-->
മലപ്പുറം: ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പദ്ധതി പ്രഖ്യാപിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പൊന്നാനിയില്‍ ഇ ശ്രീധരന്‍ തുറന്ന ഓഫീസിന്റെ പ്രവര്‍ത്തനവും വഴിമുട്ടി. ഓഫീസ് തുറന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും വ്യക്തതയില്ല.
ഡിഎംആര്‍സിയുടെ ഉദ്യോഗസ്ഥര്‍ എത്തുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞിരുന്നത്. അതിവേഗ റെയില്‍ പദ്ധതിക്കായി ഡിപിആര്‍ തയ്യാറാക്കാന്‍ എന്ന് അവകാശപ്പെട്ട് ഫെബ്രുവരി രണ്ടിനായിരുന്നു ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത്. ജനുവരി 24നായിരുന്നു അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പരസ്യ പ്രഖ്യാപനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഏപ്രില്‍-മെയ് മാസത്തോടെ ഫീല്‍ഡ് വര്‍ക്ക് തുടങ്ങും എന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓഫീസ് തുറന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ എത്താത്തത് തിരിച്ചടിയായിരിക്കുകയാണ്.
ഇന്നലെ രാജ്യസഭയില്‍ എംപിമാരായ ഹാരിസ് ബീരാനും ജോണ്‍ ബ്രിട്ടാനും ഇ ശ്രീധരന്റെ 'റോള്‍' സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. റെയില്‍വേയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്നതിന് അപ്പുറത്തേയ്ക്ക് പദ്ധതിയുടെ മറ്റ് കാര്യങ്ങളെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.