-->
സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നടനായ ബാലയെ വിവാഹം ചെയ്ത അമൃതയുടെ വ്യക്തി ജീവിതം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. പ്രണയിച്ച് വിവാഹം ചെയ്ത ബാലയും അമൃതയും പിന്നീട് വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുണ്ട്, അവന്തിക. അമൃതയ്ക്കൊപ്പമാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു ജീവിക്കുന്നത്.
ബാലയുമായി വേർപിരിഞ്ഞ ശേഷം ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനില്‍ ആയിരുന്നു അമൃത. പിന്നീട് പക്ഷേ ആ ബന്ധത്തില്‍ നിന്നും ഇരുവരും പിന്മാറി. ബാലയുമായി പല വാദപ്രതിവാദങ്ങളും മകളുടെ പേരില്‍ ഉന്നയിച്ച അവകാശങ്ങളുമടക്കം അമൃത ഇടയ്ക്ക് വൈകാരികമായി ഒരുപാട് തളര്‍ന്നു പോയിരുന്നു. സംഗീതവും കുടുംബത്തിന്റെ പിന്തുണയുമാണ് അമൃതയ്ക്ക് ഈ സമയത്ത് ഏറ്റവും കരുത്തായി മാറിയത്. തനിക്ക് കിട്ടിയ പിന്തുണയെക്കുറിച്ചും കരുത്തായി മാറിയവരെക്കുറിച്ചും പിന്നീട് വന്നു ചേര്‍ന്ന സന്തോഷങ്ങളുമെല്ലാം അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളായ പാപ്പുവിനെക്കുറിച്ചും അനിയത്തി അഭിരാമിയെക്കുറിച്ചും അമൃത പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അഭിരാമി തനിക്കെപ്പോഴും കരുത്താണെന്നും സഹോദരിമാർക്കിടയില്‍ ഉള്ള കുശുമ്പ് പോലും അഭിക്കില്ലെന്നും എല്ലാം തനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണെന്നുമാണ് അമൃത പറയുന്നത്. തന്റെ മകള്‍ പാപ്പുവിന് ട്രോമ ട്രിഗർ ആയതുകൊണ്ടാണ ലോ പഠിക്കണമെന്ന ആഗ്രഹം വന്നതെന്നും അമൃത പറയുന്നു.
‘‘അഭി സ്ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ത് ഒന്നും ഉള്ളില്‍ ഇല്ല. അവള്‍ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്. അതാണ് എന്റെ സ്ട്രങ്ത്. അതിന് എനിക്ക് സപ്പോർട്ട് തരുന്നത് അഭിയാണ്.
കുട്ടിക്കാലം മുതല്‍ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു. ഇപ്പോഴും അവള്‍ക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളു. അവള്‍ എന്റെ പട്ടാളമായാണ് പല കാര്യങ്ങളിലും നിന്നിട്ടുള്ളത്. റിയാക്‌ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവള്‍ പ്രതികരിക്കും. അതെങ്ങനെ ശരിയാകും?. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ലെന്ന ആറ്റിറ്റ്യൂഡാണ് അവള്‍ക്ക്.
അഭിയെപ്പോലൊരാളെ കിട്ടുക എന്നത് ഭാഗ്യമാണ്. സഹോദരിമാർക്കിടയില്‍ ഉള്ള കുശുമ്പ് പോലും അവള്‍ക്കില്ല. എല്ലാം എനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണ്.
ഒരു കരണത്ത് അടിച്ചാല്‍ മറുകരണം കൂടി കാണിച്ച് കൊടുത്തിരുന്നയാളാണ് അച്ഛൻ. ഒച്ചയും ബഹളവും ഇല്ലാത്ത പാവം അച്ഛനായിരുന്നു. ഞാൻ അച്ഛനെപ്പോലെയാണ് എന്നാണ് അമ്മ പറയാറ്. ഒന്നും തട്ടിപ്പറിച്ച് സ്വന്തമാക്കുന്ന സ്വഭാവം അച്ഛനില്ല. എനിക്കുമില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളും നഷ്ടപ്പെട്ട് പോകാറുണ്ട്. ഇടിച്ച് നിന്ന് കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന രീതിയാണല്ലോ സമൂഹത്തില്‍.
ലോ പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആഗ്രഹം അവള്‍ക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവള്‍ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രിഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് നമുക്ക് കാണാം.
അവള്‍ അതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ അമ്മ എന്ന രീതിയില്‍ എനിക്ക് സന്തോഷമാണ്. പാപ്പു വളർന്ന് എന്റെ അത്രയുമായി. തടിയും പൊക്കവുമെല്ലാം എനിക്കുള്ളത് പോലെയാണ്. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങള്‍ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. മിസ്റ്റേക്ക്സ് എല്ലാവരും ചെയ്യും. അതിനാല്‍ തന്നെ നാളെ ഒരു മിസ്റ്റേക്ക് നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല. കാരണം മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കില്‍ കയ്യില്‍ നിന്നും എന്തെങ്കിലും മിസ്റ്റേക്സ് പറ്റിയാല്‍ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കണ്‍ഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്. അവളുടെ സുഹൃത്തുക്കള്‍ക്കും ഞാനാണ് കംഫേർട്ട് സോണ്‍.
എന്റെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നതുകൊണ്ടാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. എന്റെ ജാക്ക് പോട്ട് എന്റെ പാപ്പുവാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് റിഗ്രറ്റ് ഇല്ല. ഞാൻ റിഗ്രറ്റ് ചെയ്യേണ്ട സംഭവം ഉണ്ടെങ്കിലും അതിന്റെ ബൈ പ്രോഡക്ടായി എനിക്ക് സുന്ദരികുട്ടിയും ചക്കരയുമായ ഒരു മോളുണ്ട്. അതിനാല്‍ റിഗ്രറ്റ് ചെയ്യാതെ ദൈവ നിശ്ചയമായി കരുതുന്നു....’’ എന്നാണ് അമൃത പറയുന്നത്.