Wednesday, March 11, 2026 Last Updated 19 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.29 PM

പ്രവാസികളുടെ വിയര്‍പ്പില്‍ ഒരു പ്രഹസന നാടകം

ലോക കേരള സഭ എന്നത്‌ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ജനാധിപത്യ വേദിയാണെന്ന ഔദ്യോഗിക വിശദീകരണത്തിന്‌ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു. പ്രവാസികളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ കഴിയാത്ത, അവരെ പേരിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന സര്‍ക്കാര്‍ ആഡംബര പരിപാടിയായി ലോക കേരള സഭ മാറി.
ആദ്യ ലോക കേരള സഭ മുതല്‍ ഉയര്‍ന്നുവന്ന പ്രധാന വാഗ്‌ദാനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ഗതി എത്ര ദയനീയമാണെന്ന്‌ വ്യക്‌തമാണ്‌. പ്രവാസി പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കുമെന്ന പ്രഖ്യാപനം (ഇപ്പോഴും നിരവധി ആളുകള്‍ പ്രവാസി ക്ഷേമ പെന്‍ഷന്‍ കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങി ജീവിതം മുരടിക്കുന്ന അവസ്‌ഥയിലാണ്‌), മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി, വിദേശത്ത്‌ നിയമപരമായും തൊഴില്‍പരമായും ചൂഷണം നേരിടുന്നവര്‍ക്ക്‌ ഫലപ്രദമായ സഹായ സംവിധാനം, പ്രവാസി ക്ഷേമനിധി ശക്‌തിപ്പെടുത്തല്‍, വിമാന ടിക്കറ്റ്‌ കൊള്ളനിരക്കുകള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ എല്ലാം പ്രമേയങ്ങളായി മാത്രം തുടരുന്നു. ലോക കേരള സഭകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്‌ നിക്ഷേപ സാധ്യതകള്‍ക്കും കോര്‍പറേറ്റ്‌ ബന്ധങ്ങള്‍ക്കുമാണ്‌. 'പ്രവാസി നിക്ഷേപം' എന്ന വാക്ക്‌ ആവര്‍ത്തിച്ച്‌ പറഞ്ഞ്‌ പണക്കാരായ ബിസിനസുകാരെ വേദിയിലിരുത്തി സര്‍ക്കാര്‍ തങ്ങളുടെ വികസനകഥകള്‍ പറയുമ്പോള്‍, ആ വികസനത്തിന്റെ വില കൊടുത്തത്‌ ആരാണെന്ന ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ആരുമില്ല. ഗള്‍ഫില്‍ ചൂടും പൊടിയും സഹിച്ച്‌ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളി ഈ സഭയുടെ അജന്‍ഡയില്‍ ഇല്ല.
സാധാരണ പ്രവാസികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഈ വേദികളില്‍ ചര്‍ച്ചയാകുന്നില്ല എന്നത്‌ നിഷ്‌കളങ്കമല്ല, വിസ റദ്ദാക്കലും തൊഴില്‍ നഷ്‌ടവും മൂലം പെട്ടെന്ന്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടി വരുന്ന ആയിരങ്ങള്‍, ശമ്പളം കിട്ടാതെ വര്‍ഷങ്ങളോളം വലയുന്ന തൊഴിലാളികള്‍, നാട്ടിലെത്തിയാല്‍ സാമൂഹിക സുരക്ഷയില്ലാതെ ഒറ്റപ്പെടുന്നവര്‍, ഇവരുടെ ശബ്‌ദത്തിന്‌ ലോക കേരള സഭയില്‍ സ്‌ഥാനമില്ല. പകരം, സര്‍ക്കാര്‍-കോര്‍പറേറ്റ്‌ കൂട്ടുകെട്ടുകള്‍ക്ക്‌ അനുകൂലമായ വിഷയങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്നു. ഇവിടെ സംസാരിക്കുന്നത്‌ സമ്പന്നരാണ്‌, തീരുമാനങ്ങള്‍ സ്വാധീനിക്കുന്നത്‌ സമ്പന്നരെയാണ്‌, ഗുണം ലഭിക്കുന്നതും സമ്പന്നര്‍ക്കാണ്‌.
സാധാരണക്കാരുടെ കൂടി നികുതിപ്പണം ഉപയോഗിച്ച്‌ നടത്തുന്ന ഈ ആഘോഷങ്ങള്‍ പ്രവാസികളുടെ ജീവിതത്തില്‍ എന്ത്‌ മാറ്റമാണ്‌ സൃഷ്‌ടിച്ചത്‌ എന്നത്‌ സര്‍ക്കാര്‍ വ്യക്‌തമാക്കേണ്ടതാണ്‌. ഓരോ ലോക കേരള സഭയ്‌ക്കു ശേഷം എത്ര വാഗ്‌ദാനങ്ങള്‍ നടപ്പിലായി, എത്ര എണ്ണം ഉപേക്ഷിക്കപ്പെട്ടു, എത്ര പ്രവാസികള്‍ക്ക്‌ നേരിട്ട്‌ ഗുണം ലഭിച്ചു എന്നതിന്റെ തുറന്ന കണക്കെടുപ്പ്‌ പോലും നടന്നിട്ടില്ല. പങ്കെടുക്കുന്ന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഗൗരവമായി പരിശോധിക്കപ്പെടണം. സാധാരണ പ്രവാസികളുടെ യഥാര്‍ത്ഥ പ്രതിനിധികളാണോ ഇവര്‍? അതോ രാഷ്‌ട്രീയ ബന്ധങ്ങളും സാമ്പത്തിക ശക്‌തിയും ഉള്ള ഒരു ചെറിയ കൂട്ടമോ?
ഇത്‌ പ്രവാസികളെ പറ്റിക്കുന്നതിനുള്ള സ്‌ഥിരം സംവിധാനമായി മാറിയിരിക്കുന്നു. പ്രവാസികള്‍ക്ക്‌ വേണ്ടി ആരംഭിച്ച നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ ഗള്‍ഫിലുള്ള ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്നും, പ്രവാസികളുടെ രക്ഷിതാക്കളെയും ഉള്‍പെടുത്തണമെന്നുമുള്ള ആവശ്യം പോലും ഇത്‌ വരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ കൊള്ളയടി തുടരട്ടെ!

ഡോ. സജി ഉതുപ്പാന്‍, മസ്‌കറ്റ്‌

Ads by Google
Wednesday 04 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW