-->
വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ. കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ ജൂറി കണ്ടെത്തിയതായി ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. യുഎസിൽ നിയമവരുദ്ദമായി കഴിയുന്ന 38 കാരനായ വരുൺ അറോറയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മെയ് 7-നാണ് കേസിന്റെ വിധിപ്രസ്താവം. ഇയാൾക്ക് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.
2024 ഓഗസ്റ്റ് 29-ന് റോഡ് ഐലൻഡ് ടി.എഫ് ഗ്രീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ വരുൺ അറോറ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കണ്ടെത്തിയത്. ആക്രമണത്തിനിടെ അറോറ ഒരു സ്ലീപ്പ് മാസ്ക് ധരിക്കുകയും ഉറങ്ങുന്നതായി നടിക്കുകയും ചെയ്തിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇരയായ യുവതി ഇയാളുടെ കൈതട്ടിമാറ്റി പലതവണ എതർത്തെങ്കിലും പ്രതി ഉപദ്രവം തുടരുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.