Saturday, March 14, 2026 Last Updated 41 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

'സ്വര്‍ണ'ത്തില്‍ ചെളി പൂശല്‍!, ശബരിമല കേസ്‌: നിയമസഭ വീണ്ടും സ്‌തംഭിച്ചു

uploads/news/2026/02/823966/k1.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഇളകിമറിഞ്ഞ്‌ നിയമസഭ. ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുകയെന്ന തന്ത്രമാണ്‌ ഭരണപക്ഷം പയറ്റിയത്‌. മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും വി. ശിവന്‍കുട്ടിയും നേതൃത്വം നല്‍കി.
ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷപ്രതിഷേധം. പ്രത്യേകാന്വേഷണസംഘത്തെ (എസ്‌.ഐ.ടി) മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്വാധീനിക്കുകയാണെന്നും സ്വര്‍ണക്കൊള്ളക്കേസ്‌ എവിടെയുമെത്താതെ അവസാനിക്കുമെന്നും സതീശന്‍ ആരോപിച്ചു. പ്രതികള്‍ ഓരോരുത്തരായി രക്ഷപ്പെടുന്നു. അവരെ സംരക്ഷിക്കുന്നതിനു പിന്നില്‍ സി.പി.എം-ബി.ജെ.പി. ഒത്തുതീര്‍പ്പാണെന്നും സതീശന്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ഫോട്ടോയുമായാണ്‌ ഭരണപക്ഷം പ്രതിരോധിച്ചത്‌. സ്വര്‍ണം കട്ടവര്‍ക്കു സോണിയയെ കാണാന്‍ അവസരമൊരുക്കിയതാരാണെന്നു കോണ്‍ഗ്രസ്‌ വ്യക്‌തമാക്കണമെന്ന്‌ മന്ത്രി രാജീവ്‌ ആവശ്യപ്പെട്ടു.
പോറ്റിക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോയുമുണ്ടെന്നും അതിന്റെ പേരില്‍ മുഖ്യമന്ത്രിയെ തങ്ങള്‍ അധിക്ഷേപിച്ചിട്ടില്ലെന്നും സതീശന്‍ തിരിച്ചടിച്ചു. സോണിയയേയും പ്രിയങ്ക ഗാന്ധി വാധ്‌രയേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സഭയിലുണ്ടായ സംഘര്‍ഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്‌ഥരെ പ്രതിപക്ഷം മര്‍ദിച്ചെന്ന ആരോപണം സതീശന്‍ നിഷേധിച്ചു. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡാണ്‌ പ്രകോപനമുണ്ടാക്കിയതെന്നും സ്‌പീക്കര്‍ പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ തല്ലിയെന്നും ആരാണ്‌ തല്ലിയതെന്നു പറയുന്നില്ലെന്നും സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
സ്‌പീക്കറുടെ വേദിയില്‍ കയറി ഹൈജംപ്‌ നടത്തുന്ന പ്രതിപക്ഷത്തിന്‌ ആ കായിക ഇനത്തില്‍ നല്ല ഭാവിയുണ്ടെന്നു മന്ത്രി രാജേഷ്‌ പരിഹസിച്ചു. സ്‌പീക്കറുടെ വേദിയില്‍ കയറി കമ്പ്യൂട്ടറും കസേരയും വലിച്ചെറിഞ്ഞ ചരിത്രമുള്ളവരെ കൂടെയിരുത്തിയാണ്‌ രാജേഷിന്റെ ഇരട്ടത്താപ്പെന്ന്‌ മന്ത്രി ശിവന്‍കുട്ടിയെ ചൂണ്ടി സതീശന്‍ തിരിച്ചടിച്ചു. ഡല്‍ഹി കലാപത്തിനും വംശഹത്യക്കും ആഹ്വാനം ചെയ്‌ത കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിനെ കെട്ടിപ്പിടിച്ച്‌, ഇങ്ങനെയൊരു സുഹൃത്തുള്ളത്‌ എനിക്ക്‌ അഭിമാനമാണെന്നു രാജേഷ്‌ സാമൂഹികമാധ്യമത്തില്‍ കുറിച്ചതും സതീശന്‍ ഓര്‍മിപ്പിച്ചു.
എസ.്‌എന്‍.സി. ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്കു വിട്ടപ്പോള്‍, അന്നത്തെ ചീഫ്‌ ജസ്‌റ്റിസ്‌ ബാലിയെ നാടുകടത്തണമെന്നു പറഞ്ഞ്‌ ഹൈക്കോടതിയിലേക്കു സമരം സംഘടിപ്പിച്ചയാളാണ്‌ ഈ പാര്‍ലമെന്ററികാര്യ മന്ത്രിയെന്നു സതീശന്‍ പറഞ്ഞു. എന്നാല്‍, സതീശനു സമനില തെറ്റിയെന്നും തന്റെ വകുപ്പുപോലും മാറ്റിയാണ്‌ പറയുന്നതെന്നും മന്ത്രി രാജീവ്‌ തിരിച്ചടിച്ചു. സതീശന്‍ ആര്‍.എസ്‌.എസ്‌. സ്‌ഥാപകന്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ കുമ്പിട്ട്‌ വിളക്കുകൊളുത്തിയ ആളാണെന്നു മന്ത്രി രാജേഷ്‌ പരിഹസിച്ചു.
പ്രതിപക്ഷനേതാവിന്‌ എല്ലാവരോടും പുച്‌ഛമാണെന്നും പൊതുവേദിയില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ബജറ്റ്‌ സമ്മേളനത്തില്‍ കേരളത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചയില്ലെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍ പരിതപിച്ചു. ബെല്ലാരിയില്‍നിന്നുള്ള സ്വര്‍ണവ്യാപാരിക്കൊപ്പം എങ്ങനെയാണ്‌ പോറ്റി സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരാണ്‌ പോറ്റിയെ അവിടെ എത്തിച്ചതെന്നു പറഞ്ഞാല്‍ സോണിയയ്‌ക്കു പത്തരമാറ്റ്‌ തിളക്കമുണ്ടാകുമെന്നും പറയാതിരിക്കുമ്പോള്‍ അവരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും രാജീവ്‌ പറഞ്ഞു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW