-->
പുരാതന ഈജിപ്‌ഷ്യന്‍ മമ്മിക്ക് സമീപം നില്‍ക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധം അനുഭവപ്പെടും. അത് മമ്മി ജീര്‍ണിച്ചതുകൊണ്ടാകാമെന്നായിരുന്നു നിഗമനം. അല്‍പം മാറിച്ചിന്തിച്ച ഗവേഷകര്‍ക്ക് മുന്നില്‍ ഒരു മാര്‍ഗം തെളിഞ്ഞുവന്നു. ആ മങ്ങിയ ഗന്ധം വാസ്‌തവത്തില്‍ വിവിധതരം ജൈവിക സംയുക്‌തങ്ങളുടെ മിശ്രിതമായിരുന്നു. അതില്‍ ഒളിച്ചിരിക്കുന്നത് മരണാനന്തര ജീവിതത്തിനായി ഈജിപുകാര്‍ തയാറാക്കിയ ഔഷധങ്ങളും. ആ ഗന്ധത്തില്‍ ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ചേരുവകളെക്കുറിച്ചും മമ്മികള്‍ക്ക് ഏത് കാലഘട്ടത്തില്‍പ്പെട്ടതാണെന്നതിനെക്കുറിച്ചും സൂചനകളുണ്ട്.
ശരീരത്തിന്റെ നാശം തടഞ്ഞാല്‍ മാത്രമേ ആത്മാവിനു അനശ്വരനാകാനാകൂ എന്ന് ഈജിപ്‌തുകാര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് അവര്‍ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞത്. ഈ ലോകത്തിനും മരണാനന്തര ജീവിതത്തിനും ഇടയിലുള്ള ഒരു പാലമായി അവര്‍ ജീവിതത്തെ കണ്ടു.
'അനശ്വര'നാകാനുള്ള അവസരം ഈജിപിലെ എല്ലാവര്‍ക്കും ഉണ്ടായിരുന്നില്ല. ആ പ്രക്രിയ ചെലവേറിയതായിരുന്നു, പലപ്പോഴും ഫറവോമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു അവസരം. കാലം മാറുന്നതിനിടെ മമ്മിഫിക്കേഷന്‍ കൂടുതല്‍ ലളിതമായി. കൂടുതല്‍ ആളുകള്‍ക്ക് 'മമ്മിയാകാന്‍' അവസരം ലഭിച്ചു.
പരലോക യാത്രയ്‌ക്കുള്ള ഒരുക്കം
ഒരു വ്യക്‌തി മരിച്ചാലുടന്‍ മമ്മിഫിക്കേഷന്‍ തുടങ്ങും. ശവസംസ്‌കാര വിദഗ്‌ധര്‍ ആദ്യം ശരീരം കഴുകും. അതു പ്രതീകാത്മകം കൂടിയായിരുന്നു. ആ ശുദ്ധീകരണം ആത്മീയ വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തെ അങ്ങനെ തയാറാക്കുന്നത് മരണാനന്തര ജീവിതത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുമെന്ന് പുരാതന ഈജിപുകാര്‍ വിശ്വസിച്ചു.
പ്രധാന ഘട്ടങ്ങളിലൊന്ന് ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. അവയെ പുറത്തെടുക്കുന്നത് ജീര്‍ണനം മന്ദഗതിയിലാക്കാന്‍ സഹായിക്കും. ഹൃദയം സാധാരണയായി നിലനിര്‍ത്തും. എന്നാല്‍ വയറ്, കരള്‍, ശ്വാസകോശം, കുടലുകള്‍ എന്നിവ ശ്രദ്ധയോടെ നീക്കം ചെയ്യും.
പുറത്തെടുത്ത അവയവങ്ങള്‍ ഉപേക്ഷിക്കില്ല. അവ ഉണക്കി പ്രത്യേക പാത്രങ്ങളില്‍ സൂക്ഷിക്കും. അവയെ കാനോപിക് ജാറുകള്‍ എന്ന് വിളിക്കുന്നു. ഈ ജാറുകള്‍ ശരീരത്തോടൊപ്പം കുഴിച്ചിടും. മരണാനന്തര ജീവിതത്തിനായാണ് എല്ലാം ഒരുമിച്ചു സൂക്ഷിക്കുന്നത്.
ശരീരം നാട്രോണ്‍ എന്ന പ്രകൃതിദത്ത ലവണത്തില്‍ പൊതിയും. അത് ഈര്‍പ്പം ആഗിരണം ചെയ്യും. ആഴ്‌ചകളോളംവച്ചാല്‍, ഈ പ്രക്രിയ മാംസം ഉണക്കുകയും ബാക്‌ടീരിയ പടരുന്നത് തടയുകയും ചെയ്യും.
ഉണങ്ങിയാല്‍ ശരീരത്തിന്റെ ആകൃതി മാറും. അതു പുനഃസ്‌ഥാപിക്കാന്‍ ലിനന്‍, കളിമണ്ണ്, റെസിന്‍ പോലുള്ള വസ്‌തുക്കള്‍ ശവസംസ്‌കാര വിദഗ്‌ധര്‍ ചേര്‍ക്കും. അത് അടുത്ത ലോകത്തേക്കുള്ള യാത്രയ്‌ക്ക് വ്യക്‌തിക്ക് കൂടുതല്‍ ജീവസ്സുറ്റ രൂപം നല്‍കുമെന്ന് അവര്‍ കരുതി.
തുടര്‍ന്ന് എണ്ണകളും റെസിനുകളും ചര്‍മ്മത്തില്‍ പുരട്ടും. കൂടുതല്‍ സംരക്ഷണം നല്‍കാനും പൊട്ടിപ്പോകുന്നത് തടയാനും. ഈ വസ്‌തുക്കള്‍ സഹായിക്കുമത്രേ. ചര്‍മ്മത്തെ ശ്രദ്ധയോടെ പരിപാലിക്കുന്നതിലൂടെ, ശരീരം വിശുദ്ധമാണെന്നും എല്ലാ ഘട്ടത്തിലും ബഹുമാനിക്കപ്പെടണമെന്നുമുള്ള സന്ദേശം ശവസംസ്‌കാര വിദഗ്‌ധര്‍ നല്‍കി.
സുഗമയാത്രയ്‌ക്കായി...
അവസാന ഘട്ടത്തിലാകും മൃതശരീരം പൊതിയുക. മരണാനന്തര ജീവിതത്തിലെ സംരക്ഷണത്തിനു ലിനന്‍ ശരീരത്തിന്റെ ഓരോ ഭാഗത്തും ശ്രദ്ധയോടെ ചുറ്റും. അതു ഭൗതിക സംരക്ഷണവും ആത്മീയ സുരക്ഷയും നല്‍കുമെന്നായിരുന്നു വിശ്വാസം. ശരീരത്തിന്റെ പൊതിയല്‍ ശരിയായി പൂര്‍ത്തിയാക്കാന്‍ ആഴ്‌ചകളോളം എടുക്കുമായിരുന്നു.
റെസിന്‍ പശ പോലെ പ്രവര്‍ത്തിക്കും. അതു ശരീരം 'നശിക്കാതിക്കാന്‍' സംരക്ഷണ പാളി പോലെ പ്രവര്‍ത്തിക്കും. ആ പ്രക്രിയയ്‌ക്കൊടുവില്‍ മമ്മിക്ക് ഇരുണ്ടതും കഠിനവുമായ രൂപം ലഭിക്കും. പ്രകൃതിദത്ത വസ്‌തുക്കളും ആചാരങ്ങളും സംയോജിപ്പിച്ചാണ് അവര്‍ മമ്മികള്‍ ഒരുക്കിയത്. ഭക്ഷണം, ആഭരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ, വ്യക്‌തിക്ക് ആവശ്യമായി വന്നേക്കാവുന്ന വസ്‌തുക്കളാല്‍ നിറച്ച ശവകുടീരങ്ങളില്‍ ഈജിപ്‌തുകാര്‍ മമ്മികളെ സൂക്ഷിച്ചു. മരണാനന്തര ജീവിതത്തിലേക്കുള്ള സുഗമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ശവകുടീരം. മമ്മിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം, ശരീരം ശവപ്പെട്ടിയിലോ ശവകുടീരത്തിലോവയ്‌ക്കും.
മമ്മിയുടെ രഹസ്യം
സാധാരണയായി മമ്മിയില്‍ അടങ്ങിയ ഔഷധങ്ങളിലെ ചേരുവകള്‍ തിരിച്ചറിയുന്നത് ദുഷ്‌കരമാണ്. അതിന് മമ്മി പൊതിയാന്‍ ഉപയോഗിക്കുന്ന തുണിക്കഷണത്തിന്റെ ഒരു ഭാഗം മുറിച്ചെടുക്കേണ്ടതുണ്ട്. പക്ഷേ ആ 'മുറിവുകള്‍' മമ്മിയില്‍ കേടുപാടു വരുത്തും. മുറിച്ചെടുത്ത ഭാഗങ്ങള്‍ കൊണ്ട് അവയുടെ രാസരഹസ്യം അറിയണമെന്നില്ല. നിരവധി രാസപ്രവര്‍ത്തനങ്ങള്‍ പിന്നെയും അവശേഷിക്കും.
ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ കെമിസ്‌ട്രി സ്‌കൂളിലെ സംഘം ആ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തി. ഭൗതിക സാമ്പിള്‍ എടുക്കുന്നതിനു പകരം, മമ്മിക്ക് ചുറ്റുമുള്ള വായു വിശകലനം ചെയ്യാനായിരുന്നു അവരുടെ തീരുമാനം.
ഭൂതകാലത്തിന്റെ ഗന്ധം
2,000 വര്‍ഷത്തിലേറെ പഴക്കമുള്ള 19 വ്യത്യസ്‌ത മമ്മികളില്‍നിന്നുള്ള 35 ഔഷധങ്ങളുടെയും തുണിക്കഷണങ്ങളുടെയും രാസ 'വിരലടയാളങ്ങള്‍' തിരിച്ചറിയാന്‍ അവര്‍ എച്ച്‌എസ്-എസ്‌പിഎംഇ-ജിസി/ക്യൂ- ടിഎംഎഫ്‌എംഎസ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു.
ഈ പ്രക്രിയയില്‍, മമ്മിഫൈചെയ്‌ത അവശിഷ്‌ടങ്ങള്‍ക്കും അവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങള്‍ക്കും മുകളിലുള്ള അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന വാതകങ്ങള്‍ പിടിച്ചെടുക്കും. അതിനു ശേഷം, ആ വാതകങ്ങള്‍ തന്മാത്ര സ്‌കാനറിലൂടെ കടത്തിവിടും. അതു വിവിധ തന്മാത്രകളെ വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നു. യഥാര്‍ത്ഥ ഔഷധങ്ങളില്‍ ഉപയോഗിച്ച എണ്ണകള്‍, മെഴുകുകള്‍, റെസിനുകള്‍ എന്നിവ തിരിച്ചറിയാന്‍ ഗവേഷകരെ ആ സാങ്കേതികവിദ്യ സഹായിക്കും. നാല് പ്രധാന ചേരുവകളില്‍നിന്നുള്ള 81 വ്യത്യസ്‌ത ഓര്‍ഗാനിക് സംയുക്‌തങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇവ കൊഴുപ്പുകളും എണ്ണകളും, തേനീച്ചമെഴുക്, സസ്യ റെസിനുകള്‍, ബിറ്റുമെന്‍ എന്നിവയാണ്.
വ്യത്യസ്‌ത കാലഘട്ടങ്ങളിലെ മമ്മികള്‍ക്ക് വ്യത്യസ്‌ത രാസപരമായ അടയാളങ്ങള്‍ ഉണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഉദാഹരണത്തിന്, പഴയ മമ്മികള്‍ പ്രധാനമായും ലളിതമായ കൊഴുപ്പുകളും എണ്ണകളും ഉപയോഗിച്ചാണു തയാറാക്കിയിരുന്നത്, എന്നാല്‍ പിന്നീടുള്ള കാലഘട്ടങ്ങളിലെ മമ്മികള്‍ക്ക് പലപ്പോഴും വിലകൂടിയ റെസിനുകളും ബിറ്റുമെന്‍ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സങ്കീര്‍ണമായ രാസപ്രക്രിയ ഉണ്ടായിരുന്നു. അക്കാലത്തെ ഗവേഷണങ്ങളെ അവ പ്രതിഫലിപ്പിച്ചു.
ശരീരത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങള്‍ക്ക് ചിലപ്പോള്‍ വ്യത്യസ്‌ത മിശ്രിതങ്ങള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. തലയോട്ടിയില്‍ കണ്ടെത്തിയ സംയുക്‌തങ്ങള്‍ മറ്റുള്ളവയില്‍നിന്നു വ്യത്യസ്‌തമായിരുന്നു. അതു പുരാതന എംബാമര്‍മാര്‍ ശരീരത്തിന്റെ വ്യത്യസ്‌ത അവയവങ്ങള്‍ക്കു വ്യത്യസ്‌ത സംയുക്‌തങ്ങള്‍ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്നു.
ഭൂതകാലത്തെ സംരക്ഷിക്കുക
പുതിയ സമീപനം അവശിഷ്‌ടങ്ങള്‍ നശിപ്പിക്കാതെ പഠിക്കാനുള്ള ലളിതമായ മാര്‍ഗം ക്യൂറേറ്റര്‍മാര്‍ക്കും ഗവേഷകര്‍ക്കും നല്‍കും. ഓര്‍ഗാനിക് സംയുക്‌ത വിശകലനം, മമ്മിയില്‍ കേടുപാടുണ്ടാക്കാതെ പഠനത്തിന് ഉപയോഗിക്കാം.
മണം കൊണ്ട് അറിയുന്ന സാങ്കേതികവിദ്യ പ്രാഥമിക ജോലികള്‍ക്ക് അനുയോജ്യമാണെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു. അത്യാവശ്യമെങ്കില്‍ മാത്രം ഇനി ഭൗതിക സാമ്പിളുകള്‍ ശേഖരിക്കേണ്ടതുള്ളൂ.