Wednesday, March 11, 2026 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.25 PM

വൈകിവന്ന വിവേകം

uploads/news/2026/02/824106/ed.jpg

മൂന്നു പതിറ്റാണ്ടോളം നീണ്ട അനിശ്‌ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട്‌ അങ്കമാലി - എരുമേലി ശബരി റെയില്‍പാത യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്‌ നല്‍കുന്ന ആശ്വാസം ചെറുതല്ല. പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം വഹിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനായി 1900 കോടി രൂപ കിഫ്‌ബി വഴി സമാഹരിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌ത മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, ഈ 'ശുഭവാര്‍ത്ത' കേള്‍ക്കുമ്പോഴും കേരളത്തിന്റെ വികസന ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതാമായിരുന്ന ഒരു പദ്ധതി, ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്‌മ മൂലം എങ്ങനെയാണ്‌ പത്തു വര്‍ഷത്തോളം പിന്നോട്ടുപോയതെന്ന യാഥാര്‍ത്ഥ്യം വിസ്‌മരിക്കാനാവില്ല.
1997-98 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്ക്‌ അന്ന്‌ കണക്കാക്കിയിരുന്ന ചെലവ്‌ 550 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, കാലം കടന്നുപോയപ്പോള്‍ ചെലവ്‌ കുതിച്ചുയരുകയും, പദ്ധതി നടപ്പാക്കാന്‍ പകുതി പണം സംസ്‌ഥാനം വഹിക്കണമെന്ന നിലപാടിലേക്ക്‌ റെയില്‍വേ എത്തുകയും ചെയ്‌തു. ഇവിടെയാണ്‌ സംസ്‌ഥാന ഭരണകൂടത്തിന്‌ ഗുരുതരമായ വീഴ്‌ച സംഭവിച്ചത്‌. 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, പദ്ധതിയുടെ പകുതി ചെലവ്‌ വഹിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, 2016-ല്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍, മുന്‍ സര്‍ക്കാര്‍ എടുത്ത ആ ഉത്തരവ്‌ റദ്ദാക്കുകയാണ്‌ ചെയ്‌തത്‌. അത്‌ വലിയൊരു നയപരമായ പാളിച്ചയായിരുന്നു എന്ന്‌ കാലം തെളിയിച്ചു. കേന്ദ്രവും സംസ്‌ഥാനവും കത്തുകള്‍ അയച്ചും, ഫയലുകള്‍ നീക്കിയും തര്‍ക്കിച്ചും വിലപ്പെട്ട പത്തു വര്‍ഷങ്ങളാണ്‌ പാഴാക്കിക്കളഞ്ഞത്‌.
പത്തു വര്‍ഷം മുന്‍പ്‌, അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകാന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ തയാറായിരുന്നുവെങ്കില്‍, ഇന്നത്തെ ചിത്രം മറ്റൊന്നായേനെ. ഒരുപക്ഷേ, ഇന്ന്‌ അങ്കമാലിയില്‍നിന്ന്‌ എരുമേലിയിലേക്ക്‌ ട്രെയിന്‍ ഓടുമായിരുന്നു. ഇടുക്കി എന്ന മലയോര ജില്ല റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കുമായിരുന്നു. അങ്കമാലി മുതല്‍ കാലടി വരെ നിര്‍മിച്ച പാതയും പെരിയാറിലെ പാലവും കാടുപിടിച്ച്‌ കിടക്കില്ലായിരുന്നു. മാത്രമല്ല, പദ്ധതിച്ചെലവ്‌ ഇന്നത്തെ 3800 കോടി രൂപയിലേക്ക്‌ ഉയരുകയുമില്ലായിരുന്നു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും ഭൂമി ഏറ്റെടുക്കല്‍ ചെലവിലുണ്ടായ വര്‍ധനയും വഴി സംസ്‌ഥാന ഖജനാവിന്‌ ഉണ്ടായ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു. ചുരുക്കത്തില്‍, രാഷ്‌ട്രീയമായ വാശിയോ ഉദ്യോഗസ്‌ഥ തലത്തിലെ പിടിപ്പുകേടോ കാരണം നഷ്‌ടമായത്‌ ഒരു ദശാബ്‌ദത്തെ വികസനമാണ്‌.
ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ മാത്രമല്ല, മധ്യകേരളത്തിലെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന്‌ ഈ പാത അനിവാര്യമാണ്‌. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളെ ദേശീയ പാതയുമായും റെയില്‍ ശൃംഖലയുമായും ബന്ധിപ്പിക്കുന്നത്‌ വ്യാപാര-വാണിജ്യ മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കും. കിഴക്കന്‍ മേഖലയുടെ സാമ്പത്തിക മുഖച്‌ഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ളതാണ്‌ ഈ പദ്ധതി.
എന്തായാലും, വൈകി വന്ന വിവേകമാണെങ്കിലും ഇപ്പോഴത്തെ തീരുമാനം ശരിയായ ദിശയിലുള്ളതാണ്‌. ത്രികക്ഷി കരാര്‍ എന്ന നിബന്ധനയോട്‌ വിയോജിപ്പുണ്ടായിട്ടും, നിബന്ധനകളില്ലാതെ പണം മുടക്കാന്‍ സംസ്‌ഥാനം തയാറായത്‌ അഭിനന്ദനാര്‍ഹമാണ്‌. ഭപാത എരുമേലിയില്‍നിന്ന്‌ പുനലൂര്‍ വഴി ബാലരാമപുരം വരെ നീട്ടാനുള്ള പദ്ധതിക്ക്‌ സര്‍വേ നടത്താനുള്ള തീരുമാനവും പ്രായോഗികമാണ്‌.
ഇനിയെങ്കിലും മെല്ലെപ്പോക്ക്‌ അവസാനിപ്പിക്കണം. റെയില്‍വേ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇനിയും കാലതാമസം ഉണ്ടാകരുത്‌. 303 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കുക എന്ന വലിയ കടമ്പ മുന്നിലുണ്ട്‌. അതിന്‌ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌, അര്‍ഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കി യുദ്ധകാലാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. നഷ്‌ടപ്പെടുത്തിയ പത്തു വര്‍ഷങ്ങള്‍ക്ക്‌ പ്രായശ്‌ചിത്തം ചെയ്യാനെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ പദ്ധതിക്ക്‌ ചിറകുകള്‍ നല്‍കാന്‍ സര്‍ക്കാരിന്‌ കഴിയട്ടെ.

Ads by Google
Thursday 05 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW