-->
ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുകയാണെന്ന് എല്‍.ഡി.എഫ്. വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരോ ദിവസം കഴിയും തോറും യു.ഡി.എഫിലെ പ്രമാണിമാര്‍ എസ്.ഐ.ടിയുടെ അന്വേഷണ പരിധിയില്‍ വരുകയാണ്. അന്വേഷണം നീണ്ടാല്‍ ഇത് ആരിലൊക്കെ എത്തിച്ചേരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. യു.ഡി.എഫ്. കണ്‍വീനറായ അടൂര്‍ പ്രകാശിന്റെ പേരാണ് അവസാനം എസ്.ഐ.ടിയുടെ പരിധിയില്‍ വന്നിരിക്കുന്നത്. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേരും ഇക്കൂട്ടത്തില്‍ ഉണ്ട്. തന്ത്രിക്കും ഇവരൊക്കെയായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ട് ഒരുതരി സ്വര്‍ണം അപഹരിക്കപ്പെട്ടത് ആരായാലും ശിക്ഷിക്കപ്പെടും.
അത് രാഷ്‌ട്രീയം നോക്കാതെ ആ വ്യക്‌തികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവില്ല. എസ്.ഐ.ടിയുടെ അന്വേഷണം നേരായ രീതിയിലാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്‌തമാക്കിയിട്ടുണ്ട്. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. സത്യങ്ങളെല്ലാം പുറത്തുവരും. അതിനെപറ്റി എല്‍.ഡി.എഫില്‍ ഒരു ആശങ്കയുമില്ല. ഇങ്ങനെ പറയാനുള്ള രാഷ്‌ട്രീയ ആര്‍ജവം കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഇനി പരക്കംപായേണ്ടിവരും. ബി.ജെ.പിയുമായി കോണ്‍ഗ്രസ് എതുതരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും ജനങ്ങള്‍ അതിനെയെല്ലാം തിരിച്ചറിയും. മൂന്നാം ഊഴം എല്‍.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
താങ്ങുവിലയ്‌ക്ക് പുറമേ കര്‍ഷകര്‍ക്ക് സംസ്‌ഥാനം നല്‍കുന്ന പ്രോത്സാഹന ബോണസാണ് കേന്ദ്രം ഇടപ്പെട്ട് നിര്‍ത്തലാക്കാന്‍ പോകുന്നത്. ഇതിന് പിന്നില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറാണ്. ഈ ഉടമ്പടി പ്രകാരം ഇന്ത്യയിലേക്ക് കൂടുതല്‍ ഉല്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരും. അരലക്ഷം കോടിയുടെ ഉല്‌പന്നങ്ങള്‍ ഈ വിധം ഇന്ത്യയിലേക്കെത്തും. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.