Thursday, March 12, 2026 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 PM

ബംഗ്ലാദേശ്‌ ബൂത്തിലേക്ക്‌ നീങ്ങുമ്പോള്‍...

രണ്ട്‌ വര്‍ഷം കൊണ്ട്‌ ബംഗ്ലാദേശ്‌ ഏറെ മാറിക്കഴിഞ്ഞു. ആ മാറ്റത്തിന്റെ വിധിയെഴുത്തിന്‌ ഇനി ദിവസങ്ങള്‍ മാത്രം. 2024ല്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിനു ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ തെരഞ്ഞെടുപ്പ്‌ 12നു നടക്കും. ബംഗ്ലാദേശ്‌ പാര്‍ലമെന്റായ ജാതിയ സന്‍സദിലെ 350 സീറ്റുകളിലേക്കാണു മത്സരം. ഏകദേശം 12.7 കോടി വോട്ടര്‍മാരാകൃം സമ്മതിദാനാവകാശം വിനിയോഗിക്കുക.
2024 ഓഗസ്‌റ്റില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണു ഷെയ്‌ഖ് ഹസീന പുറത്തായത്‌. ഇപ്പോള്‍ രാജ്യത്തെ നയിക്കുന്നത്‌ നോേബല്‍ പുരസ്‌കാര ജേതാവ്‌ മുഹമ്മദ്‌ യൂനുസ്‌ നയിക്കുന്ന കാവല്‍ സര്‍ക്കാരാണ്‌. ഹസീനയ്‌ക്ക് ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു. അവര്‍ ഇന്ത്യയില്‍ പ്രവാസിയായി തുടരുകയാണ്‌. അവരുടെ അവാമി ലീഗ്‌ പാര്‍ട്ടിക്ക്‌ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയില്ല.
തെരഞ്ഞെടുപ്പിന്‌ പുറമേ, ദേശീയ ചാര്‍ട്ടറിനെക്കുറിച്ചുള്ള ഹിതപരിശോധനയും ഉണ്ടാകും. ബംഗ്ലാദേശിന്റെ ഭാവിയില്‍ നിര്‍ണായമാകും ആ ഹിത പരിശോധന.
തെരഞ്ഞെടുപ്പിലെ പ്രധാന ശക്‌തികളിലൊന്നു ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ് പാര്‍ട്ടി (ബി.എന്‍.പി)ആണ്‌. അവര്‍ 10 പാര്‍ട്ടികളുടെ മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നു. ജമാഅത്തെ ഇസ്ലാമി(ജെ.ഐ.ബി)യുടേതാണു അടുത്ത മുന്നണി. അവര്‍ അവര്‍ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള 11 പാര്‍ട്ടികള്‍ അടങ്ങുന്ന മുന്നണിക്കു നേതൃത്വം നല്‍കുന്നു. 2024ല്‍ ഹസീന വിരുദ്ധ പ്രസ്‌ഥാനത്തിന്‌ നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ രൂപീകരിച്ച ഗ്രൂപ്പാണ്‌ നാഷണല്‍ സിറ്റിസണ്‍സ്‌ പാര്‍ട്ടി(എന്‍.സി.പി). ജെ.ഐ.ബി. നയിക്കുന്ന മുന്നണിയില്‍നിന്ന്‌ പിന്മാറിയ ഇസ്ലാമി അന്‍ദോലന്‍ ബംഗ്ലാദേശ്‌, ഹസീനയുടെ അവാമി ലീഗിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന ജാതിയ പാര്‍ട്ടി എന്നിവ സ്വതന്ത്രമായി മത്സരിക്കുന്നു.
ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ് പാര്‍ട്ടി (ബി.എന്‍.പി.)

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ്‌ റഹ്‌മാന്‍ നയിക്കുന്ന ബി.എന്‍.പിയാണു പരമ്പരാഗത കക്ഷികളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന പാര്‍ട്ടി. 1978ല്‍ താരിഖിന്റെ പിതാവും 1971ല്‍ പാകിസ്‌താനെതിരായ സ്വാതന്ത്ര്യപോരാട്ടത്തിലെ പ്രമുഖ സൈനിക വ്യക്‌തികളില്‍ ഒരാളുമായ സിയാവുര്‍ റഹ്‌മാനാണ്‌ ആ പാര്‍ട്ടി സ്‌ഥാപിച്ചത്‌. ബംഗ്ലാദേശ്‌ ദേശീയതയാണ്‌ അവരുടെ ആയുധം. എല്ലാ വിഭാഗത്തില്‍പ്പെട്ട ബംഗ്ലാദേശുകാരുടെയും വംശം, ലിംഗഭേദം, വര്‍ഗം എന്നിവ പരിഗണിക്കാതെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ്‌ അവരുടെ വാഗ്‌ദാനം. കേന്ദ്രവലതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍, ബി.എന്‍.പി പതിറ്റാണ്ടുകളായി രാജ്യത്തെ ജനകീയ രാഷ്‌ട്രീയ ശക്‌തിയാണ്‌.
സിയാവുര്‍ റഹ്‌മാന്റെ വധത്തെത്തുടര്‍ന്നു നാല്‌ പതിറ്റാണ്ടോളം, അദ്ദേഹത്തിന്റെ ഭാര്യയും താരിഖിന്റെ അമ്മയുമായ ഖാലിദ സിയ പാര്‍ട്ടിയെ നയിച്ചു. ഖാലിദ 1991 മുതല്‍ 1996 വരെയും പിന്നീട്‌ 2001 മുതല്‍ 2006 വരെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. ആ കാലയളവില്‍, ഹസീനയുടെ അവാമി ലീഗിനെതിരേ പോരാടാന്‍ ബി.എന്‍.പിയുമായി ജമാഅത്ത്‌ സഖ്യത്തിലായിരുന്നു.
2009ല്‍ ഹസീന അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ (അവര്‍ 1996 മുതല്‍ 2001 വരെയും ഭരിച്ചിരുന്നു), ബി.എന്‍.പിക്ക്‌ അവരുടെ സര്‍ക്കാരില്‍നിന്ന്‌ അഴിമതി കേസുകളില്‍ നടപടികള്‍ നേരിടേണ്ടി വന്നു, 2018ല്‍ ഖാലിദയെ രണ്ട്‌ അിെമതി കേസുകളില്‍ വീട്ടുതടങ്കലിലാക്കി. 2024ല്‍ ഹസീനയുടെ പുറത്താകലോടെ എല്ലാ കുറ്റങ്ങളില്‍നിന്നും അവരെ മോചിതയാക്കി.
2024ല്‍ ഹസീനയെ പുറത്താക്കിയതിന്‌ ശേഷം, ബി.എന്‍.പി രാഷ്‌ട്രീയ മുന്നേറ്റമായി വീണ്ടും ഉയര്‍ന്നുവന്നു.
60 വയസുള്ള താരിഖ്‌ 2008 മുതല്‍ ലണ്ടനിലായിരുന്നു താമസം. അമ്മ ഖാലിദയുടെ മരണശേഷം ബി.എന്‍.പി നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം ധാക്കയില്‍ തിരിച്ചെത്തി.
മുസ്ലീംകള്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രിസ്‌ത്യാനികള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ഒരുമിപ്പിക്കാനും സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതുമായ ഒരു രാഷ്‌ട്രം സൃഷ്‌ടിക്കാന്‍ അദ്ദേഹം രാജ്യത്തോട്‌ ആഹ്വാനം ചെയ്‌തു.

ജമാഅത്തെ ഇസ്ലാമി

1941ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സയ്യിദ്‌ അബുല്‍ അല മൗദൂദിയാണ്‌ ഈ പാര്‍ട്ടി സ്‌ഥാപിച്ചത്‌. 1971ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിനിടയില്‍, ജമാഅത്ത്‌ പാകിസ്‌താനില്‍ തുടരുന്നതിനെ പിന്തുണച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‌ ശേഷം അവര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി.
എന്നാല്‍ 1979ല്‍, അന്നത്തെ പ്രസിഡന്റായിരുന്ന ബി.എന്‍.പി സ്‌ഥാപകന്‍ സിയാവുര്‍ റഹ്‌മാന്‍ ഈ വിലക്ക്‌ നീക്കി. സിയാവുര്‍ റഹ്‌മാനും 1981ല്‍ കൊല്ലപ്പെട്ടു.
അടുത്ത രണ്ട്‌ പതിറ്റാണ്ടുകളില്‍, ജമാഅത്ത്‌ ഒരു പ്രധാന രാഷ്‌ട്രീയ ശക്‌തിയായി വികസിച്ചു. 1991ലും 2001ലും ബി.എന്‍.പി. നയിച്ച മുന്നണിക്ക്‌ അവര്‍ പിന്തുണ നല്‍കി. ഹസീന അധികാരത്തിലിരുന്നപ്പോള്‍, അഞ്ച്‌ ഉന്നത ജമാഅത്ത്‌ നേതാക്കള്‍ തൂക്കിലേറ്റപ്പെട്ടു, മറ്റുള്ളവര്‍ 1971ലെ സ്വാതന്ത്ര്യ സമരത്തിലെ കുറ്റങ്ങള്‍ക്ക്‌ ജയിലിലായി. 2013ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ പാര്‍ട്ടിക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി.
2025 ജൂണില്‍, രാജ്യത്തിന്റെ സുപ്രീം കോടതി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പുനഃസ്‌ഥാപിച്ചു. ഷഫീഖുര്‍ റഹ്‌മാന്‍(67) ആണു പാര്‍ട്ടിയെ നയിക്കുന്നത്‌. ഭൂതകാലത്തിന്റെ ദുഷിച്ച രാഷ്‌ട്രീയത്തെ കുഴിച്ചുമൂടാനുള്ള തെരഞ്ഞെടുപ്പാണിതെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. ബംഗ്ലാദേശില്‍ ജെ.ഐ.ബി. ഇസ്ലാമിക നിയമം കൊണ്ടുവരുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്‌.
കഴിഞ്ഞ ഡിസംബറില്‍, 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ നേതാക്കള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ്‌ പാര്‍ട്ടിയുമായും 1971ലെ യുദ്ധ വീരനായ ഓലി അഹ്‌മദ്‌ നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുമായും അവര്‍ സഖ്യത്തിലാണ്‌.
ചരിത്രത്തില്‍ ആദ്യമായി, ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി, ജമാഅത്ത്‌ ഖുല്‍നയില്‍നിന്ന്‌ ഒരു ഹിന്ദു സ്‌ഥാനാര്‍ത്ഥി(കൃഷ്‌ണ നന്ദി)യെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ബി.എന്‍.പി. കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പാര്‍ട്ടി ജെ.ഐ.ബി ആകുമെന്നാണു സൂചന.
നാഷണല്‍ സിറ്റിസണ്‍സ്‌ പാര്‍ട്ടി (എന്‍.സി.പി.)

ജമാഅത്തിന്റെ സഖ്യകക്ഷികളില്‍ പ്രധാനിയാണ്‌ എന്‍.സി.പി, 2025 ഫെബ്രുവരിയിലാണു രൂപീകൃതമായത്‌. 2024 ജൂലൈയിലെ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളാണ്‌ ആ പാര്‍ട്ടിക്കു പിന്നില്‍.
27 വയസ്സുള്ള നഹിദ്‌ ഇസ്ലാം നയിക്കുന്ന എന്‍.സി.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ 'അഴിമതി രഹിത ഭരണം' ഉറപ്പാക്കുക, രാജ്യത്തെ ഏകീകരിക്കുക എന്നിവയാണ്‌. പത്രസ്വാതന്ത്ര്യം നിലനിര്‍ത്തുക, പാര്‍ലമെന്റില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, അയല്‍ രാജ്യങ്ങളായ ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണു പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍.
എന്നാല്‍, സ്വന്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ ഫണ്ടില്ലെന്ന്‌ അവര്‍ പറയുന്നു. അതിനാലാണു ജമാഅത്തുമായി സഖ്യമുണ്ടാക്കിയതെന്നാണു വിശദീകരണം. ആ നീക്കം ബംഗ്ലാദേശിലെ ചിലര്‍ക്ക്‌ സ്വീകാര്യമല്ല. ഇത്‌ എന്‍.സി.പിയില്‍നിന്നു നിരവധിപ്പേര്‍ രാജിവയ്‌ക്കാന്‍ കാരണമായി. ജമാഅത്തിന്റെ രാഷ്‌ട്രീയ ചരിത്രവും 1971ലെ ബംഗ്ലാദേശ്‌ സ്വാതന്ത്ര്യത്തിനെതിരായ കാഴ്‌ചപ്പാടുകളും എന്‍.സി.പി.യുടെ മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമാണെണെന്നാണു വിമതരുടെ നിലപാട്‌. സഖ്യത്തിലൂടെ, 30 സീറ്റുകള്‍ മാത്രമാണു പാര്‍ട്ടിക്കു മത്സരിക്കാന്‍ ലഭിച്ചത്‌.
മറ്റ്‌ സ്വാധീനങ്ങള്‍

പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പുറമേ, ഇടക്കാല സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന മുഹമ്മദ്‌ യൂനുസും, സൈനിക മേധാവി ജനറല്‍ വാകെര്‍ഉസ്സമാനും ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്ന വ്യക്‌തികളാണ്‌.ഹസീനയെ പുറത്താക്കിയതിന്‌ ശേഷം സര്‍ക്കാരിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട യൂനുസ്‌, മുഖ്യ ഉപദേശകന്‍ എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്‌.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍, യൂനുസ്‌ ഹിതപരിശോധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഹസീനയെ പുറത്താക്കിയതിന്‌ ശേഷം, യൂനുസ്‌ 2025ല്‍ ഭരണത്തില്‍ ഭേദഗതി വരുത്താനായി ഭരണഘടന പരിഷ്‌കരണ കമ്മിഷന്‍ ( രൂപീകരിച്ചു. കമ്മിഷന്‍ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പുറമേ, അഴിമതി വിരുദ്ധ സംവിധാനം, തെരഞ്ഞെടുപ്പ്‌ പരിഷ്‌കരണങ്ങള്‍, പോലീസ്‌ പാലിക്കേണ്ട പുതിയ നിയമങ്ങള്‍ എന്നിവ നിര്‍ദേശിച്ചു. ജൂലൈ ചാര്‍ട്ടര്‍ ആ പ്രവര്‍ത്തനങ്ങളുടെ സമാഹരണമാണ്‌. അവയാണു ഹിതപരിശോധന നേരിടുന്നത്‌.
ജനറല്‍ സമാനും തെരഞ്ഞെടുപ്പിലെ പ്രധാന സ്വാധീന ശക്‌തിയാണ്‌. 1975ല്‍ ബംഗ്ലാദേശിന്റെ സ്‌ഥാപക നേതാവും അന്നത്തെ പ്രസിഡന്റുമായിരുന്ന ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്റെ കൊലപാതകത്തിന്‌ ശേഷം, രാജ്യം അട്ടിമറി, പ്രതിഅട്ടിമറി, സൈനിക ഭരണം എന്നിവ അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിലേക്ക്‌ പ്രവേശിച്ചു.
നിലവില്‍, സൈന്യം തെരഞ്ഞെടുപ്പ്‌ ശക്‌തിക്കുവേണ്ടി മത്സരിക്കുന്നില്ല, എന്നാല്‍ 2024ലെ കലാപങ്ങള്‍ക്ക്‌ ശേഷം രാജ്യത്ത്‌ പടര്‍ന്നുപിടിച്ച രാഷ്‌ട്രീയ അക്രമങ്ങളുടെ പശ്‌ചാത്തലത്തില്‍, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പൊതു ക്രമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കും.
ഹസീനയുടെ ഭാവി

ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീന തെരഞ്ഞെടുപ്പിനോട്‌ അകലം പാലിക്കുകയാണ്‌. അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനു മത്സരിക്കാന്‍ അനുമതിയില്ല. ബംഗ്ലാദേശില്‍ ഇപ്പോഴും അവാമി ലീഗിന്‌ അണികളുണ്ട്‌. എന്നാല്‍, വ്യക്‌തമായ നിലപാട്‌ ഹസീന പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ബംഗ്ലാദേശ്‌ രാഷ്‌്രടീയത്തില്‍ ഹസീന ഒരു പ്രധാന ഘടകമാണ്‌. അവാമി ലീഗിന്റെ സ്വാധീനത്തെ ഇടക്കാല സര്‍ക്കാരിനും ഭയമുണ്ട്‌. അവാമി ലീഗിന്‌ വ്യക്‌തമായ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രവും വിശ്വസ്‌തരായ കേഡര്‍മാരുടെ ഒരു അടിത്തറയുമുണ്ട്‌. നേതാക്കളില്‍ പലരും രഹസ്യ ജീവിതം നയിക്കുകയോ വിദേശത്ത്‌ താമസിക്കുകയോ ചെയ്യുകയാണിപ്പോള്‍. പാര്‍ട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷ അവര്‍ക്ക്‌ ഇപ്പോഴുമുണ്ട്‌.

Ads by Google
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW