Sunday, March 15, 2026 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 04 Feb 2026 11.30 PM

ഹയര്‍ സെക്കന്‍ഡറിയിലെ ആകാശമിഠായി, നോട്ട്‌ബുക്ക്‌ ചലഞ്ച്‌ പരിപാടികളില്‍ അഴിമതി, അധ്യാപകര്‍ തെളിവുസഹിതം മന്ത്രിക്കു പരാതി നല്‍കിയിട്ടും നടപടിയില്ല

അഞ്ചുലക്ഷത്തിനു മേല്‍ ചെലവു വരുന്ന പരിപാടികള്‍ കൃത്യമായ ടെന്‍ഡര്‍ ക്ഷണിച്ചു മാത്രമേ നടപ്പാക്കാവൂ എന്നാണു നിയമം. എന്നാല്‍ ഈ പരിപാടി നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിക്കാതെ താല്‍പര്യപത്രമെന്ന പേരില്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ ഒരു പരസ്യം നല്‍കുകയായിരുന്നു
uploads/news/2026/02/823955/V.-Siavan-Kutty.jpg

കോട്ടയം: ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാര്‍ക്കുവേണ്ടി ഉന്നത വിദ്യഭ്യാസ വകുപ്പ്‌ നടപ്പാക്കിയ 'ആകാശമിഠായി', 'നോട്ട്‌ബുക്ക്‌ ചലഞ്ച്‌' പരിപാടികളില്‍ വന്‍ അഴിമതിയെന്ന്‌ ആക്ഷേപം. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ ഒരുവിഭാഗം അധ്യാപകര്‍ തെളിവുസഹിതം മന്ത്രിക്കും പൊതുവിദ്യഭ്യാസ ഡയറക്‌ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നുംപറയുന്നു.

നാഷണല്‍ സര്‍വീസ്‌ സ്‌കീം കഴിഞ്ഞവര്‍ഷം നടപ്പാക്കിയ ജീവിതോത്സവം 2025 പരിപാടിയുടെ ഭാഗമായാണ്‌ എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാര്‍ക്കായി 'ആകാശമിഠായി' പരിപാടി സംഘടിപ്പിച്ചത്‌. വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിക്ക്‌ 21 ലക്ഷം രൂപയാണു ചെലവായത്‌. നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്‌. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നതരുമായി അടുപ്പമുള്ള ഇവന്റ്‌ മാനേജ്‌മെന്റ ഗ്രൂപ്പാണു പരിപാടി നടത്തിയത്‌.

അഞ്ചുലക്ഷത്തിനു മേല്‍ ചെലവു വരുന്ന പരിപാടികള്‍ കൃത്യമായ ടെന്‍ഡര്‍ ക്ഷണിച്ചു മാത്രമേ നടപ്പാക്കാവൂ എന്നാണു നിയമം.
എന്നാല്‍ ഈ പരിപാടി നടത്താന്‍ നിയമാനുസൃത ക്വട്ടേഷന്‍ ക്ഷണിക്കാതെ താല്‍പര്യപത്രമെന്ന പേരില്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 13 ന്‌ ഒരു പരസ്യം നല്‍കുകയായിരുന്നു. സമര്‍പ്പിക്കാനുള്ള തീയതി ഒക്‌ടോബര്‍ 15 ആയി പരിമിതപ്പെടുത്തുകയും ചെയ്‌തു.
വകുപ്പിലെ ഉന്നതര്‍ക്കു താല്‍പര്യമുള്ള ഇവന്റ്‌ മാനേജ്‌മെന്റ കമ്പനിക്കു ടെന്‍ഡര്‍ കിട്ടാനാണ്‌ ഇങ്ങനെ ചെയ്‌തതെന്നാണ്‌ ആക്ഷേപം. സമയം കുറവായതിനാല്‍ മറ്റ്‌ ഇവന്റ്‌മാനേജ്‌മെന്റ്‌ ഗ്രൂപ്പുകള്‍ക്ക്‌ ടെന്‍ഡറില്‍ പങ്കെടുക്കാനായില്ല.

പരിപാടിയുടെ ഫൈനാന്‍സ്‌ കണ്‍വീനര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ ജില്ലയായ തൃശൂരില്‍ നിന്നുള്ള പ്രമുഖനാണ്‌. അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു 'നോട്ട്‌ ബുക്ക്‌ ചലഞ്ച്‌.' തൃശൂര്‍ ജില്ലയില്‍ മാത്രമേ ഈ പരിപാടി നടത്തിയുള്ളൂ. സര്‍ക്കാരിന്റെയോ പൊതുവിദ്യഭ്യാസ വകുപ്പിന്റെയോ അനുമതി ഔദ്യോഗികമായി വാങ്ങാതെ എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാരെ ഉപയോഗിച്ച്‌ നോട്ട്‌ബുക്കുകള്‍ വിറ്റതിലാണു ക്രമക്കേട്‌. എന്‍.എസ്‌.എസ്‌.യൂണിറ്റുകള്‍ മുഖേന വിതരണം ചെയ്യുന്ന നോട്ട്‌ബുക്കുകള്‍ക്ക്‌ 55 രൂപയാണ്‌ വില ഈടാക്കുന്നത്‌. നോട്ട്‌ ബുക്ക്‌ ചലഞ്ച്‌ കാമ്പയിന്‌ കൂടുതല്‍ ജനകീയത ലഭിക്കാന്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച നോട്ട്‌ബുക്കെന്നു പ്രചരണം നടത്തിയാണു വിറ്റഴിച്ചത്‌.
നിര്‍മാണച്ചെലവായ 45 രുപയ്‌ക്കു പുറമേ സാമൂഹികനീതി വകുപ്പ്‌ നടപ്പാക്കുന്ന 'ചാരെ' എന്ന പദ്ധതിക്കു നല്‍കാനെന്ന പേരില്‍ 10 രൂപയും ചേര്‍ത്താണ്‌ 55 രൂപ. എന്നാല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 25 രൂപ മാത്രം വിലയുള്ള നോട്ട്‌ബുക്കാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കൂടിയ വിലയ്‌ക്കു നല്‍കുന്നതെന്നാണ്‌ ആക്ഷേപം.
തൃശൂര്‍ ജില്ലയില്‍ 120 എന്‍.എസ്‌.എസ്‌. യുണിറ്റുകളാണു പ്രവര്‍ത്തിക്കുന്നത്‌. ഒരോ യൂണിറ്റിനും 200 മുതല്‍ 1000 വരെ നോട്ടുബുക്കുകള്‍ ഇതിനോടകം വിതരണം ചെയ്‌തിട്ടുണ്ട്‌.
ഈ ഇനത്തില്‍ ലക്ഷങ്ങളുടെ ഇടപാടാണ്‌ നടന്നരിക്കുന്നത്‌. എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ ധനസമാഹരണത്തിന്‌ ഉപയോഗിക്കുന്നതിനെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ്‌ യാതൊരു നിയന്ത്രണവുമില്ലാതെ തൃശൂര്‍ ജില്ലയില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള അനധികൃത പണപ്പിരിവ്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുപ്പക്കാരായതിനാണ്‌ പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതെന്നാണ്‌ ആക്ഷേപം.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW