Friday, March 13, 2026 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

യുവതിക്ക്‌ ദുരനുഭവം; സ്‌പാ പൂട്ടിച്ച്‌ കോര്‍പറേഷന്‍

തിരുവനന്തപുരം: യുവതിയോട്‌ സ്‌പാ ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നു സെക്രട്ടേറിയറ്റിനു സമീപം പ്രവര്‍ത്തിച്ചിരുന്ന സ്‌പാ പൂട്ടിച്ചു. 23 വയസുകാരി മേയറെ നേരിട്ടു വിളിച്ചു പരാതിപ്പെട്ടതോടെയാണു നടപടിയുണ്ടായത്‌.
കോര്‍പറേഷന്‍ ഉദ്യോഗസ്‌ഥര്‍ സ്‌പാ കേന്ദ്രത്തില്‍ പരിശോധന നടത്തിയ ശേഷമാണു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്‌.
കഴിഞ്ഞ ദിവസം സ്‌പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയ യുവതിയോടാണ്‌ ഉടമ മോശമായി പെരുമാറിയത്‌. വിവരം അറിഞ്ഞതിനെത്തുടര്‍ന്നു പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നെന്നു മേയര്‍ വി.വി. രാജേഷ്‌ പറഞ്ഞു.
അവധി ദിനമായിട്ടും ഇന്നലെ പരിശോധനയ്‌ക്ക്‌ ഉദ്യോഗസ്‌ഥരെ അയയ്‌ക്കുകയായിരുന്നു. കോര്‍പറേഷന്‍ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം പോലീസും ഇന്നലെ വൈകിട്ട്‌ നടന്ന പരിശോധനയില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാ സ്‌പാ കേന്ദ്രങ്ങളുടേയും ലൈസന്‍സ്‌ പരിശോധിക്കാന്‍ മേയര്‍ വി.വി. രാജേഷ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കി. വരും ദിനങ്ങളില്‍ തലസ്‌ഥാനത്തെ സ്‌പാകളില്‍ പരിശോധന നടത്തുമെന്ന്‌ മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌പാകളില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും. പോലീസിന്റെ സഹകരണത്തോടെയാവും പരിശോധനകള്‍ നടത്തുക. സ്‌ത്രീകള്‍ പുരുഷന്‍മാരെയും തിരിച്ചും മസാജ്‌ ചെയ്യുന്ന ക്രോസ്‌ മസാജിങ്‌ അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞു.
അടുത്തിടെ തിരുവല്ലയില്‍ സ്‌പായില്‍ ജീവനക്കാരിയെ കാപ്പ കേസ്‌ പ്രതിയും സംഘവും കൂട്ടബലാത്സംഗം ചെയ്‌ത സംഭവമുണ്ടായിരുന്നു. ഇതിനു ശേഷമാണ്‌ തിരുവനന്തപുരത്തെ സ്‌പാ കേന്ദ്രങ്ങളിലും പരിശോധന കടുപ്പിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്‌.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW