Wednesday, March 11, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.25 PM

ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പൊലിയുന്ന ബാല്യങ്ങള്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൂന്ന്‌ സഹോദരിമാര്‍ ഒമ്പതാം നിലയില്‍നിന്ന്‌ ചാടി മരിച്ച വാര്‍ത്ത കേവലമൊരു ആത്‌മഹത്യാവാര്‍ത്തയായി കണ്ട്‌ തള്ളിക്കളയാനാവില്ല. അത്‌ ഇന്ത്യയിലെ ഓരോ വീടിന്റെയും അകത്തളങ്ങളിലേക്ക്‌ നീളുന്ന, നടുക്കുന്ന ഒരു ചോദ്യചിഹ്‌നമാണ്‌.
ഗാസിയാബാദിലെ ആ ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ ഒമ്പതാം നിലയില്‍നിന്ന്‌ താഴേക്ക്‌ പതിച്ച നിഷിക (16), പ്രാചി (14), പാഖി (12) എന്നീ പെണ്‍കുട്ടികളുടെ ചേതനയറ്റ ശരീരങ്ങള്‍ നമ്മോട്‌ പറയുന്നത്‌ മൊബൈല്‍ ഫോണ്‍ എന്ന സാങ്കേതികവിദ്യ എങ്ങനെയാണ്‌ നമ്മുടെ കുട്ടികളുടെ 'ജീവശ്വാസം' ആയി മാറിയത്‌ എന്നതിനെക്കുറിച്ചാണ്‌. മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗം വിലക്കിയതിലും, വിവാഹം കഴിപ്പിച്ചുവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയതിലും മനംനൊന്താണ്‌ ഈ കടുംകൈ ചെയ്‌തതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കാര്‍ട്ടൂണുകള്‍ക്കും കൊറിയന്‍ സീരീസുകള്‍ക്കും അടിമപ്പെട്ട ആ കുട്ടികള്‍ക്ക്‌, തങ്ങള്‍ ജീവിക്കുന്ന യഥാര്‍ത്‌ഥ ലോകത്തേക്കാള്‍ വലുതായിരുന്നു ആറിച്ചിഞ്ച്‌ സ്‌ക്രീനിലെ മായക്കാഴ്‌ചകള്‍.
2020 മുതല്‍ സ്‌കൂളില്‍ പോകാതെ, വീടിനുള്ളില്‍ ഒതുങ്ങിപ്പോയവരായിരുന്നു ഈ കുട്ടികള്‍. കോവിഡ്‌ കാലം സൃഷ്‌ടിച്ച ഏകാന്തതയില്‍ അവര്‍ കണ്ടെത്തിയ ഏക ആശ്വാസം മൊബൈല്‍ ഫോണുകളായിരുന്നു. 'ഷിന്‍ചാന്‍' പോലുള്ള കാര്‍ട്ടൂണുകളും കൊറിയന്‍ സംഗീതവും അവര്‍ക്കൊരു ലഹരിയായി മാറി. അയല്‍ക്കാരുമായി പോലും ബന്ധമില്ലാതെ, സ്വന്തം മാതാപിതാക്കളില്‍നിന്ന്‌ പോലും അകന്ന്‌, ഒരു വെര്‍ച്വല്‍ ലോകത്താണ്‌ അവര്‍ ജീവിച്ചത്‌.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 'സ്‌ക്രീന്‍ അഡിക്‌ഷന്‍' അല്ലെങ്കില്‍ ഡിജിറ്റല്‍ ലഹരി ഇന്ന്‌ മദ്യത്തെക്കാളും മയക്കുമരുന്നിനെക്കാളും വേഗത്തില്‍ കുട്ടികളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഉറക്കമില്ലായ്‌മ, വിഷാദം, അകാരണമായ ദേഷ്യം, പഠനത്തില്‍ പിന്നാക്കം പോകല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. ഗാസിയാബാദിലെ കുട്ടികള്‍ എഴുതിവച്ച ആത്‌മഹത്യാക്കുറിപ്പില്‍ 'സത്യമായ ജീവിതകഥ' എന്ന്‌ വിശേഷിപ്പിക്കുമ്പോള്‍, അവരുടെ കൗമാരസ്വപ്‌നങ്ങള്‍ക്കും യാഥാര്‍ത്‌ഥ്യത്തിനും ഇടയിലുള്ള വലിയ വിടവ്‌ നമുക്ക്‌ കാണാനാകും.
മാതാപിതാക്കള്‍ക്കുള്ള പാഠം

ഈ ദുരന്തത്തില്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ സമീപനവും വിമര്‍ശനാത്‌മകമായി വിലയിരുത്തേണ്ടതുണ്ട്‌. കടുത്ത മൊബൈല്‍ അഡിക്‌ഷനുള്ള ഒരു കുട്ടിയുടെ കൈയില്‍നിന്ന്‌ പെട്ടെന്നൊരു ദിവസം ഫോണ്‍ പിടിച്ചുവാങ്ങുന്നത്‌ ലഹരിക്ക്‌ അടിമപ്പെട്ട ഒരാളില്‍നിന്ന്‌ മരുന്ന്‌ മാറ്റുന്നതുപോലെ അപകടകരമാണ്‌. അത്‌ കടുത്ത മാനസിക വിഭ്രാന്തിക്കും എടുത്തുചാട്ടങ്ങള്‍ക്കും വഴിവയ്‌ക്കും.
മാത്രമല്ല, 12, 14 വയസ്സുള്ള കുട്ടികളെ 'വിവാഹം കഴിപ്പിച്ചുവിടും' എന്ന്‌ ഭീഷണിപ്പെടുത്തുന്നത്‌ എത്രത്തോളം അവിവേകമാണ്‌! കുട്ടികള്‍ക്ക്‌ വേണ്ടത്‌ ഭീഷണിയല്ല, മറിച്ച്‌ സാന്ത്വനവും ശാസ്‌ത്രീയമായ ചികിത്‌സയുമാണ്‌. സ്‌കൂളില്‍ വിടാതെ അവരെ വീടിനുള്ളില്‍ തളച്ചിട്ടതും അവരുടെ സാമൂഹിക വളര്‍ച്ചയെ തടസ്സപ്പെടുത്തി.
പരിഹാരമെന്ത്‌?

കുട്ടികളെ ഈ ഡിജിറ്റല്‍ തടവറയില്‍നിന്ന്‌ രക്ഷിക്കാന്‍ രക്ഷിതാക്കളും സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്‌.
ഡിജിറ്റല്‍ ഡിറ്റോക്‌സ്‌ : വീട്ടില്‍ 'ഫോണ്‍ ഫ്രീ' സമയങ്ങള്‍ നിശ്‌ചയിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പും ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.
തുറന്ന ആശയവിനിമയം: കുട്ടികളോട്‌ സംസാരിക്കുക. അവരുടെ ലോകം മൊബൈലിന്‌ പുറത്തും ഉണ്ടെന്ന്‌ അവരെ ബോധ്യപ്പെടുത്തുക. അവര്‍ എന്ത്‌ കാണുന്നു, എന്ത്‌ കേള്‍ക്കുന്നു എന്ന്‌ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.
പുറംലോകവുമായി ബന്ധം: കുട്ടികളെ കളിക്കളങ്ങളിലേക്കും വായനശാലകളിലേക്കും തിരിച്ചുകൊണ്ടുവരിക. അയല്‍പക്ക ബന്ധങ്ങളും സൗഹൃദങ്ങളും വളര്‍ത്താന്‍ അവസരമൊരുക്കുക.
പ്രഫഷണല്‍ സഹായം: കുട്ടി അമിതമായ അഡിക്‌ഷന്‍ കാണിക്കുന്നുണ്ടെങ്കില്‍, ശകാരിക്കുന്നതിനു പകരം ഒരു സൈക്കോളജിസ്‌റ്റിന്റെയോ കൗണ്‍സലറുടെയോ സഹായം തേടാന്‍ മടിക്കരുത്‌. ഗാസിയാബാദിലെ മാതാപിതാക്കള്‍ ചെയ്യേണ്ടിയിരുന്നത്‌ അതായിരുന്നു.
മാതൃകയാവുക: മാതാപിതാക്കള്‍ മണിക്കൂറുകളോളം ഫോണില്‍ ചിലവഴിച്ചിട്ട്‌ കുട്ടികളോട്‌ ഫോണ്‍ ഉപയോഗിക്കരുത്‌ എന്ന്‌ പറയുന്നതില്‍ അര്‍ത്‌ഥമില്ല.

എ.ഐ.സി. റഹിം

Ads by Google
Thursday 05 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW