Thursday, March 12, 2026 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.16 AM

ചൈനീസ്‌ വിസ്‌മയങ്ങളില്‍ ചോദ്യചിഹ്‌നമായി അഴിമതി

ലോണ്‍ലി പ്ലാനറ്റ്‌ ഏഷ്യ ഡാര്‍ക്ക്‌സ്‌കൈ നൈറ്റ്‌സ്‌കേപ്പ്‌ മാസിക എഡിറ്ററും ലണ്ടന്‍ നിവാസിയായ പ്രശസ്‌ത യാത്രാ-ശാസ്‌ത്ര എഴുത്തുകാരിയുമായ മേഗന്‍ ഈവ്‌സ്‌ ബി.ബി.സി., ദ്‌ ടൈംസ്‌, എ.എഫ്‌.എ.ആര്‍. തുടങ്ങിയ മാധ്യമങ്ങളില്‍ പംക്‌തികാരിയുമാണ്‌. 'ചൈനയിലുടനീളം ഏഴ്‌ ബുള്ളറ്റ്‌ ട്രെയിന്‍ യാത്രകള്‍: വന്‍മതില്‍ മുതല്‍ ഷാംഗ്രി-ല വരെ' എന്ന ദീര്‍ഘ കുറിപ്പ്‌ ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍ ശൃംഖലയും റെക്കോഡ്‌ തകര്‍ക്കുന്ന പുതിയ ബുള്ളറ്റ്‌ ട്രെയിനും സഞ്ചാരികളെ എങ്ങനെ ആകര്‍ഷിക്കുന്നുവെന്നും ആ വിശാല രാജ്യത്തെ പര്യവേക്ഷണം ചെയ്യുന്നത്‌ എപ്രകാരമെന്നും വിശദമാക്കിയതാണ്‌.
28500 മൈലിലധികം അതിവേഗ ട്രാക്കുകള്‍ (യൂറോപ്പില്‍ 7450 മൈല്‍) ഉള്‍പ്പെടുന്ന ശൃംഖലയിലൂടെ ചൈന പുതിയ ഭാവി ജ്വലിപ്പിക്കുകയാണ്‌. 280 മൈല്‍ സ്‌പീഡുള്ള ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ്‌ ട്രെയിനും അടുത്തിടെ പുറത്തിറക്കി. അവയെല്ലാം പരിസ്‌ഥിതി സൗഹൃദങ്ങള്‍. ചൈനയിലെ ഏറ്റവും പ്രധാന രണ്ട്‌ സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഷാങ്‌ഹായ്‌-ചെങ്‌ഡു അതിവേഗ ഇടനാഴിയില്‍ 2025 ഒക്‌ടോബര്‍ 30ന്റെ സി.ആര്‍.450 ബുള്ളറ്റിന്റെ പരീക്ഷണ ഓട്ടം അമ്പരപ്പിച്ച വേഗത്തിലായിരുന്നു; മണിക്കൂറില്‍ 896 കിലോമീറ്റര്‍. ഓവര്‍ഹെഡ്‌ മാഗ്‌നറ്റിക്‌ ട്രാക്കില്‍ സ്‌പര്‍ശിക്കാതെ നിലത്തുനിന്ന്‌ 30 അടി ഉയരത്തില്‍ വായുവിലൂടെ തെന്നി നീങ്ങി -ഓടുന്ന ലോകത്തിലെ ആദ്യ സസ്‌പെന്‍ഡഡ്‌ മാഗ്‌നറ്റിക്‌ ലെവിറ്റേഷന്‍ അല്ലെങ്കില്‍ മാഗ്ലെവ്‌ എയര്‍ ട്രെയിന്‍ മറ്റൊരു അത്ഭുതം.
വിത്തുകള്‍ മുളപ്പിയ്‌ക്കുന്ന
ആദ്യ ചാന്ദ്ര ദൗത്യം
ഗതാഗത മേഖലയിലേതുപോലുള്ള കുതിച്ച്‌ കാര്‍ഷിക രംഗത്തും വിസ്‌മയമാണ്‌. ചൈനയുടെ ചാന്ദ്ര ദൗത്യത്തില്‍ ആദ്യ വിത്തുകള്‍ മുളപ്പിക്കുന്നുവെന്നായിരുന്നു ആ വാര്‍ത്തയ്‌ക്ക്‌ ഒരു പത്രം നല്‍കിയ ശീര്‍ഷകം. ചാങ്‌ ഇ -4 ദൗത്യം ചന്ദ്രനിലേക്ക്‌ കൊണ്ടുപോയ വിത്തുകള്‍ മുളച്ചുവന്നതായി ചൈന നാഷണല്‍ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ വാര്‍ത്താകുറിപ്പിറക്കുകയുമുണ്ടായി. ചന്ദ്രനില്‍ ഏതെങ്കിലും ജൈവവസ്‌തു വളരുന്നത്‌ ഇതാദ്യം. ദീര്‍ഘ ബഹിരാകാശ പര്യവേക്ഷണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണ്‌ ആ നേട്ടം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മുമ്പ്‌ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌, എന്നാല്‍, ചന്ദ്രനില്‍ ഒരിക്കലും അങ്ങനെയുണ്ടായില്ല. ബഹിരാകാശയാത്രികര്‍ക്ക്‌ സ്വന്തം ഭക്ഷണം വിളവെടുക്കാന്‍ കഴിയുകയും അങ്ങനെ ഭൂമിയിലേക്ക്‌ വന്ന്‌ ഭക്ഷണം തിരികെകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കുറയ്‌ക്കുകയും ചെയ്യും.
മൂണ്‍ ലാന്‍ഡര്‍ അതിന്റെ മണ്ണില്‍ പരുത്തി, ഉരുളക്കിഴങ്ങ്‌ വിത്തുകള്‍, യീസ്‌റ്റ്‌, പഴ ഈച്ച മുട്ടകള്‍ എന്നിവ വഹിച്ചുകൊണ്ടിരുന്നു. ലാന്‍ഡറില്‍ സീല്‍ ചെയ്‌ത പാത്രത്തിലാണ്‌ സസ്യങ്ങള്‍. വിളകള്‍ ചെറിയ ജൈവമണ്ഡലം രൂപപ്പെടുത്തും;കൃത്രിമവും സ്വയം നിലനില്‍ക്കുന്നതുമായ അന്തരീക്ഷം. ചാങ്‌ ഇ-4 ലാന്‍ഡറിലെ ചാന്ദ്ര മിനി ബയോസ്‌ഫിയര്‍ പരീക്ഷണം ജീവജാലങ്ങളില്‍ ഊര്‍ജോല്‍പാദനത്തിനാവശ്യമായ പ്രകാശസംശ്ലേഷണവും ശ്വസനവും പരീക്ഷിക്കുന്നത്‌ ഏളുപ്പമാക്കി. 28 സര്‍വകലാശാലകള്‍ രൂപകല്‍പന ചെയ്‌ത 18 സെന്റീമീറ്റര്‍ ഉയരവും മൂന്നുകിലോ ഭാരവുമുള്ള കാനിസ്‌റ്ററിനുള്ളിലാണ്‌ മുഴുവന്‍ പരീക്ഷണവും. ഉള്ളിലെ ജീവികള്‍ക്ക്‌ വളരാന്‍ സഹായിക്കുന്ന വായു, വെള്ളം, പോഷകങ്ങള്‍ എന്നിവയുടെ ലഭ്യതയുമുണ്ട്‌. പക്ഷേ ചന്ദ്രനിലെ താപനില കൂടുതലാവുമ്പോള്‍ വളര്‍ച്ചയ്‌ക്ക്‌ അനുകൂലമായ അവസ്‌ഥ നിലനിര്‍ത്തുക വെല്ലുവിളിയാണെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. ചന്ദ്രനില്‍ മനുഷ്യരാശിയുടെ ആദ്യ ജൈവ പരീക്ഷണത്തിന്റെ പൂര്‍ത്തീകരണം എന്ന വിശേഷണത്തോടെയാണ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ്‌ ഡെയ്‌ലി മുളപ്പിച്ച വിത്തിന്റെ ചിത്രം ട്വീറ്റ്‌ ചെയ്‌തത്‌.
പരീക്ഷണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായ പ്രഫ. സീ ഗെങ്‌സിന്‍ സൗത്ത്‌ ചൈന മോണിങ്‌ പോസ്‌റ്റിനോട്‌ അഭിപ്രായപ്പെട്ടത്‌ ബഹിരാകാശത്ത്‌ ഭാവിയിലെ അതിജീവനത്തിന്‌ തങ്ങള്‍ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ്‌. ഗുരുത്വാകര്‍ഷണം കുറഞ്ഞ അന്തരീക്ഷത്തില്‍ സസ്യവളര്‍ച്ചയെക്കുറിച്ച്‌ പഠിക്കുന്നത്‌ ഭാവിയില്‍ ബഹിരാകാശ അടിത്തറ സ്‌ഥാപിക്കുന്നതിന്‌ സഹായകമാവും. യാത്രികര്‍ക്ക്‌ ഉരുളക്കിഴങ്ങ്‌ ഭക്ഷ്യ സ്രോതസായി മാറുമ്പോള്‍ എണ്ണയ്‌ക്ക്‌ പകരം റാപ്‌സീഡും വസ്‌ത്രങ്ങള്‍ക്കായി പരുത്തിയും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ നെറുകയിലെത്തിയ വിസ്‌മയകരങ്ങളായ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ചൈനീസ്‌ ഇന്ദ്രജാലങ്ങളെ ഇകഴ്‌ത്തിക്കാണിക്കുന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ സ്‌ഥാനം പിടിക്കുന്നു.
ചില പാര്‍ട്ടി നേതാക്കളുടെയും ഉന്നതോദ്യോഗസ്‌ഥരുടെയും അഴിമതിയും കൈക്കൂലിയുമാണ്‌ പ്രധാനം. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ ഏറ്റവും ഭീഷണി അഴിമതിയാണെന്നും അത്‌ ഏറിക്കൊണ്ടിരിക്കയാണെന്നും 2026 ജനുവരിയില്‍ പ്രസിഡന്റ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കൈക്കൂലിക്കേസില്‍ മുന്‍ കൃഷി ഗ്രാമകാര്യ മന്ത്രി മന്ത്രി ടാങ്‌ റെന്‍ജിയാന്‌ 2025 സെപ്‌റ്റംബര്‍ 28 ന്‌ ജിലിന്‍ പ്രവിശ്യാ കോടതി വധശിക്ഷ വിധിച്ചുവെന്ന്‌ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട്‌ ചെയ്‌തു. മന്ത്രിയാകുംമുമ്പ്‌ 2017 മുതല്‍ 2020 വരെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവിന്റെ ഗവര്‍ണറായിരുന്നു അദ്ദേഹം. 2007 24 വര്‍ഷങ്ങളില്‍ വിവിധ പദവികളിലായി 2.68 കോടി യുവാന്‍ വിലമതിക്കുന്ന പണവും സ്വത്തും ഉള്‍പ്പെടെ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ശിക്ഷ. 2024 നവംബറില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ടാങ്ങിനെ പുറത്താക്കി.
ആറ്‌ മാസത്തിന്‌ ശേഷം ആന്റി-ഗ്രാഫ്‌റ്റ്‌ വാച്ച്‌ഡോഗ്‌ അന്വേഷണത്തിന്‌ വിധേയമാക്കുകയും സ്‌ഥാനങ്ങളില്‍നിന്ന്‌ നീക്കുകയും ചെയ്‌തു. പ്രതിരോധ മന്ത്രി ലി ഷാങ്‌ഫുവിനും മുന്‍ഗാമി വെയ്‌ ഫെങ്‌ഹെയ്‌ക്കുമെതിരേ സമാന അന്വേഷണങ്ങള്‍ നടന്നു.
110 കോടി യുവാന്‍ (15. 5 ലക്ഷം യു.എസ്‌. ഡോളര്‍) കൈക്കൂലി വാങ്ങിയതിന്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ അസറ്റ്‌ മാനേജ്‌മെന്റ്‌ സ്‌ഥാപനമായ ചൈന ഹുവാറോങ്‌ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്ങ്‌സിന്റെ മുന്‍ ജനറല്‍ മാനേജര്‍ ബായ്‌ ടിയാന്‍ഹുയിയെ സുപ്രിം പീപ്പിള്‍സ്‌ കോടതി വിധി പ്രകാരം 2025 ഡിസംബര്‍ ഒന്‍പതിന്‌ ടിയാന്‍ജിനില്‍ തൂക്കിലേറ്റിയതായി സ്‌റ്റേറ്റ്‌ ബ്രോഡ്‌കാസ്‌റ്റര്‍ സി.സി.ടിവി റിപ്പോര്‍ട്ട്‌ ചെയ്‌തു. അദ്ദേഹം നടത്തിയിരുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ഓഫ്‌ഷോര്‍ യൂണിറ്റ്‌ സിറ്റിക്‌ ഗ്രൂപ്പ്‌ ഏറ്റെടുക്കുകയും 2024 ജനുവരിയില്‍ ചൈന സിറ്റിക്‌ ഫിനാന്‍ഷ്യല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി.
ചൈനയിലെ മുന്‍ ഉന്നത ചാര മേധാവികളില്‍ ഒരാളായ മാ ജിയാന്‍ 10.90 ലക്ഷം യുവാന്‍ കൈക്കൂലി വാങ്ങിയതിനും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടു. കൈക്കൂലി കേസില്‍ മുതിര്‍ന്ന ദേശീയ രാഷ്‌ട്രീയ ഉപദേഷ്‌ടാവായിരുന്ന ഹാന്‍ യോങ്ങിന്‌ സസ്‌പെന്‍ഷനും വധശിക്ഷയും നല്‍കി. മൂന്ന്‌ ദശാബ്‌ദത്തിനിടെ 3. 62 കോടി ഡോളര്‍ കൈക്കൂലി വാങ്ങിയതാണ്‌ കേസ്‌. പകരമായി, ജിലിന്‍, സിന്‍ജിയാങ്‌, ഷാന്‍സി പ്രവിശ്യകളിലെ തന്റെ ഉന്നത സ്‌ഥാനങ്ങള്‍ ദുരുപയോഗം ചെയ്‌ത്‌ ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍, പ്രോജക്‌റ്റ്‌ കോണ്‍ട്രാക്‌ടിങ്‌ തുടങ്ങിയവയില്‍ കമ്പനികളെയും വ്യക്‌തികളെയും നിയമവിരുദ്ധമായി സഹായിച്ചു. അനധികൃതമായി വാരിക്കൂട്ടിയ സ്വത്തുക്കളും രാജ്യ ട്രഷറിയിലേക്ക്‌ മാറ്റി. അന്വേഷണത്തില്‍ വരാത്ത വിവരങ്ങള്‍ വെളിപ്പെടുത്തി, കുറ്റം സമ്മതിച്ചു, നിയമവിരുദ്ധമായി സമ്പാദിച്ച കാശ്‌ സ്വമേധയാ തിരികെ നല്‍കി എന്നീ കാരണങ്ങളാല്‍ ഹാനിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ആ അറുപത്തിയെട്ടുകാരന്‌ തൂക്കുകയറില്‍നിന്ന്‌ രണ്ട്‌ വര്‍ഷം സാവകാശം ലഭിക്കും. നാനിങ്‌ ഇന്റര്‍മീഡിയറ്റ്‌ പീപ്പിള്‍സ്‌ കോടതി ഉത്തരവില്‍ ചൈനീസ്‌ നിയമപ്രകാരം രണ്ട്‌ വര്‍ഷത്തെ കാലയളവില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ശിക്ഷ സ്വയമേവ ജീവപര്യന്തം തടവായി കുറയ്‌ക്കപ്പെടുമെന്ന പരാമര്‍ശവുമുണ്ടായി.
ചൈനീസ്‌ പീപ്പിള്‍സ്‌ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ്‌ കോണ്‍ഫറന്‍സിന്റെ (സി.പി.പി.സി.സി.) ഷാന്‍സി പ്ര?വിന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സി.പി.പി.സി.സി. നാഷണല്‍ കമ്മിറ്റിയുടെ ജനസംഖ്യ, വിഭവങ്ങള്‍, പരിസ്‌ഥിതി കമ്മിറ്റിയുടെ വൈസ്‌ ഡയറക്‌ടര്‍ എന്നിവയുള്‍പ്പെടെ വിവിധ സ്‌ഥാനങ്ങള്‍ വഹിച്ച ഹാനെതിരായ നിയമ നടപടികളുടെ തുടക്കം 2023 ഒക്‌ടോബറിലായിരുന്നു. ഏറ്റവും ഉയര്‍ന്ന അഴിമതി വിരുദ്ധ ഏജന്‍സിയായ സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്‌ഷനും നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷനും അന്വേഷണം നടത്തി 2024 ഏപ്രിലില്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കി.
സെമികണ്ടക്‌ടര്‍ ഭീമനായ സിങ്‌ഹുവ യൂണിഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ഷാവോ വെയ്‌ഗുവോയെ തട്ടിപ്പ്‌, നിയമവിരുദ്ധ ലാഭം തേടല്‍, വിശ്വാസലംഘനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ ചൈനീസ്‌ കോടതി വധശിക്ഷ വിധിക്കുകയുമുണ്ടായി. 2021 ജനുവരിയില്‍ അസറ്റ്‌ മാനേജ്‌മെന്റിന്റെ മുന്‍ ചെയര്‍മാന്‍ ലായ്‌ ഷിയോമിനും സമാന വിധി നേരിടേണ്ടി വന്നു. 2011ല്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട ഹാങ്‌ഷൗ, സുഷൗ എന്നിവിടങ്ങളിലെ മുന്‍ ഡെപ്യൂട്ടി മേയര്‍മാരായ സു മയയോങ്ങിന്റെയും ജിയാങ്‌ റെഞ്ചിയുടെയും കേസുകള്‍ക്ക്‌ ശേഷമായിരുന്നു അത്‌. ഷി ജിന്‍പിങ്ങിന്റെ സൈനിക നേതൃത്വങ്ങളില്‍ ഏറ്റവും വിശ്വസ്‌തനായിരുന്ന ജനറല്‍ ഷാങ്‌ യൂക്‌സിയയും സൈന്യത്തിന്റെ ജോയിന്റ്‌ സ്‌റ്റാഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവനായ ജനറല്‍ ലിയു ഷെന്‍ലിയും ഗുരുതര അച്ചടക്ക നിയമ ലംഘനങ്ങള്‍ക്ക്‌ അന്വേഷണം നേരിടുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക പത്രം പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളുണ്ടായി.
സൈന്യത്തെ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ തലവന്‍ എന്ന നിലയില്‍ ഷിയുടെ അധികാരത്തെ ഇരുവരും ദുര്‍ബലപ്പെടുത്തിയെന്നും പാര്‍ട്ടിയുടെ സായുധ സേനാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയും യുദ്ധസജ്‌ജത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടസപ്പെടുത്തുകയും ചെയ്‌തതായും അതില്‍ പറയുന്നു. ആണവായുധങ്ങളെക്കുറിച്ചുള്ള പ്രധാന സാങ്കേതിക വിവരങ്ങള്‍ യു.എസിന്‌ ചോര്‍ത്തി നല്‍കിയെന്നും പ്രതിരോധ മേധാവിയായി മാറിയ ഉദ്യോഗസ്‌ഥനില്‍നിന്ന്‌ ഉള്‍പ്പെടെ സ്‌ഥാനക്കയറ്റങ്ങള്‍ക്ക്‌ കൈക്കൂലി വാങ്ങിയെന്നുമുള്ള ആക്ഷേപങ്ങളും ഷാങ്‌ നേരിടുന്നുണ്ട്‌.

എ.വി. അനില്‍കുമാര്‍

Ads by Google
Saturday 07 Feb 2026 11.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW