Wednesday, March 11, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.25 PM

പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതുണ്ടോ?

കേരളം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്‌ഥാനങ്ങള്‍ തങ്ങളുടെ സാമ്പത്തിക സുസ്‌ഥിരത ഉറപ്പുവരുത്തുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം 60 വയസിനു മുകളിലേക്ക്‌ ഉയര്‍ത്തണമെന്നു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശിച്ചിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം നാം 60 വയസായിപോലും ഉയര്‍ത്തിയിട്ടില്ല എന്നിരിക്കെയാണ്‌ 60 വയസിനു മുകളിലേക്ക്‌ ഉയര്‍ത്താനുള്ള റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം. പെന്‍ഷന്‍പ്രായം ഘട്ടംഘട്ടമായി ആദ്യം 58 ആയും പിന്നീട്‌ 60 ആയും ഉയര്‍ത്തണമെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ (2009ല്‍) പറഞ്ഞിരുന്നു.
സംസ്‌ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന വാദം ഉയര്‍ന്നുതുടങ്ങിയിട്ടു കാലങ്ങളായി. ശരാശരി ആയുര്‍ദൈര്‍ഘ്യം അന്‍പതു വയസില്‍ താഴെമാത്രമായിരുന്ന കാലത്ത്‌, 55 വയസിലെങ്കിലും ഉദ്യോഗസ്‌ഥര്‍ക്കു പെന്‍ഷന്‍ നല്‍കുകയെന്നത്‌ ഒരു സാമൂഹിക ആവശ്യമായിരുന്നു. ഇക്കാരണത്താലാണ്‌ 1967-ലെ ഇ.എം.എസ്‌. സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം 58ല്‍നിന്ന്‌ 55 വയസാക്കി കുറച്ചത്‌. നമ്മുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ 75 വയസ്‌ ആയിരിക്കെ, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴും 56 ആയി തുടരുന്നത്‌ അശാസ്‌ത്രീയവും യുക്‌തിരഹിതവുമാണ്‌. വികസിത രാഷ്‌ട്രങ്ങളിലൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം 60ല്‍നിന്നും 65ല്‍നിന്നും പിന്നെയും ഉയര്‍ത്താന്‍ തയാറെടുക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ നമ്മള്‍ 60 വയസിനുപോലും തയാറാകാതിരിക്കുന്നത്‌.
വൈകാരികതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനാലാണ്‌ പെന്‍ഷന്‍ പ്രായത്തിന്റെ കാരൃത്തില്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഒളിച്ചുകളിക്കേണ്ടി വരുന്നതും യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊള്ളാന്‍ പ്രതിബന്ധങ്ങളുണ്ടാകുന്നതും. പെന്‍ഷന്‍ പ്രായവും സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന രീതിയില്‍ കൂട്ടിക്കുഴയ്‌ക്കുന്നതാണ്‌ വിഷയം സങ്കീര്‍ണമാക്കുന്നത്‌. തൊഴിലവസരങ്ങള്‍ക്കായി സൃഷ്‌ടിക്കേണ്ടവയല്ല സര്‍ക്കാര്‍ ഉദ്യോഗസ്‌ഥ തസ്‌തികകള്‍. മറിച്ച്‌, സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായത്ര ഉദ്യോഗസ്‌ഥര്‍ നിയമിക്കപ്പെടുകയാണ്‌ എന്ന നിലയില്‍ വേണം ഇതിനെ സമീപിക്കാന്‍. ഇക്കൂട്ടര്‍ക്ക്‌ അധ്വാനശേഷി ഉണ്ടായിരിക്കുമ്പോള്‍തന്നെ അവരെ ജോലിയില്‍നിന്നു വിരമിക്കാന്‍ വഴിയൊരുക്കി അതിലൂടെ സംസ്‌ഥാനത്തിന്‌ ഏറെ ബാധ്യത വരുത്തിവയ്‌ക്കുന്നത്‌ ഒട്ടും അഭിലഷണീയമല്ല.
1998 ല്‍ കേന്ദ്രസര്‍ക്കാര്‍, പെന്‍ഷന്‍ പ്രായം 58ല്‍നിന്ന്‌ 60 ആയി ഉയര്‍ത്തിയപ്പോള്‍ മുതല്‍ സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്‌തിപ്പെട്ടിരുന്നു. അതിനുശേഷം അധികാരത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നടപടിയെടുത്തില്ല. ചെറിയ തോതിലെങ്കിലുമുള്ള പെന്‍ഷന്‍പ്രായ വര്‍ധനയ്‌ക്ക്‌ ഇക്കാലമത്രയും മടിച്ചുനിന്നതാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ എണ്ണത്തിനൊപ്പമെന്ന നിലയില്‍ ഇന്നിപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം എത്തുന്നതിനു കാരണമായത്‌ എന്ന കാര്യം മറക്കാതിരിക്കാം. ആയുര്‍ദൈര്‍ഘ്യം ഏറെ വര്‍ധിച്ചിട്ടും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഉദ്യോഗസ്‌ഥരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ എന്ന സാഹചര്യത്തെ കേരളം അധികം വൈകാതെ അഭിമുഖീകരിക്കേണ്ടി വരും. ഒരാള്‍ വിരമിച്ച ഒഴിവിലേക്കു നിയമിക്കപ്പെടുന്ന രണ്ടാമത്തെയാളും ആദ്യത്തെയാള്‍ ജീവിച്ചിരിക്കെ പെന്‍ഷന്‍കാരനാകുന്നു എന്ന സാഹചര്യം സര്‍ക്കാരിനു പെന്‍ഷന്‍ ഇനത്തില്‍ സൃഷ്‌ടിക്കുന്ന സാമ്പത്തിക ബാധ്യത ഏറെ വലുതാണ്‌. കുറഞ്ഞ പെന്‍ഷന്‍ പ്രായം നിലനില്‍ക്കുമ്പോള്‍, ഉദ്യോഗസ്‌ഥര്‍ക്കു ശരാശരി 20-25 വര്‍ഷംമാത്രം സേവന കാലയളവ്‌ ലഭിക്കുന്നതിന്റെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനന്തര ഫലമാണിത്‌. കുറഞ്ഞ പെന്‍ഷന്‍ പ്രായം സര്‍ക്കാരിന്‌, കൂടുതല്‍ ആ ളുകള്‍ക്ക്‌, കൂടുതല്‍ കാലം പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത സൃഷ്‌ടിക്കുന്നു.
പെന്‍ഷന്‍പ്രായം (രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ) ഉയര്‍ത്തിയാല്‍, നിലവില്‍ ഉദ്യോഗസ്‌ഥര്‍ ശരാശരി 25 വര്‍ഷം ജോലിയെടുക്കുന്ന സ്‌ഥാനത്ത്‌ 27 - 30 വര്‍ഷം ജോലിയെടുക്കുന്ന സാഹചര്യം ഉണ്ടാകും. ഉദ്യോഗസ്‌ഥരായി നിയമിക്കപ്പെടുന്നവരുടെ എണ്ണം ഇതിലൂടെ കുറയും. ഫലത്തില്‍ കുറവു സംഖ്യ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ ബാധ്യതയെ സര്‍ക്കാരിന്‌ ഏറ്റെടുക്കേണ്ടിവരികയുള്ളൂ. ഇതിനുപുറമേ, പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന്‌ അനുസൃതമായി ഉദ്യോഗസ്‌ഥരുടെ സേവനകാലം ദീര്‍ഘിക്കുകയും അവര്‍ വരുത്തുന്ന ബാധ്യതാകാലം (പെന്‍ഷന്‍ കാലം) ചുരുങ്ങുകയും ചെയ്യുന്നു എന്നതു രണ്ടാമത്തെ ഗുണം.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ കുറച്ച്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കുറച്ചു കാലം പെന്‍ഷന്‍ നല്‍കേണ്ട ബാധ്യതയേ സര്‍ക്കാരിനുണ്ടാവുന്നുള്ളൂ. അനുഭവ സമ്പത്തുള്ളവരുടെ സേവനം കൂടുതല്‍ കാലം ലഭ്യമാക്കാനാകും. സുദീര്‍ഘമായ ജീവിതകാലം ബാക്കിനില്‍ക്കെ ഇക്കൂട്ടര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പുറ ംതള്ളപ്പെടുന്നുവെന്ന സാമൂഹിക അനീതി ഒഴിവാക്കാനും കഴിയും. മനുഷ്യന്റെ ക്രിയാശേഷി, പ്രവൃത്തിപരിചയം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക ഇടപെടലുകള്‍ എന്നീ കാര്യങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകളും പരിഗണിക്കുമ്പോള്‍ പരിഷ്‌കൃത സമൂഹത്തിന്‌ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍പ്രായം 56 വയസായി നിലനിര്‍ത്തുക അസാധ്യം.
സേവനം തുടരാന്‍ തയാറാണെന്നും അശരണര്‍ക്കു നല്‍കേണ്ട സൗജന്യം, തങ്ങള്‍ക്ക്‌ ആ നില കൈവരുമ്പോള്‍മാത്രം മതിയെന്നും ആരോഗ്യമുള്ള സമൂഹം സ്വമേധയാ പറയുമ്പോള്‍ അവരെ അതിന്‌ അനുവദിക്കാതിരിക്കുന്നത്‌ വിവേകശൂന്യതയാണ്‌. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിന്‌ അനുസൃതമായി സംസ്‌ഥാനത്തു പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തതുമൂലം ദീര്‍ഘകാലം ഉദ്യോഗസ്‌ഥര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ടി വരുന്നുണ്ടെന്നത്‌ ഇനിയും കാണാതിരുന്നുകൂടാ. ഉദ്യോഗസ്‌ഥരുടെ സേവനകാലം കുറവും അവരുടെ പെന്‍ഷന്‍ കാലം കൂടുതലും എന്ന നിലയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത ക്രമാതീതമായി വര്‍ധിക്കുന്നതിനു തടയിടുകതന്നെ വേണം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ആവുന്നത്ര കൂടുതല്‍ കാലം പണിയെടുപ്പിച്ച്‌ പെന്‍ഷന്‍ ബാധ്യതാ കാലം കുറയ്‌ക്കുകയാണ്‌ ഇതിനു വേണ്ടത്‌. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ആവശ്യം എന്ന നിലയിലല്ല സംസ്‌ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക്‌ എന്ന നിലയ്‌ക്കു പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന്‌ സാമൂഹിക പ്രാധാന്യം കൈവന്നിരിക്കുന്നു എന്നതാണ്‌ നിജസ്‌ഥിതി. സംസ്‌ഥാന സര്‍ക്കാരിന്റെ അനവധി ധനവിനിയോഗ സമിതികളുടെ ശിപാര്‍ശകളില്‍ തുടങ്ങി ഇപ്പോള്‍ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശങ്ങളില്‍വരെ ഇവ എത്തിനില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല.

സുശീല മെറിന്‍ ജോര്‍ജ്‌

Ads by Google
Thursday 05 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW