-->
പിണറായി വിജയന്‍ സര്‍ക്കാര്‍ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 'പുതുയുഗ യാത്ര' സംഘടിപ്പിക്കുന്നത്.
സര്‍ക്കാരില്ലായ്‌മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്‌ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം. കൊള്ളസംഘം തട്ടിയെടുത്തു.
ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ്. അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. കടക്കെണിയില്‍നിന്നും കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യു.ഡി.എഫിന് കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്. പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്യും.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ട് രൂപയാണ് സംസ്‌ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്‌സിഡി ഭക്ഷ്യവസ്‌തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്‌ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്‌താക്കള്‍ നേരത്തെ 1000 ലിറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മേയ് മുതല്‍ നാല് തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. പതിനൊന്നു മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്‌ഥാനങ്ങളില്‍ ഒന്നാം സ്‌ഥാനത്താണ് കേരളം. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്‌ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കാലഘട്ടത്തിന് അനുയോജ്യമായ കോഴ്‌സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടി പിടിച്ചു നിര്‍ത്തേണ്ടതുണ്ട്. അതിന് ആവശ്യമായ നടപടികള്‍ യു.ഡി.എഫ്. സ്വീകരിക്കും. ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലായ്‌മയും കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്.
സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതയ്‌ക്ക് അല്‍പം പോലും പോറല്‍ ഏല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ്. നിറവേറ്റും. സംഘ്‌പരിവാറിനെ പോലെ വര്‍ഗീയത ആളിക്കത്തിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എമ്മും ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര അടിത്തറയ്‌ക്ക് തീ കൊളുത്തുന്ന പരിപാടി വരാനിരിക്കുന്ന തലമുറയോടുള്ള കടുത്ത അനീതിയാണ്. കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആരു വന്നാലും ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കുമെന്ന് പറഞ്ഞു കബളിപ്പിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ ഭരണം നേടിയത്. ഭരണത്തിലെത്തി നാലരവര്‍ഷമായിട്ടും നയാപൈസ കൂട്ടാത്തവര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ ആഴ്‌ചയാണ് 400 രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍, അതിനുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള ജനത എല്‍.ഡി.എഫിന് നല്‍കി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്‌ദാനം നല്‍കിയവര്‍ പത്ത് വര്‍ഷംകൊണ്ട് കൂട്ടിയത് 50 രൂപ മാത്രം. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് 18 മാസമായി. ക്ഷേമനിധികള്‍ പലതും തകര്‍ന്നു.
പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 1200 കോടി രൂപയാണ് കുടിശിക. ഉന്നത വിദ്യാഭ്യാസ രംഗത്തെയും ഇവര്‍ തകര്‍ത്തു. എസ്.സി, എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. 30 ലക്ഷം ജനങ്ങളാണ് മലയോരമേഖലയിലുള്ളത്. എന്നിട്ടും വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ല.
തെരഞ്ഞെടുപ്പിന് മുന്‍പുള്ള പതിവ് രാഷ്‌ട്രീയ ജാഥ എന്നതിനും അപ്പുറം ജനങ്ങളെ കേട്ടും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരിക്കും പുതുയുഗ യാത്ര.
വി.ഡി. സതീശന്‍
(പ്രതിപക്ഷ നേതാവ്)