-->
മുംബൈ: അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ 25 മുതല്‍ 30 ട്രില്യണ്‍ ഡോളര്‍ വരെ വളര്‍ച്ച കൈവരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈയില്‍ നടന്ന 'ജിയോ-ബ്ലാക്ക്‌റോക്ക്' ഉച്ചകോടിയില്‍ ബ്ലാക്ക്‌റോക്ക് സി.ഇ.ഒ. ലാറി ഫിങ്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമ്പത്തിക രംഗം ഇപ്പോള്‍ ഫലം നല്‍കുന്ന ഒരു വൃക്ഷത്തെപ്പോലെയാണെന്നും എട്ട് മുതല്‍ പത്ത് ശതമാനം വരെയുള്ള വാര്‍ഷിക വളര്‍ച്ച രാജ്യം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമ്പാദ്യശീലം ഇന്ത്യക്കാരുടെ രക്‌തത്തിലുള്ളതാണെങ്കിലും അത് സ്വര്‍ണത്തിലും വെള്ളിയിലുമായി കെട്ടിക്കിടക്കുന്നത് ഉല്‍പ്പാദനക്ഷമമല്ലെന്ന് അംബാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം 60 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. ഇത്തരം നിക്ഷേപങ്ങളെ മൂലധന വിപണിയിലേക്ക് എത്തിക്കുകയാണ് ജിയോ-ബ്ലാക്ക്‌റോക്ക് സഖ്യത്തിന്റെ ലക്ഷ്യം.
സുതാര്യവും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെ സാധാരണക്കാരുടെ സമ്പാദ്യത്തെ വരുമാനമാക്കി മാറ്റാന്‍ പുതിയ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ പുത്തന്‍ സ്‌റ്റാര്‍ട്ടപ്പുകളില്‍ നൂറിലധികം പുതിയ 'റിലയന്‍സുകളെ' താന്‍ കാണുന്നുണ്ടെന്ന് പറഞ്ഞ അംബാനി, യുവാക്കളുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. എ.ഐ. മേഖലയില്‍ നിക്ഷേപം നടത്തേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ലാറി ഫിങ്ക് അഭിപ്രായപ്പെട്ടു.
സുസ്‌ഥിരമായ സര്‍ക്കാര്‍ നയങ്ങളും ഡിജിറ്റല്‍ പരിഷ്‌കാരങ്ങളുമാണ് ഇന്ത്യയുടെ കുതിപ്പിന് അടിത്തറയെന്നും ആഗോള സാമ്പത്തിക രംഗത്തെ പ്രധാന ചാലകശക്‌തിയായി ഇന്ത്യ മാറിക്കഴിഞ്ഞെന്നും ഇരുവരും വ്യക്‌തമാക്കി.