Wednesday, March 11, 2026 Last Updated 28 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.16 AM

ശനിയാഴ്‌ച അവധിയും ജനക്ഷേമവും

uploads/news/2026/02/824354/1.jpg

സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്‌ചയില്‍ ആറില്‍നിന്ന്‌ അഞ്ചാക്കി കുറയ്‌ക്കാനുള്ള നീക്കം ശക്‌തിപ്പെട്ടിരിക്കുന്നു. സര്‍വീസ്‌ സംഘടനകള്‍ ഈയൊരു നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതോടെ സര്‍ക്കാരിന്റെ അന്തിമതീരുമാനമാണ്‌ ഇനി പുറത്തുവരാനുള്ളത്‌. ഭരണച്ചെലവ്‌ കുറയ്‌ക്കാനാകുമെന്ന കണക്കുകൂട്ടലില്‍ ഭരണപരിഷ്‌കരണ കമ്മിഷനും ശമ്പള കമ്മിഷനും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണു ചര്‍ച്ചകള്‍ സജീവമായത്‌. ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ ശനിയാഴ്‌ചകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സ്‌ഥിരമായി അവധിയാകും. ഇപ്പോള്‍തന്നെ, മിക്ക സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ലഭിക്കുന്ന സേവനത്തില്‍ ജനങ്ങള്‍ക്കു തൃപ്‌തിയില്ല. പ്രവൃത്തിദിനങ്ങള്‍ കുറയുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന വിലയിരുത്തല്‍ പലര്‍ക്കുമുണ്ട്‌.
ജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പോടെമാത്രമാകണം അവധിക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടാകാന്‍.
ശനിയാഴ്‌ചയും അവധിയെന്നതിനോട്‌ ഈയൊരു നീക്കം അവതരിപ്പിച്ചതുമുതല്‍ ജീവനക്കാരും സംഘടനകളും അനുകൂല മനോഭാവമാണ്‌ പുലര്‍ത്തിപ്പോരുന്നത്‌. അതിനുവേണ്ട നിബന്ധനകളിലാണ്‌ ചര്‍ച്ചകള്‍ തുടരുന്നതും അന്തിമ തീരുമാനം വരേണ്ടതും. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ്‌ സംഘടനകള്‍ നിലപാട്‌ അറിയിച്ചത്‌.
ശനിയാഴ്‌ചകള്‍ അവധിദിനം ആകുന്നതോടെ ദിവസേനയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം സംഘടനകള്‍ക്കു സമ്മതമായിട്ടുണ്ട്‌. അങ്ങനെ വരുമ്പോള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5.30 വരെയാകും ജോലി സമയം. നിലവില്‍ 42 മണിക്കൂറാണ്‌ ആഴ്‌ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയുമ്പോള്‍ ആഴ്‌ചയില്‍ എഴു മണിക്കൂറിന്റെയും മാസത്തില്‍ 21 മണിക്കൂറിന്റെയും വര്‍ഷത്തില്‍ 36 ദിവസത്തിന്റെയും കുറവുണ്ടാകും. പ്രവൃത്തി സമയം വര്‍ധിപ്പിക്കുന്നതിലൂടെ ഇതു പൂര്‍ണമായും പരിഹരിക്കാനും സാധിക്കില്ല. പ്രവൃത്തി ദിനങ്ങള്‍ കുറയ്‌ക്കുമ്പോള്‍ നിലവില്‍ കിട്ടികൊണ്ടിരിക്കുന്ന കാഷ്വല്‍ ലീവ്‌, പൊതു അവധികള്‍ എന്നിവ വെട്ടിക്കുറയ്‌ക്കരുതെന്നു സര്‍വീസ്‌ സംഘടനകള്‍ കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രവൃത്തി സമയം രേഖപ്പെടുത്തിയതുകൊണ്ടുമാത്രമാകില്ല. കാര്യക്ഷമമായി ജീവനക്കാര്‍ സമയം വിനിയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനായില്ലെങ്കില്‍ മാറ്റം ജനങ്ങള്‍ക്കു ഗുണകരമാകില്ല.
ആഴ്‌ചയില്‍ അഞ്ചു ദിവസംമാത്രം പ്രവൃത്തി ദിനം ആക്കുന്നതിലൂടെ വെള്ളം, വൈദ്യുതി എന്നിവയുടെ ഉപയോഗം കുറയ്‌ക്കാമെന്നും അതിലൂടെ ഭരണച്ചെലവ്‌ കുറച്ചു ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നുമാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഭരണച്ചെലവ്‌ കുറയ്‌ക്കുന്നതു പ്രധാനമാണെങ്കിലും സര്‍ക്കാര്‍ സേവനം ജനങ്ങള്‍ക്ക്‌ ഉറപ്പാക്കുന്നതിലാകണം ഭരണാധികാരികള്‍ മുഖ്യ പരിഗണന നല്‍കേണ്ടത്‌. ജനക്ഷേമം ഉറപ്പാക്കാതെയുള്ള എന്തു പരിഷ്‌കരണവും വിമര്‍ശിക്കപ്പെടും.
സര്‍ക്കാര്‍ ഓഫീസുകളിലെ 'ആളില്ലാ കസേരകള്‍' ഇന്നുമൊരു കാഴ്‌ചയാണ്‌. ഓഫീസുകള്‍ കയറിയിറങ്ങി ആളുകള്‍ മടുക്കുന്നതിലും വലിയ മാറ്റമൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അഴിമതിയും കൈക്കൂലിയും മാറാ'രോഗ'മായി തുടരുന്നു. ഒരു ദിവസത്തെ വേതനത്തേക്കാള്‍ കുറവ്‌ തുകപോലും കൈക്കൂലിയായി കൈപ്പറ്റി ഉദ്യോഗസ്‌ഥര്‍ വിജിലന്‍സിന്റെ പിടിയിലാകുമ്പോള്‍ ആളുകള്‍ എങ്ങനെ അത്‌ഭുതപ്പെടാതിരിക്കും. നിസാരകാര്യങ്ങള്‍ക്കു വലിയ കൈക്കൂലി ആവശ്യപ്പെട്ട്‌ ആളുകളെ ശ്വാസംമുട്ടിക്കുന്നവരും കുറവല്ല. ഉദ്യോഗസ്‌ഥരുടെ മാന്യമല്ലാത്ത പെരുമാറ്റവും ഫയല്‍ നീക്കത്തിലെ താമസവുമെല്ലാം പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്‌. ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആളുകളുടെ ബുദ്ധിമുട്ടും ഭരണച്ചെലവും കുറയ്‌ക്കാന്‍ കഴിയും. അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിലാകണം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്‌. അടിസ്‌ഥാന സൗകര്യങ്ങളിലെ കുറവ്‌ ചൂണ്ടിക്കാട്ടി ആളുകള്‍ക്കു സേവനം നിഷേധിക്കുന്നതും വെല്ലുവിളിയായി തുടരുന്നു.
പ്രവൃത്തി ദിനം കുറയ്‌ക്കുന്നതിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലാതെ ജനങ്ങള്‍ക്ക്‌ അതിന്റെ പ്രത്യക്ഷ പ്രയോജനമൊന്നും ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളാണിതെല്ലാം. പൗരന്റെ അവകാശമായ സേവനം കൃത്യമായി ഉറപ്പാക്കിമാത്രമാകണം പ്രവൃത്തിദിനം കുറയ്‌ക്കുന്നതില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടാകേണ്ടത്‌.

Ads by Google
Saturday 07 Feb 2026 11.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW