-->
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫ്. നേതാക്കളെയും ലൈംഗികാരോപണക്കേസുകളില്‍ കുടുക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തന്നോടു പലവട്ടം പറഞ്ഞിരുന്നതായി ഗണേഷ്‌കുമാറിന്റെ പഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയില്‍ മൊഴി നല്‍കി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഇ.ആര്‍.അര്‍ജുന്‍രാജിനു മുമ്പാകെയാണു മൊഴിനല്‍കിയിരിക്കുന്നത്.
സോളാര്‍ കേസിലെ പരാതിക്കാരി അന്വേഷണ കമ്മിഷനു മുമ്പില്‍ ഹാജരാക്കിയ കത്തില്‍ നാലു പേജ് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഡ്വ.ജോളി അലക്‌സ് മുഖേന അഡ്വ.സുധീര്‍ ജേക്കബ് ഫയല്‍ ചെയ്‌ത ഹര്‍ജിയാണ് കൊട്ടാരക്കര കോടതി പരിഗണിച്ചത്. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷ്‌കുമാറും പ്രതികളായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് സുധീര്‍ മലയില്‍. 2011 മുതല്‍ 2013 വരെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ പഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്നു ഇയാള്‍.
പരാതിക്കാരിയുമായി ഗണേഷ്‌കുമാര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി ബോധ്യപ്പെട്ടിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ നിത്യസന്ദര്‍ശകയായിരുന്നെന്നും മൊഴിയിലുണ്ട്.
'മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള കത്തു നല്‍കിയിട്ടും ഗണേഷ്‌കുമാറിനെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചു. മുന്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിനും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെയാണ് 2013 ഏപ്രില്‍ രണ്ടിനു ഗണേഷ്‌കുമാര്‍ മന്ത്രിസ്‌ഥാനം രാജിവച്ചത്. പിന്നീട് ഉമ്മന്‍ ചാണ്ടിയും ഷിബു ബേബി ജോണും ചേര്‍ന്നു ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി. തുടര്‍ന്നു മന്ത്രിസ്‌ഥാനം തിരികെ ലഭിക്കാന്‍ ഗണേഷ്‌കുമാര്‍ പല തവണ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീടു ഗണേഷ്‌കുമാര്‍ എല്‍.ഡി.എഫില്‍ ചേക്കേറി. തന്നെ മന്ത്രിയാക്കാത്ത ഉമ്മന്‍ ചാണ്ടിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യു.ഡി.എഫ്. നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും ഈ സമയത്താണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്. എല്‍.ഡി.എഫില്‍ പോയശേഷം ഗണേഷ്‌കുമാര്‍ പത്തനാപുരത്തുനിന്നു വീണ്ടും എം.എല്‍.എയായി. സോളാര്‍ കേസിലെ പരാതിക്കാരി പീഡന പരാതികളുമായി രംഗത്തെത്തവെയാണ് ഗണേഷ്‌കുമാര്‍ നേരത്തെ പറഞ്ഞതു യാഥാര്‍ഥ്യമായെന്നു ബോധ്യപ്പെട്ടത്' എന്നും സുധീര്‍ മലയിലിന്റെ മൊഴിയിലുണ്ട്.
സോളാര്‍ ഗൂഢാലോചനക്കേസ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നുമുള്ള ഗണേഷ്‌കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
ഈ കേസില്‍ അവധിക്ക് അപേക്ഷ നല്‍കിയ മറ്റൊരു സാക്ഷി അഡ്വ.ഫെനി ബാലകൃഷ്‌ണനോട് 12നു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്കു വേണ്ടി അഡ്വ.ടൈറ്റസ് തോമസും രണ്ടാം പ്രതി ഗണേഷ്‌കുമാറിനു വേണ്ടി അഡ്വ.ഷൈന്‍ പ്രഭയും ഹാജരായി.