-->
കണ്ണൂര്‍: സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞിക്കൃഷ്‌ണന്റെ, 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. ജോസഫ് സി. മാത്യുവാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ഈ പുസ്‌തകത്തിന്റെ പ്രകാശന പരിപാടിക്കു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പുസ്‌തക പ്രകാശനച്ചടങ്ങ് മാറ്റിവച്ചതായി നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമുണ്ടായതായി സ്വാഗതപ്രസംഗത്തില്‍ കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു. തന്നെ വ്യക്‌തിപരമായി അധിക്ഷേപിക്കുകയാണെന്നും സദസിനു മുമ്പാകെ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശം വരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യക്‌തിപരമായി തേജോവധം ചെയ്ുന്നതിലേക്കു കാര്യങ്ങള്‍ കടക്കുകയാണ്. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ്- കുഞ്ഞിക്കൃഷ്‌ണന്‍ പറഞ്ഞു. പുസ്‌തകത്തില്‍ സി.പി.എം. നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്‌താക്കളായി സി.പി.എം. നേതാക്കള്‍ മാറിയെന്നാണ് വിമര്‍ശനം. 'തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്‌ജം ഉപയോഗിക്കുന്നു. ബൂര്‍ഷ്വാ രാഷ്‌ട്രീയ നേതാവിന്റെ ശൈലിയാണ് പയ്ന്നൂര്‍ എംഎല്‍എ: ടി.ഐ. മധുസൂദനന്റേത്' എന്നും പുസ്‌തകത്തിലുണ്ട്.
പയ്ന്നൂര്‍ ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. രക്‌തസാക്ഷി ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിലെ ക്രമക്കേടുകളാണ് വെളിപ്പെടുത്തുന്നത്. കുടുംബസഹായം, വീട് നിര്‍മാണം, കേസ് നടത്തിപ്പ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പാര്‍ട്ടിതന്നെ അവതരിപ്പിച്ച രേഖകള്‍ അടിസ്‌ഥാനമാക്കിയാണ് കുഞ്ഞിക്കൃഷ്‌ണന്‍ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്