-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടരുതെന്നു ഹൈക്കോടതി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ പരാമര്‍ശം.
എസ്.ഐ.ടി. അന്വേഷണം നടത്തുന്നതു ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണു മുന്നോട്ടുപോകുന്നതെന്നു ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി.
എസ്.ഐ.ടി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എസ്.ഐ.ടിയില്‍നിന്നു വിവരങ്ങള്‍ ലഭ്യമല്ലെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വ്യക്‌തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരിട്ടാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. അതിനാല്‍ സി.ബി.ഐ. അന്വേഷണ ആവശ്യത്തെ എതിര്‍ക്കേണ്ടതു ഹൈക്കോടതിയാണ്-സര്‍ക്കാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ എസ്.ഐ.ടി. അന്വേഷണത്തെ ഹൈക്കോടതി പ്രശംസിച്ചു. എസ്.ഐ.ടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നു ഹൈക്കോടതി പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തിനുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്‌ഥാന പോലീസിലെ ഉദ്യോഗസ്‌ഥരാണു സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുള്ള ഉദ്യോഗസ്‌ഥരാണു കേസന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.