളിച്ചെണ്ണ മൊത്ത വ്യാപാര വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തി.
കഴിഞ്ഞ ഒന്നര മാസത്തെ ഇടവേളയ്‌ക്കുശേഷം കയറ്റുമതി ഇനത്തില്‍പ്പെട്ട ഇലത്തേയില കിലോ മൂന്ന്‌ രൂപ വില കുറച്ചാണ്‌ കയറ്റുമതിക്കാര്‍ വാങ്ങിയത്‌.
ഗള്‍ഫ്‌ ഡിമാന്‍ഡ്‌ കുറഞ്ഞതാണ്‌ കയറ്റുമതിക്കാര്‍ വിലകുറച്ചത്‌. പൊടിത്തേയില വിലയില്‍ മാറ്റമില്ലാതെയാണ്‌ ലേലം നടന്നത്‌. വില്‍പ്പനയ്‌ക്ക്‌ തേയില വരവ്‌ കുറവായിരുന്നു. ഇലത്തേയില 1,91000 കിലോയും പൊടിത്തേയില 5,83,600 കിലോയും ലേലത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

Ads by Google
Sunday 08 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW