-->
കാസര്‍കോട്: സിപിഐഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമികള്‍ മതേതരവാദികളും വിട്ടാല്‍ വര്‍ഗീയവാദികള്‍ ആകുമെന്നുമുള്ള സിപിഐഎമ്മിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് വി ഡി സതീശന്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്നും പറഞ്ഞു.
അവര്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കും. അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദ നിലപാടുള്ളപ്പോള്‍ അവര്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തായിരുന്നെന്നും പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കാണവെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
എന്‍എസ്എസ്- എസ്എന്‍ഡിപിയും തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്നും അത് വ്യക്തിപരമാണെന്നും യുഡിഎഫിന് എതിരേയുള്ളതല്ലെന്നും പറഞ്ഞു. തനിക്കെതിരായ വിമര്‍ശനത്തെ യുഡിഎഫിനെതിരായി കാണേണ്ടതില്ല. വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞ
സ്വര്‍ണക്കൊള്ള കേസില്‍ സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. ഫോട്ടോയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. കേസില്‍ ഒരു പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള തെളിവില്ലാതെ അവസാനിക്കുമെന്നും പറഞ്ഞു.
സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. ഈ പോക്ക് പോയാല്‍ കേരളം അഞ്ച് വര്‍ഷം കൊണ്ട് വൃദ്ധസദനമായി മാറും. ഭാവി കേരളത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജാഥയില്‍ ചര്‍ച്ച ചെയ്യാം. യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികള്‍ ജാഥയില്‍ പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.