-->
പശ്‌ചിമാര്‍ധഗോളത്തിന് പുറത്താണെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സൈനികശക്‌തി ഉപയോഗിച്ച് യാഥാര്‍ത്ഥ്യങ്ങളെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന അടുത്ത വേദിയായി ഇറാന്‍ മാറിയേക്കാം. എന്നാല്‍, വെനസ്വേലയില്‍ ട്രംപ് നേടിയതുപോലൊരു പെട്ടെന്നുള്ള വിജയം ഇറാനില്‍ സാധ്യമായെന്നു വരില്ല;എന്നുമാത്രമല്ല, ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍ അനായാസം കൈവിട്ടുപോകാനും സാധ്യതയുണ്ട്.
ട്രംപ് തന്റെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്: ഇറാന്റെ ഭരണാധികാരികള്‍ക്ക് കാര്യങ്ങളെ എളുപ്പവഴിയിലോ കടുപ്പമേറിയ വഴിയിലോ നേരിടാം. 2015-ലെ ഇറാന്‍ ആണവക്കരാറില്‍നിന്ന് തന്റെ ഒന്നാം ടേമില്‍ പിന്മാറിയ ട്രംപ്, അതിനേക്കാള്‍ കര്‍ശനമായ വ്യവസ്‌ഥകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയാറാകണമെന്നതാണ് 'എളുപ്പവഴി' കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഇറാന്‍ തങ്ങളുടെ കൈവശമുള്ള സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണമായി ഉപേക്ഷിക്കണം, സമ്പുഷ്‌ടീകരണം അനിശ്‌ചിതകാലത്തേക്ക് നിര്‍ത്തിവയ്‌ക്കണം, ആണവപദ്ധതികള്‍ പൊളിച്ചുനീക്കണം, ബാലിസ്‌റ്റിക് മിസൈലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും പൂര്‍ണമായ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. കൂടാതെ, ഹിസ്‌ബുള്ള, ഹൂതികള്‍ തുടങ്ങിയ പ്രാദേശിക സായുധസംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയും വേണം. ഇനി 'കടുപ്പമേറിയ വഴി' എന്നത് സൈനികാക്രമണങ്ങളാണ്;അതും വലിയ തോതിലുള്ളവ.
ഇതൊരു വെറുംവാക്കല്ല. ഇറാനില്‍ പ്രക്ഷോഭകര്‍ക്കുനേരേ ഭരണകൂടം നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലില്‍ ആയിരക്കണക്കിന് (ഒരുപക്ഷേ പതിനായിരക്കണക്കിന്) പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുത്തിരുന്നു. ആക്രമണത്തിനുള്ള ഉത്തരവ് നല്‍കുന്നതിന്റെ തൊട്ടടുത്തെത്തിയിരുന്ന അദ്ദേഹത്തെ പിന്തിരിപ്പിച്ചത് മനംമാറ്റമല്ല, മറിച്ച് ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രയേലിനെയും മേഖലയിലെ അമേരിക്കന്‍ താവളങ്ങളെയും സംരക്ഷിക്കാനുള്ള സൈനികസന്നാഹം അപര്യാപ്‌തമായിരുന്നു എന്ന തിരിച്ചറിവാണ്. അതിനുശേഷം, ഒരു വിമാനവാഹിനിക്കപ്പല്‍ വ്യൂഹം, എട്ട് യു.എസ്. നേവി ഡിസ്‌ട്രോയറുകള്‍, ഡസന്‍ കണക്കിന് എഫ്-15 യുദ്ധവിമാനങ്ങള്‍, 'താഡ്', 'പേട്രിയറ്റ്' തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇറാന്‍ തിരിച്ചടിച്ചാല്‍ ഉണ്ടാകാവുന്ന വലിയ ആള്‍നാശത്തെ തടയാനായി മിഡില്‍ ഈസ്‌റ്റിലുടനീളം ഒരു പ്രതിരോധകവചം തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം, തുര്‍ക്കി, ഖത്തര്‍, ഒമാന്‍, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധം ഒഴിവാക്കാനായി മധ്യസ്‌ഥശ്രമങ്ങള്‍ നടത്തുന്നുണ്ട്. നയതന്ത്രതലത്തില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു അടിസ്‌ഥാനപ്രശ്‌നം അവശേഷിക്കുന്നു: ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി നല്‍കാന്‍ തയാറാകുന്നതിനേക്കാള്‍ എത്രയോ അധികമാണ് ട്രംപിന്റെ ആവശ്യങ്ങള്‍. ആക്രമണങ്ങള്‍ ഒഴിവാക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ആണവപദ്ധതിയില്‍ ചില വിട്ടുവീഴ്‌ചകള്‍ക്ക് ഇസ്ലാമിക് റിപ്പബ്ലിക് തയാറായേക്കാം. എന്നാല്‍, രാജ്യത്തിനകത്ത് യുറേനിയം സമ്പുഷ്‌ടീകരിക്കുന്നതിനുള്ള അവകാശം വിട്ടുകൊടുക്കാനോ, ബാലിസ്‌റ്റിക് മിസൈലുകള്‍ ഉപേക്ഷിക്കാനോ ഇറാന്‍ തയാറല്ല. ചുരുക്കത്തില്‍, ടെഹ്‌റാന്‍ നല്‍കാന്‍ തയാറുള്ള പരമാവധി വിട്ടുവീഴ്‌ചകള്‍ പോലും വാഷിങ്‌ണ്‍ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍ക്കൊപ്പമെത്തുന്നില്ല. കേവലം സായുധഭീഷണിയിലൂടെയുള്ള നയതന്ത്രം കൊണ്ട് ഇത് മാറ്റാനുമാകില്ല.
അതുകൊണ്ട്, ഒന്നുകില്‍ ട്രംപ് തന്റെ വാശി കുറച്ച്, കിട്ടുന്ന ചെറിയൊരു കരാറിനെ 'വിജയമായി' കൊട്ടിഘോഷിക്കും;അല്ലെങ്കില്‍ ലോകം സൈനികനടപടിക്ക് സാക്ഷ്യം വഹിക്കും. ഇതിനകം തിരിച്ചടികളില്ലാതെ രണ്ടുതവണ ഇറാനെ ആക്രമിച്ച ചരിത്രമുള്ളതിനാലും, പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി മുന്‍ ആണവക്കരാറില്‍നിന്ന് പിന്മാറിയതിനാലും, ആണവവിഷയത്തില്‍ മാത്രമുള്ള ഒരു ഒത്തുതീര്‍പ്പിന് ട്രംപ് തയാറാകാന്‍ സാധ്യതയില്ല.
ഇറാനെക്കൊണ്ട് യുറേനിയം ഉപേക്ഷിപ്പിക്കുന്നത് ആണവായുധ ഭീഷണി ഒഴിവാക്കുമെന്നതിനാല്‍, അത്തരമൊരു കരാര്‍ വേണമെങ്കില്‍ ട്രംപിന് വിജയമായി അവതരിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഇറാന്റെ മിസൈല്‍ പദ്ധതിക്കും സായുധസംഘങ്ങള്‍ക്കും ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം ഇതും ചേര്‍ത്തുവായിച്ചാല്‍, തന്റെ മുന്‍ഗാമികള്‍ക്ക് സാധിക്കാത്ത കാര്യം താന്‍ നേടിയെന്ന് ട്രംപിന് അവകാശപ്പെടാം. എന്നാല്‍, മേഖലയിലെ സൈനികനീക്കങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്: 'പരമാവധി സമ്മര്‍ദം' ചെലുത്തി ഇറാനെക്കൊണ്ട് വലിയ വിട്ടുവീഴ്‌ചകള്‍ ചെയ്യിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അത് പരാജയപ്പെടുന്ന പക്ഷം, ആക്രമണത്തിനുള്ള കരുക്കള്‍ അദ്ദേഹം നീക്കുകയുമാണ്.
ഈ നീക്കം ആണവ-മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ മാത്രം ഒതുങ്ങിയേക്കില്ല. മറിച്ച്, വെനസ്വേലയില്‍ പയറ്റിയതുപോലെ ഖമനേയിയെ വകവരുത്തി ഭരണനേതൃത്വത്തെ ഉന്മൂലനം ചെയ്യുന്ന തന്ത്രവും ഇതില്‍ ഉള്‍പ്പെട്ടേക്കാം. വെനസ്വേലയിലെ വിജയം ട്രംപിന്റെ സംഘത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 2020-ല്‍ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചപ്പോഴും, കഴിഞ്ഞ വര്‍ഷം ഇസ്രയേലുമായി ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളിലും അമേരിക്കയ്‌ക്കെതിരേ കാര്യമായ തിരിച്ചടികള്‍ ഉണ്ടായിരുന്നില്ല എന്നതും ഇവര്‍ക്ക് ധൈര്യം നല്‍കുന്നു.
പരമോന്നത നേതാവിന്റെ മരണശേഷം സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിലെയും യാഥാസ്‌ഥിതികരായ ഉദ്യോഗസ്‌ഥര്‍ അധികാരം പിടിച്ചെടുക്കുമെന്നും, ഭരണകൂടത്തിന്റെ നിലനില്‍പിനായി അവര്‍ ഒത്തുതീര്‍പ്പിന് തയാറാകുമെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഇതിനായി, ഖമനേയിയെ നീക്കം ചെയ്യുമ്പോള്‍ സഹകരിക്കാനും അമേരിക്കയ്‌ക്ക് അനുകൂലമായ തുടര്‍ഭരണം ഉറപ്പാക്കാനും കഴിയുന്ന ഉന്നതരെ കണ്ടെത്തുന്നതിനുള്ള രഹസ്യാന്വേഷണ നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്.
എന്നാല്‍, ഇറാന്‍ വെനസ്വേലയല്ല. തിരിച്ചടിക്കാനുള്ള ശേഷിയും ആഭ്യന്തരമായ കൂറും സുരക്ഷാസന്നാഹങ്ങളും ഇറാന് വളരെ കൂടുതലാണ്. മാത്രമല്ല, അധികാരമാറ്റം സുഗമമായി നടക്കാനുള്ള സാധ്യതയും കുറവാണ്. ഖമനേയി ഇറാന്റെ രാഷ്‌ട്രീയ നേതാവ് മാത്രമല്ല, ഷിയാ ഇസ്ലാമിന്റെ ആത്മീയ ആചാര്യന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ മരണം വ്യവസ്‌ഥിതിയെ പിടിച്ചുലയ്‌ക്കും;ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നതുപോലൊരു സമാധാനപരമായ അധികാരമാറ്റം അതുകൊണ്ട് ഉണ്ടായേക്കില്ല.
ഇനി ഇറാന്റെ നേതാക്കള്‍ക്ക് യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും, ഖമനേയിയെപ്പോലൊരു നേതാവിനെ നഷ്‌ടപ്പെട്ടാല്‍ ശക്‌തമായി തിരിച്ചടിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ ആക്രമണമുണ്ടായേക്കാം. അമേരിക്കന്‍ സൈനികര്‍ക്ക് ആള്‍നാശമുണ്ടായാല്‍ സ്‌ഥിതിഗതികള്‍ നിയന്ത്രണാതീതമാകും. ഇനി, മിതവാദികള്‍ക്ക് പകരം തീവ്രനിലപാടുകാര്‍ അധികാരം പിടിച്ചാല്‍, എണ്ണവിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള വന്‍ പ്രത്യാക്രമണങ്ങള്‍ പ്രതീക്ഷിക്കാം. ആഗോളവിപണിയില്‍ ആവശ്യത്തിന് എണ്ണയുണ്ടായിട്ടും വില ഇതിനകം കൂടിയിട്ടുണ്ട്. ട്രംപ് ഖമനേയിയെ ആക്രമിച്ചാല്‍ എണ്ണവില ബാരലിന് 5-10 ഡോളര്‍ വരെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വര്‍ധിച്ചേക്കാം. ഇത് അമേരിക്കയില്‍ പണപ്പെരുപ്പത്തിനും ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാമ്പത്തിക പ്രതിസന്ധിക്കും വഴിവെക്കും.
ഇതില്‍ വന്‍ശക്‌തികളുടെ ഇടപെടലുമുണ്ട്. വെനസ്വേലയില്‍ ട്രംപ് ഭരണമാറ്റം വരുത്തിയപ്പോള്‍ റഷ്യയും ചൈനയും വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇറാന്റെ കാര്യം അങ്ങനെയല്ല. റഷ്യക്ക് ഡ്രോണുകളും ചൈനയ്‌ക്ക് എണ്ണയും നല്‍കുന്ന രാജ്യമാണ് ഇറാന്‍. തങ്ങളുമായി സഹകരിക്കുന്ന ഒരു ലോകനേതാവിനെ അമേരിക്കയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും വകവരുത്താം എന്നൊരു കീഴ്വഴക്കം സൃഷ്‌ടിക്കപ്പെടുന്നത് റഷ്യയോ ചൈനയോ ആഗ്രഹിക്കുന്നില്ല. സമാനമായ നീക്കങ്ങള്‍ തങ്ങളുടെ മേഖലയിലും ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാക്കാന്‍ അവര്‍ ശ്രമിക്കും.
വിപുലമായ യുദ്ധസാധ്യതയും എണ്ണവിപണിയിലെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍, വെനസ്വേലയിലേതിനേക്കാള്‍ നയതന്ത്രപരമായ പിന്മാറ്റമാണ് ഇറാനില്‍ അഭികാമ്യം. എന്നാല്‍ 'ധൈര്യമാണ് വിജയത്തിന്റെ അടിസ്‌ഥാനം' എന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ട്രംപ്. ഇറാനില്‍ ആ വിശ്വാസം ഫലം കാണുമോ?
ഈ ചോദ്യത്തിനുള്ള ഉത്തരം പശ്‌ചിമേഷ്യക്കും അപ്പുറത്തേക്ക് നീളുന്നതാണ്. ട്രംപ് ഇതില്‍ വിജയിച്ചാല്‍, അമേരിക്കന്‍ കൈയൂക്കുകൊണ്ട് ഏതു പ്രശ്‌നവും പരിഹരിക്കാമെന്ന അദ്ദേഹത്തിന്റെ വിശ്വാസം വര്‍ധിക്കും. ഓരോ വിജയവും അടുത്ത ചൂതുകളിക്കുള്ള ധൈര്യം പകരും. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോയാലോ? ഹിസ്‌ബുള്ളയും ഹൂതികളും സംയുക്‌തമായി ആക്രമണം നടത്തുകയും, ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കുകയും, എണ്ണവില 90 ഡോളറിലെത്തുകയും, റഷ്യയും ചൈനയും ശക്‌തമായി പ്രതികരിക്കുകയും ചെയ്‌താല്‍, ഈ ചൂതുകളി എത്രത്തോളം അപകടകരമാണെന്ന് ലോകം തിരിച്ചറിയും.
(യൂറേഷ്യ ഗ്രൂപ്പിന്റെയും ജി-സീറോ മീഡിയയുടെയും സ്‌ഥാപകനും പ്രസിഡന്റുമായ ലേഖകന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള ഐക്യരാഷ്‌ട്രസഭയുടെ ഉന്നതതല ഉപദേശക സമിതി അംഗമാണ്).
ഇയാന്‍ ബ്രെമ്മര്‍ www.project-syndicate.org