-->
കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി സെബാസ്‌റ്റ്യനെതിരേ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സെബാസ്‌റ്റ്യന്റെ ചേര്‍ത്തല പള്ളിപ്പുറത്തു വീട്ടുപറമ്പില്‍ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം ജെയ്‌നമ്മയുടെതെന്നു സ്‌ഥിരീകരിക്കുന്ന ശാസ്‌ത്രീയ പരിശോധന ഫലം ലഭിച്ചതിനു പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സെബാസ്‌റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്‌തക്കറ ജയ്‌നമ്മയുടേതാണെന്നു നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകളുമായി നടത്തിയ ഫലം പോസിറ്റീവായതോടെയാണു കണ്ടെത്തിയ അസ്‌ഥികളും ജെയ്‌നമ്മയുടെതാണെന്നു സ്‌ഥിരീകരിച്ചത്.
ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മ(54)യെ 2024 ഡിസംബര്‍ 21 നാണ് കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജെയ്‌നമ്മ ചേര്‍ത്തലയിലെത്തിയതായി കണ്ടെത്തി. സെബാസ്‌റ്റ്യന്‍ ജെയ്‌നമ്മയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണു കേസ്. ആഭരണങ്ങള്‍ പ്രതി പണയം വച്ചു. ജെയ്‌നമ്മയുമായി പ്രതിക്കു മുന്‍ പരിചയം ഉണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തി. ജെയ്‌നമ്മ സ്‌ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്‌റ്റ്യനുമായി പരിചയപ്പെട്ടത്.
ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്‌റ്റ്യന്‍ ഉപയോഗിച്ചതാണു കുറ്റകൃത്യംതെളിയുന്നതിലേക്ക് എത്തിയത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. സെബാസ്‌റ്റ്യന്‍ വിവിധ പണമിടപാട് സ്‌ഥാപനങ്ങളിലായി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ൈക്രംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ എന്നിവര്‍ കൊല്ലപ്പെട്ട കേസിലും പ്രതിയായ സെബാസ്‌റ്റ്യന്‍ നിലവില്‍ ജയിലിലാണ്.