-->
മാരാമണ്‍: ജനാധിപത്യം ഏകാധിപത്യത്തിലേക്കു മാറാതിരിക്കാനുള്ള ജാഗ്രത വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകണമെന്നും ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ ശക്‌തമാക്കാന്‍ ശക്‌തമായ നിലപാടും ശബ്‌ദവും സ്വീകരിക്കണമെന്നും മാത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. പമ്പാനദിയിലെ മണല്‍പ്പുറത്തൊരുക്കിയ വിശാലമായ പന്തലില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മഹായോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പലയിടത്തും ബഹുസ്വരത ഇല്ലാതാകുന്നു. പൗരത്വത്തിന്റെ നിഷേധവും മറച്ചുവയ്‌ക്കാന്‍ കഴിയില്ല. പലതിനെയും നിസാരവല്‍ക്കരിക്കുന്ന പ്രതികരണമാണ് അധികൃതരില്‍നിന്ന് ഉണ്ടാകുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇന്നു പല നേതാക്കളും തയാറാകുന്നില്ല. ഇവിടെയാണു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്നും തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതുമൂലം ഒരുതരം അരക്ഷിതാവസ്‌ഥ സമൂഹത്തില്‍ വളരുന്നു. ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഒരു ക്രിസ്‌തീയ വിശ്വാസിയെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തുകയും ചാണകം തീറ്റിക്കുകയും ചെയ്‌ത സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സമുദായ ഭിന്നതയും വര്‍ഗീയഭ്രാന്തും എത്ര വേഗമാണ് മനുഷ്യത്വം ഇല്ലാത്തവരാക്കുന്നതെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, തുല്യാവകാശങ്ങള്‍ മാനിക്കുന്ന, വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയാറുള്ള ഭരണസംവിധാനങ്ങള്‍ രാജ്യത്ത് ആവശ്യമാണ്. രാജ്യം ഏകാധിപത്യത്തിലേക്കു വഴിമാറരുത്. ബദല്‍സ്വരങ്ങള്‍ നിലനില്‍ക്കണം. ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസി സമൂഹങ്ങളുടെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. 2023 ല്‍ സമര്‍പ്പിച്ച ജസ്‌റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പുറത്തുവിടാനും നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ ഇച്‌ഛാശക്‌തി കാണിക്കണം. മത അദ്ധ്യാപകര്‍ക്ക് ക്ഷേമനിധി എന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ വന്നപ്പോള്‍ അതേക്കുറിച്ച് ജെ.ബി. കോശി കമ്മിഷന്‍ എന്താണു പറഞ്ഞിരിക്കുന്നതെന്ന് അറിയണം. പലതിലും സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരം പ്രശ്‌നമാകുന്നുണ്ട്. ഇവിടെയും ജാഗ്രത അനിവാര്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. പ്രഫ. ഡോ. ക്ലിയോ ഫാസ്, ജെ. ലാറു, ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.