Thursday, March 12, 2026 Last Updated 41 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 PM

വീണ്ടും ചാന്ദ്രയാത്രയ്‌ക്ക് ഒരുങ്ങുമ്പോള്‍

uploads/news/2026/02/824599/ed.jpg

ബഹിരാകാശ ആരാധകര്‍ 50 വര്‍ഷത്തിലേറെയായി കാത്തിരിക്കുന്ന നിമിഷം അടുത്തെത്തി. യു.എസ്‌. ബഹിരാകാശ ഏജന്‍സിയായ നാസ ആര്‍ട്ടെമിസ്‌ 2 ദൗത്യത്തിന്റെ അവസാനഘട്ടത്തിലാണ്‌. ദിവസങ്ങള്‍ക്കുള്ളില്‍ നാലു ബഹിരാകാശ സഞ്ചാരികളുമായി നാസയുടെ റോക്കറ്റ്‌ ബഹിരാകാശത്തേക്ക്‌ കുതിച്ചുയരും.
ഈ ദൗത്യം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നില്ല. പക്ഷേ, വീണ്ടും ചന്ദ്രനിലും ചൊവ്വയിലുമൊക്കെ മനുഷ്യരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ അത്‌ ഊര്‍ജം പകരും.
അടുത്ത മാസം ആര്‍ട്ടെമിസ്‌ 2 വിക്ഷേപിക്കുമെന്നാണു പ്രതീക്ഷ. ബഹിരാകാശ യാത്രയില്‍ പുതുപരീക്ഷണങ്ങള്‍ക്കുള്ള വേദിയാണ്‌ ആര്‍ട്ടെമിസ്‌ ദൗത്യം. ഈ ദൗത്യം ഒരു 'ഫ്രീറിട്ടേണ്‍ ട്രാജക്‌ടറി' പിന്തുടരുന്നു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ചാകും ഭൂമിയിലേക്കുള്ള യാത്ര. ഭൂമിയില്‍ മടങ്ങിയെത്തുമ്പോഴേക്കും ഏകദേശം 10,300 കിലോമീറ്റര്‍ ആര്‍ട്ടെമിസ്‌ 2 യാത്രികര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. ഇതു മനുഷ്യര്‍ ഭൂമിയില്‍നിന്ന്‌ യാത്ര ചെയ്യുന്ന ഏറ്റവും കൂടിയ ദൂരത്തിന്റെ റെക്കോഡ്‌ സ്‌ഥാപിക്കും, അപ്പോളോ 13 ന്റെ റെക്കോഡിനെ മറികടക്കുമെന്നര്‍ഥം.
ഭൂമിക്കു പുറത്തുള്ള ലോകം മനുഷ്യന്‌ അത്ര സുരക്ഷിതമല്ലെന്നു വ്യക്‌തം. ഭൂമിയുടെ സംരക്ഷണ വലയം വിട്ട്‌ പുറത്തുകടക്കുമ്പോള്‍, ഉയര്‍ന്ന ഊര്‍ജമുള്ള ബഹിരാകാശ വികിരണങ്ങള്‍ക്ക്‌ യാത്രികര്‍ വിധേയരാകും. 10 ദിവസത്തെ കാലയളവില്‍ ബഹിരാകാശ വികിരണങ്ങള്‍, മൈക്രോഗ്രാവിറ്റി (സൂക്ഷ്‌മ ഗുരുത്വാകര്‍ഷണം), ഒറ്റപ്പെടല്‍ എന്നിവ മനുഷ്യ ജീവശാസ്‌ത്രത്തെയും മനശാസ്‌ത്രത്തെയും എങ്ങനെ ബാധിക്കുന്നു എന്നും ഈ ദൗത്യം പഠിക്കും.
ഇത്തവണത്തെ യാത്രികരില്‍ പലരും റെക്കോഡുകളുമായാകും മടങ്ങുക. യാത്രാ സംഘത്തില്‍ വിക്‌ടര്‍ ഗേ്ലാവര്‍ ഭൂമിയുടെ ഭ്രമണപഥം വിടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കും. ക്രിസ്‌റ്റീന കോക്ക്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ വനിതയാകും. ജെറെമി ഹാന്‍സെന്‍ ഭൂമിയുടെ ഭ്രമണപഥം മറികടക്കുന്ന ആദ്യ കനേഡിയന്‍ പൗരനാകും.
ഈ ദൗത്യം ചന്ദ്രനെക്കുറിച്ച്‌ മാത്രമല്ല, 2030കളില്‍ മനുഷ്യരെ ചൊവ്വയിലേക്ക്‌ എത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ആവശ്യമായ ചുവടുവയ്‌പ്പുകൂടിയാണ്‌.
ലൈഫ്‌ സപ്പോര്‍ട്ട്‌ സംവിധാനങ്ങള്‍, നാവിഗേഷന്‍, ആശയവിനിമയം, ബഹിരാകാശത്തിന്റെ കഠിനമായ സാഹചര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷ എന്നിവ ഈ ദൗത്യം പരീക്ഷിക്കും. ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുന്നതിന്‌ മുമ്പുള്ള നിര്‍ണായക പരീക്ഷണമാണിത്‌. ആര്‍ട്ടെമിസ്‌ 2 ദൗത്യം വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യര്‍ ചന്ദ്രനിലിറങ്ങും. അതുകൂടി വിജയിച്ചാല്‍ ഭാവിയിലെ ചാന്ദ്ര യാത്രകള്‍ക്കും ദീര്‍ഘകാല ദൗത്യങ്ങള്‍ക്കും അനുമതി ലഭിക്കും.
യഥാര്‍ഥത്തില്‍ നാസയ്‌ക്ക് ചന്ദ്രന്‍ ഒരു പരീക്ഷണശാലയാണ്‌. ആര്‍ട്ടെമിസ്‌ 2 ആ പഠനത്തിനു നാസയെ സഹായിക്കുന്നു. ആര്‍ട്ടെമിസ്‌ നാസയുടെ മാത്രം ദൗത്യമല്ല; ഇത്‌ ലോക പങ്കാളികളെയും സ്വകാര്യ കമ്പനികളെയും ഉള്‍ക്കൊള്ളുന്നു. സഹകരണ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവിയും ആ ദൗത്യത്തിലുണ്ട്‌.
മനുഷ്യര്‍ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകാന്‍ തയാറാണെന്ന്‌ ആര്‍ട്ടെമിസ്‌ 2 തെളിയിക്കുന്നു. ചരിത്രപരമായ വിക്ഷേപണത്തിനായുള്ള കൗണ്ട്‌ഡൗണ്‍ നടത്തുമ്പോഴും മുന്നിലുള്ള ഭീഷണികളെക്കുറിച്ചു വിദഗ്‌ധര്‍ക്കു നല്ല ബോധ്യമുണ്ട്‌. നാസ മുമ്പ്‌ മനുഷ്യനില്ലാത്ത ആര്‍ട്ടെമിസ്‌ 1 വിക്ഷേപണത്തിലൂടെ ദൗത്യം സാധ്യമാണെന്നു തെളിയിച്ചിട്ടുണ്ട്‌. നീല്‍ ആംസ്‌ട്രോങ്‌ അടക്കമുള്ള ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുമുണ്ട്‌. പക്ഷേ, അതൊന്നും ഭീഷണികള്‍ ഇല്ലാതാക്കുന്നില്ല.
യാത്രികരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി, ആര്‍ട്ടെമിസ്‌ 2 ദൗത്യത്തിന്റെ ഏത്‌ ഘട്ടത്തിലും രക്ഷപ്പെടാനും രക്ഷിക്കാനുമുള്ള നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വിക്ഷേപണത്തിന്‌ മുമ്പ്‌, നാസ ഒന്നോ അതിലധികമോ 'വെറ്റ്‌ ഡ്രസ്‌ റിഹേഴ്‌സലുകള്‍' നടത്തും, ഇതില്‍ റോക്കറ്റില്‍ സുരക്ഷിതമായി ഇന്ധനം നിറയ്‌ക്കുകയും ഒഴിവാക്കുകയും ചെയ്യും.എന്നിരുന്നാലും, ആര്‍ട്ടെമിസ്‌ 2 വിക്ഷേപിക്കാന്‍ തയാറെടുക്കുമ്പോള്‍ പ്ര?പ്പല്ലന്റ്‌ ലീക്ക്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
തീ, പ്ര?പ്പല്ലന്റ്‌ ലീക്ക്‌, ഘടനാപരമായ തകരാര്‍, അല്ലെങ്കില്‍ പ്രധാന സംവിധാനങ്ങളുടെ തകരാര്‍ എന്നിവയാണ്‌ അപകടസാധ്യതകളെന്നു നാസ പറയുന്നു. ആ ഭീഷണി മറികടക്കുകയാണെങ്കില്‍ മനുഷ്യരാശിക്കു മുന്നില്‍ പുതിയ സാധ്യതയാകും തെളിയുക. നാസയ്‌ക്കു പിന്നാലെ റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും ചന്ദ്രനെയും ചൊവ്വയെയും ലക്ഷ്യമിടാന്‍ തുടങ്ങും.

Ads by Google
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW