-->
കോഴിക്കോട്: ആരോഗ്യരംഗത്തു രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണു കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ സ്‌ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിനു കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്‌ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്‌ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അവയവമാറ്റ ശസ്‌ത്രക്രിയകള്‍ക്കു സ്വകാര്യ മേഖലയില്‍ വന്‍ തുകയാണു ചെലവാകുന്നത്. ഒരേ ശസ്‌ത്രക്രിയയുടെ ചെലവില്‍ ആശുപത്രികള്‍ മാറിയാല്‍ വലിയ മാറ്റമുണ്ടാകുന്നു. പല കുടുംബങ്ങള്‍ക്കും ഇതു താങ്ങാനാവുന്നില്ല. ഇതു പരിഗണിച്ചാണ് വിദഗ്‌ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി, മേയര്‍ ഒ.സദാശിവന്‍, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ.കെ.വി. വിശ്വനാഥന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി. സജിത്ത് കുമാര്‍, ഡി.എം.ഒ: ഡോ.കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം: സി.കെ.ഷാജി, കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ സ്‌പെഷല്‍ ഓഫീസര്‍ ഡോ.ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്‌ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്‌ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐ.സി.യു, എച്ച്.ഡി.യു. സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപ്പറേഷന്‍ തിയറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ടു നിലകളിലായാണ് നിര്‍മാണം.