Wednesday, March 11, 2026 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.29 PM

സമാന്തര പാതകളില്‍ ശ്രീധരനും സര്‍ക്കാരും

uploads/news/2026/02/823945/ed.jpg

അതിവേഗ റെയില്‍ പദ്ധതിക്കു കേന്ദ്ര അനുമതി ഉണ്ടായില്ലെങ്കിലും സംസ്‌ഥാനത്ത്‌ ഇതുമായി ബന്ധപ്പെട്ട 'ചൂട്‌', കാലാവസ്‌ഥയുടെ കാര്യത്തിലെന്നപോലെ വര്‍ധിക്കുകയാണ്‌. മെട്രോമാന്‍ ഇ. ശ്രീധരനും സംസ്‌ഥാന സര്‍ക്കാരും രണ്ടു വ്യത്യസ്‌ത പാതകളും പദ്ധതികളുമായി മുന്നോട്ടുപോകുന്ന അസാധാരണ സാഹചര്യമാണു മുന്നിലുള്ളത്‌. സില്‍വര്‍ ലൈനിനു കേന്ദ്ര അനുമതി ലഭിക്കാതെ വന്നതോടെ സംസ്‌ഥാന സര്‍ക്കാര്‍ റീജണല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്‌) എന്ന പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നു.
എന്നാല്‍, കേന്ദ്രത്തിന്റെ നിര്‍ദേശവും അനുമതിയും നേടി താന്‍ പുതിയൊരു അതിവേഗ പാതയ്‌ക്കു രൂപംനല്‍കുകയാണെന്നു ശ്രീധരനും അവകാശപ്പെടുന്നു. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സംസ്‌ഥാനത്തെ ആളുകള്‍ അതിവേഗ റെയിലിന്റെ കാര്യത്തില്‍ ഇതോടെ വീണ്ടും കടുത്ത ആശങ്കയിലുമായി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിവേഗ റെയില്‍ പദ്ധതി കേരളത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുമെന്ന്‌ ഉറപ്പ്‌. ഇതിന്റെ പേരിലൊരു രാഷ്‌ട്രീയക്കളിക്ക്‌ മുന്നണികള്‍ അവസരം തേടുന്നതായി ജനങ്ങള്‍ സംശയിക്കുന്നു. സംസ്‌ഥാനം ഏറെ പ്രതീക്ഷയോടെയാണ്‌ ഇത്തവണത്തെ കേന്ദ്ര ബജറ്റിനു കാത്തിരുന്നത്‌. പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതി കേരളത്തിനു ലഭിക്കുമെന്ന ഉറപ്പോടെ ഇ. ശ്രീധരന്‍ പൊന്നാനിയില്‍ പദ്ധതി നടത്തിപ്പിനുള്ള ഓഫീസ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കായി ശ്രീധരന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയാറാക്കിവരികയാണ്‌.
അതേസമയത്തുതന്നെയാണ്‌ 1.92 ലക്ഷം കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന റെയില്‍ പദ്ധതിക്കു തത്വത്തില്‍ അനുമതി നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാകും ആദ്യഘട്ടത്തില്‍ പാത നിര്‍മിക്കുകയെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ഘട്ടം ഘട്ടമായി കാസര്‍ഗോഡ്‌ വരെ പദ്ധതി നീട്ടാനാണ്‌ ലക്ഷ്യമിടുന്നത്‌. ഡല്‍ഹി മീററ്റ്‌ റാപ്പിഡ്‌ റെയില്‍ നടപ്പിലാക്കിയ നാഷണല്‍ ക്യാപിറ്റല്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ (എന്‍.സി.ആര്‍.ടി.സി) ആണ്‌ നിലവില്‍ കര്‍ണാടകയില്‍ സമാനമായ പദ്ധതിക്കു വിശദമായ രൂപരേഖ തയാറാക്കുന്നത്‌. എന്‍.സി.ഇ.ആര്‍.ടിസിയുമായി കേരളം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്‌.
സില്‍വര്‍ ലൈനിനെ സംബന്ധിച്ച്‌ ഭൂമി ഏറ്റെടുക്കല്‍ ആയിരുന്നു വലിയ കടമ്പ. ശ്രീധരന്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയില്‍ 70% ആകാശപാതയും 20% ഭൂഗര്‍ഭപാതയും ആകും. അതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ വലിയ വെല്ലുവിളിയാകുമെന്ന്‌ അദ്ദേഹം കരുതുന്നില്ല. ഈ മാസം 15 മുതല്‍ ജില്ലകളില്‍ യോഗം വിളിച്ചു ജനങ്ങള്‍ക്ക്‌ മുന്നില്‍ പദ്ധതി അവതരിപ്പിക്കുമെന്നു ശ്രീധരന്‍ പറയുകയുണ്ടായി. ജനങ്ങള്‍ക്കു മുന്നില്‍ പദ്ധതി വിശദമായി അവതരിപ്പിച്ച്‌ അവരുടെ വിശ്വാസം നേടിയെടുക്കാന്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ കഴിഞ്ഞിരുന്നില്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട്‌ ആളുകളുടെ ഉറക്കംകെടുത്തിയ മഞ്ഞക്കുറ്റികള്‍ സ്‌ഥാപിക്കാന്‍ ശ്രീധരന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ അനുമതിയോടെ അടയാളപ്പെടുത്തലുണ്ടാകും.
ശ്രീധരന്‍ കേന്ദ്രം നല്‍കുന്ന പിന്തുണയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും, കേന്ദ്രം വ്യക്‌തമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇതൊരു കല്ലുകടിയാണ്‌ താനും. ശ്രീധരന്റെ നീക്കത്തെ ചില ഇടതു നേതാക്കളും സര്‍ക്കാര്‍ അനുകൂലികളും ഒട്ടൊരു പരിഹാസത്തോടെയാണ്‌ കാണുന്നത്‌. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണ തനിക്കാണെന്ന കാര്യത്തില്‍ ഇ. ശ്രീധരന്‍ ഉറച്ചുനില്‍ക്കുന്നു. സംസ്‌ഥാന സര്‍ക്കാര്‍ ആകട്ടെ, തങ്ങളുടെ പുതിയ പദ്ധതിയില്‍ വിശ്വാസമര്‍പ്പിച്ച്‌ മുന്നോട്ടുപോകുകയും ചെയ്യുന്നു.
കേന്ദ്രസര്‍ക്കാര്‍ ആരുടെ പദ്ധതിക്ക്‌ ഒപ്പമാകുമെന്ന്‌ അറിയാനുള്ള ആകാംക്ഷയിലാണ്‌ സംസ്‌ഥാനത്തെ ജനങ്ങള്‍. അതിവേഗ റെയിലിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഭിന്നാഭിപ്രായമാണ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌. യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണു താനും. അതിന്റെ പേരില്‍ ജനങ്ങള്‍ക്കു കിടപ്പാടം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പദ്ധതി ആരുടേതാണെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നു വലിയ എതിര്‍പ്പ്‌ നേരിടേണ്ടി വരും. അതിവേഗ റെയിലിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പിലുള്ള ശ്രമങ്ങളെയും ന്യായീകരിക്കാനാവില്ല.

Ads by Google
Wednesday 04 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW