-->
വളരെ വൈറലായ ഒരു വാര്‍ത്തയായിരുന്നല്ലോ നായര്‍ സമുദായവുമായി ഐക്യത്തിന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ നീക്കം. 'നായാടി മുതല്‍ നസ്രാണിവരെ!' 1949 നവംബറില്‍, കോട്ടയത്തു ചേര്‍ന്ന ഹൈന്ദവ സമ്മേളനത്തില്‍ നായര്‍ സമുദായ നേതാവ് മന്നത്തു പത്മനാഭനും ഈഴവ സമുദായ നേതാവ് ആര്‍. ശങ്കറും ചേര്‍ന്നു നടത്തിയ ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു: നമ്പൂരി മുതല്‍ നായാടി വരെ. അവര്‍ ഇരുവരും യോജിച്ചും വിയോജിച്ചും പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോയി. പിന്നീട്, ആ ബന്ധം വിപുലപ്പെടുത്താനും ഊട്ടിയുറപ്പിക്കാനും വിമോചനസമരകാലത്ത് ഹിന്ദു-മുസ്ലീം-ക്രിസ്‌ത്യന്‍ ഐക്യം ഉണ്ടാക്കി. പ്രത്യക്ഷത്തില്‍, ഈ നീക്കങ്ങളുടെയൊക്കെ ലക്ഷ്യം ഉദാത്തം, ഉത്തമം, ശ്ലാഘനീയം. പക്ഷേ, ഫലത്തില്‍ എന്താണു സംഭവിച്ചതെന്നു ചരിത്രം പറഞ്ഞുതരുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ;അതു രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല. ക്രിസ്‌ത്യാനികളെ അപകീര്‍ത്തിപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത, തുടര്‍ച്ചയായി മുസ്ലീം സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിയുടെ മനസിലിരിപ്പ്, വര്‍ഗീയ വിദ്വേഷമല്ലാതെ, മറ്റൊന്നുമല്ല. ചുരുക്കത്തില്‍, രാഷ്‌ട്രീയവും വര്‍ഗീയതയും ചേര്‍ത്തരച്ചുരുട്ടിയുണ്ടാക്കിയ ഒരു കാപ്‌സ്യൂളാണിത്. നമ്പൂരിയെയും നായരെയും ഈഴവനെയും നായാടിയെയും ഒക്കെ അടുപ്പിക്കാന്‍ കൊണ്ടുപിടിച്ചുള്ള ഈ നീക്കം നടക്കുമ്പോള്‍ ഇവര്‍ തമ്മില്‍ പണ്ടുണ്ടായിരുന്ന അകലത്തിന്റെയും അവരെ അടുപ്പിക്കാന്‍ നസ്രാണികള്‍ നടത്തിയിട്ടുള്ള ശ്രമങ്ങളുടെയും ചരിത്രം ഒന്നു പരിശോധിക്കുന്നത് ഉചിതമെന്നു തോന്നുന്നു.
ബി.സി. 1500നും 500നും മധ്യേയുള്ള കാലഘട്ടത്തില്‍, മൗര്യസാമ്രാജ്യകാലത്ത് രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്ന വര്‍ണ വ്യവസ്‌ഥിതി അധഃപതിച്ച് ജാതിവ്യവസ്‌ഥിതിരൂപം കൊണ്ട് തേര്‍വാഴ്‌ച നടത്തിയപ്പോള്‍ കേരളത്തില്‍ മനുഷ്യര്‍ തമ്മിലുണ്ടായ അകലവും അസമത്വവും അടിമത്തവും അടിച്ചമര്‍ത്തലും ചരിത്രം വായിക്കുന്നവര്‍ക്കു നെഞ്ച് പിളര്‍ക്കുന്ന അനുഭവമാണ്. നമ്പൂരിയും നായരും ഈഴവനും പറയനും പുലയനുമൊക്കെയായി മനുഷ്യര്‍ അകന്നുപോയി.
ജാതികളുടെയും ഉപജാതികളുടെയുമെല്ലാമിടയില്‍ തീണ്ടല്‍-തൊടീല്‍ തുടങ്ങിയ ദുരാചാരങ്ങള്‍ കടന്നുകൂടിയിരുന്നു. തീണ്ടല്‍-തൊടിലിന്റെ അകലം പോലും തിട്ടപ്പെടുത്തിയിരുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത ജാതികള്‍...! അതിനനുസരിച്ച് മനുഷ്യര്‍ തമ്മിലുള്ള അകലവും വര്‍ധിച്ചു. അവരുടെയെല്ലാം തലപ്പത്തു ബ്രാഹ്‌മണര്‍ നിലയുറപ്പിച്ചു.
ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ബ്രാഹ്‌മണര്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നിലയുറപ്പിച്ചു. പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം വേദോപനിഷത്തുകളുടെ സൂക്ഷിപ്പുകാരും വ്യാഖ്യാതാക്കളുമായിമാറി. ആചാരാനുഷ്‌ഠാനങ്ങളും വേഷവിധാനങ്ങളുമൊക്കെ എങ്ങനെയാകണമെന്നു വിധിച്ചതവരായിരുന്നു. വേദമന്ത്രം ഉച്ചരിക്കുന്നതുകേട്ടാല്‍ ചണ്ഡാളന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം. വേദമന്ത്രം ഉച്ചരിച്ചാല്‍ അവന്റെ നാവ് പിഴുതുകളയണം! സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മേധാവിത്വം ബ്രാഹ്‌മണരില്‍ നിക്ഷിപ്‌തമായിരുന്നു. ബ്രാഹ്‌മണര്‍ സമൂഹത്തെ മുഴുവന്‍ കൈപ്പിടിയിലൊതുക്കി.
ശിഥിലമായ കുടുംബബന്ധങ്ങള്‍
ജാതിവര്‍ണ വ്യവസ്‌ഥിതി കുടുംബബന്ധങ്ങള്‍ ശിഥിലമാക്കി. നമ്പൂതിരിമാര്‍ക്ക് മക്കത്തായവും നായന്മാര്‍ക്കു മരുമക്കത്തായവുമായിരുന്നു നിലവിലിരുന്ന നിയമവ്യവസ്‌ഥിതി. താഴേത്തട്ടിലുള്ളവര്‍ക്കു നിയതമായ സമ്പ്രദായങ്ങളൊന്നുമില്ലായിരുന്നു. സ്‌ത്രീയെ ഭാര്യയാക്കാന്‍ ഒരു മുണ്ടുകൊടുത്ത് വിളിച്ചുകൊണ്ടുപോവുകയും വേണ്ടെന്നു തോന്നുമ്പോള്‍ പറഞ്ഞയയ്‌ക്കുകയും ചെയ്യാമായിരുന്നു! നമ്പൂതിരി ഇല്ലങ്ങളില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ക്കുമാത്രമേ വേളി അനുവദിച്ചിരുന്നുള്ളു. നമ്പൂതിരി കുടുംബങ്ങള്‍ തമ്മില്‍മാത്രമേ വിവാഹം പാടുണ്ടായിരുന്നുള്ളുതാനും. നമ്പൂതിരിനാരിമാരുടെ ജീവിതം അത്യന്തം ദുരിതപൂര്‍ണമായിരുന്നു. അവര്‍ക്ക് ഭര്‍ത്താക്കന്മാരെ ലഭിക്കാതെയായി. അതുപോലെ, കുടുംബത്തിലെ ഇളയപുരുഷന്മാര്‍ക്കു വിവാഹസാധ്യതയില്ലാതായതിനാല്‍ വിവാഹംനടക്കാതെ അവര്‍ക്കും കഴിയേണ്ടിവന്നു! നിയമം നിര്‍മിക്കുന്നതും നീതിന്യായം നടത്തുന്നതും ബ്രാഹ്‌മണര്‍തന്നെ ആയതിനാല്‍ നിയമത്തില്‍ മാറ്റം വരുത്തി, നമ്പൂതിരിക്ക് നായര്‍സ്‌ത്രീകളുമായും സംബന്ധമാകാമെന്നായി. അപ്പോള്‍ പുരുഷന്മാര്‍ക്കാശ്വാസമായി. എന്നാല്‍, സ്‌ത്രീകളുടെ സ്‌ഥിതിയില്‍ മാറ്റമൊന്നും വന്നില്ല. അവര്‍ അവിവാഹിതരായി ഇല്ലങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടു. പുരുഷന്മാര്‍ക്കു സംബന്ധമാകാമായിരുന്നതിനാല്‍ പലരും നായര്‍തറവാട്ടിലേക്കു ചേക്കേറാന്‍ തുടങ്ങി. അതേസമയം, നായന്മാര്‍ക്ക് നമ്പൂതിരിഭവനങ്ങളിലേക്കുപോകാന്‍ പാടില്ലായിരുന്നു. നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള അവകാശം നമ്പൂതിരിമാര്‍ക്കാണല്ലോ. അവസാനം, മേല്‍ജാതിക്കാരന് തൊട്ടുതാഴെയുള്ള കീഴ്‌ജാതിക്കാരനുമായി വിവാഹത്തിലേര്‍പ്പെടാം എന്ന സ്‌ഥിതിവന്നു. അപ്പോള്‍ നമ്പൂതിരിക്കു നായരെയും നായര്‍ക്ക് ഈഴവരെയും ഈഴവര്‍ക്ക് അവര്‍ക്ക് നേരേ താഴെയുള്ള ജാതിയിലുള്ളവരെയും വിവാഹം ചെയ്യാമെന്നായി. അങ്ങനെ ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവുമെല്ലാമായി കുടുംബബന്ധം അരാജകത്വത്തിലായി എന്നു ചുരുക്കം.
ശൈശവവിവാഹം
ശൈശവവിവാഹം മറ്റൊരു ദുരാചാരമായിരുന്നു. പെണ്‍കുട്ടി ഋതുമതിയാകുന്നതിനുമുമ്പ് വിവാഹംനടത്തണമെന്നായിരുന്നു നിയമം. അതുകൊണ്ട്, വിവാഹപ്രായം എട്ടു വയസ്സ് എന്നു നിജപ്പെടുത്തി. അതു പരിഷ്‌കരിച്ച് 10 വയസ്സായി ഉയര്‍ത്തിയപ്പോള്‍ എതിര്‍പ്പുകളുണ്ടായെങ്കിലും അത് അവഗണിച്ചുകൊണ്ട് 10 വയസ്സ് എന്ന നിയമം നടപ്പില്‍വന്നു. ബഹുഭാര്യത്വം നിലവിലിരുന്നതിനാല്‍ വൃദ്ധന്മാര്‍പോലും തുടര്‍വിവാഹങ്ങള്‍ നടത്തിപ്പോന്നു. അപ്പോള്‍ 10 വയസ്സുള്ള പെണ്‍കുട്ടിയെ 80 വയസ്സുള്ള വൃദ്ധന്‍ വേളികഴിച്ചാലുള്ള അവസ്‌ഥ ഊഹിക്കാവുന്നതേയുള്ളല്ലോ. വിവാഹം കഴിഞ്ഞാലുടന്‍ ആ വൃദ്ധന്‍ മരിച്ചാല്‍ 10 വയസ്സുള്ള പെണ്‍കുട്ടി വിധവയാകും. സ്‌ത്രീകള്‍ക്ക് പുനര്‍വിവാഹം അനുവദിച്ചിരുന്നുമില്ല. അങ്ങനെ, നമ്പൂതിരി ഇല്ലങ്ങള്‍ അവിവാഹിതകളും വിധവകളുമായ സ്‌ത്രീകളെക്കൊണ്ടു നിറഞ്ഞു!
അടിമ വ്യവസ്‌ഥിതി
നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്‌ഥിതിയുടെ ഫലമായി കൃഷിഭൂമിയും വളര്‍ത്തുമൃഗങ്ങളുംപോലെ, വില്‍ക്കാനും വില്‍ക്കപ്പെടാനുമുള്ള വസ്‌തുവായിരുന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണരും.
കേരളത്തില്‍ അടിമവ്യവസ്‌ഥിതിക്കൊപ്പം അടിമക്കച്ചവടവും നിലവിലിരുന്നു. അടിമയ്‌ക്ക് 14 രൂപാവരെ വില ലഭിച്ചിരുന്നെന്നാണു കണക്കുകള്‍ പറയുന്നത്. ഒരിക്കല്‍, ആക്‌ടിങ് റെസിഡന്റ് കേണല്‍ സ്‌റ്റൂവാര്‍ട്ട് തന്റെ യാത്രയ്‌ക്കിടയില്‍, കാളയോടൊപ്പം ഒരടിമയെ കലപ്പയ്‌ക്കു കെട്ടി പൂട്ടുന്നതുകാണാന്‍ ഇടയാവുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 1812-ല്‍ കൊച്ചി മഹാരാജാവ് അടിമകളുടെമേല്‍ മര്‍ദനമുറകള്‍ സ്വീകരിക്കുന്നതു തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയുമുണ്ടായി. ഈ ഉത്തരവിനുശേഷവും കൊച്ചിയില്‍ വ്യവസ്‌ഥിതി തുടര്‍ന്നുപോന്നു. മിഷനറിമാരുടെ നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായി 1854-ന് അടിമത്ത സമ്പ്രദായം പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവ് ഉണ്ടായി.
നീചമായ നികുതിഭാരം
താണജാതിക്കാര്‍ അനുഭവിക്കേണ്ടിവന്ന മറ്റൊരു ദുരിതമായിരുന്നു അവരുടെമേല്‍ ചുമത്തപ്പെട്ടിരുന്ന നികുതിഭാരം. തികച്ചും പ്രാകൃതമായ നികുതിസമ്പ്രദായമായിരുന്നു ഇവിടെ നിലവിലിരുന്നത്. തലക്കരം, മുലക്കരം, തളൈക്കാണം, ഏണിക്കാണം, മേനിപ്പൊന്ന് മുതലായവയായിരുന്നു നികുതിയിനങ്ങള്‍. ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ കൊടുക്കേണ്ടിവന്ന നികുതിയാണ് തലക്കരം, സ്‌ത്രീത്തൊഴിലാളികള്‍ കൊടുക്കേണ്ട നികുതിയാണ് മുലക്കരം, ചെത്തുതൊഴിലാളികള്‍ കൊടുക്കേണ്ട നികുതിയാണ് തളൈക്കാണം, തെങ്ങുകേറ്റക്കാരുടെ നികുതി ഏണിക്കരം, ആഭരണമണിയുന്നതിനുള്ളതാണ് മേനിപ്പൊന്ന്. ചക്ക്, വള്ളം, വല മുതലായവയ്‌ക്കും കരം കൊടുക്കേണ്ടിയിരുന്നു.
ചാന്നാര്‍ലഹള
ഈഴവരുള്‍പ്പെടെയുള്ള താണജാതിക്കാരിലെ സ്‌ത്രീകള്‍ മാറുമറയ്‌ക്കരുതെന്നും സവര്‍ണരെ കാണുമ്പോള്‍ അവര്‍ മാറിനിന്നു മേല്‍മുണ്ട് എടുത്തുമാറ്റി ആചാരം ചെയ്യണമെന്നുമായിരുന്നു നിയമം! ക്രിസ്‌തുമതം സ്വീകരിച്ച സ്‌ത്രീകള്‍ ഈ നിയമം അവഗണിച്ചു, മാറുമറച്ചുകൊണ്ടു പൊതുനിരത്തുകളില്‍കൂടി സഞ്ചരിക്കാന്‍ തുടങ്ങി. മാറുമറച്ചു നടന്ന ഈ സ്‌ത്രീകളെ വഴിയില്‍വച്ചു മര്‍ദിക്കുവാനും അവരുടെ മേല്‍മുണ്ട് ബലമായി വലിച്ചു കീറിക്കളയുവാനും സവര്‍ണഹിന്ദുയുവാക്കള്‍ തയാറായി. ചാന്നാര്‍ലഹള എന്നറിയപ്പെടുന്ന വലിയ ഒരു സമരത്തിന് ഇതു വഴിവച്ചു. 1828-ല്‍ പൊട്ടിപ്പുറപ്പെട്ട ഈ ലഹളയെത്തുടര്‍ന്ന് ചന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കുന്നത് നിയമവിരുദ്ധമാണെന്ന് 1829 ഫെബ്രുവരി മൂന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താണജാതിക്കാരായ സ്‌ത്രീകള്‍ മാറുമറയ്‌ക്കരുതെന്നും ക്രിസ്‌തുമതം സ്വീകരിക്കുന്ന താണജാതിക്കാര്‍ മേല്‍ജാതിഹിന്ദുക്കളോട് മതപരിവര്‍ത്തനത്തിനുമുമ്പ് വര്‍ത്തിച്ചതുപോലെ വര്‍ത്തിക്കണമെന്നും ഞായറാഴ്‌ചകളില്‍ കൂലിയില്ലാതെ വേല ചെയ്‌തുകൊള്ളണമെന്നും ഉത്തരവില്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
കിരാതമായ ഈ നിയമത്തിനെതിരേ മിഷനറിമാര്‍ നടത്തിയ ഐതിഹാസികമായ സമരമാണ് ചാന്നാര്‍ലഹള എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയത്. താണജാതിക്കാര്‍ക്കു വിദ്യാഭ്യാസം നല്‍കി പ്രബുദ്ധരാക്കിയതു മിഷനറിമാരായതിനാല്‍ തിരുവിതാംകൂറില്‍ ൈക്രസ്‌തവമര്‍ദനം നടന്നു. ഭീഷണികൊണ്ടും സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയും കീഴ്‌ജാതിക്കാരെ വീണ്ടും തങ്ങളുടെ അടിമത്തത്തിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഈ നിലപാടിനെതിരേ തിരുവിതാംകൂറിലെ ക്രിസ്‌ത്യാനികള്‍ സംഘടിതമായി രംഗത്തുവന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലംകാണായ്‌കയാല്‍ അവര്‍ മദ്രാസ് ഗവര്‍ണര്‍ ചാറല്‍സ് ട്രിലുനു ഒരു സങ്കടഹര്‍ജി സമര്‍പ്പിച്ചു. നിജസ്‌ഥിതി മനസിലാക്കാന്‍ അദ്ദേഹം നേരിട്ട് അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തു. അതിന്‍പ്രകാരം അദ്ദേഹം റസിഡന്റ് കല്ലന്. തിരുവിതാംകൂര്‍ രാജാവിനു വ്യക്‌തമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. മദ്രാസ്‌ഗവര്‍ണറുടെ ഉഗ്രമായ താക്കീതിനെത്തുടര്‍ന്ന് 1859 ജൂലൈ 26-ന് തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരം പിന്‍വലിക്കുകയും ചാന്നാര്‍ സ്‌ത്രീകള്‍ക്ക് ഏതു മതവിശ്വാസത്തില്‍പ്പെട്ടവരാണെങ്കിലും മാറുമറയ്‌ക്കുന്നതിനുള്ള അനുവാദം കൊടുക്കുകയും ചെയ്‌തു. ഇന്നത്തെ വര്‍ഗീയവാദികള്‍, അന്നത്തെ സ്‌ത്രീകളുടെ ദുഃഖം എന്തെന്ന് തിരിച്ചറിഞ്ഞ അവര്‍ക്കു മോചനം നല്‍കുന്നതിനുവേണ്ടി കഷ്‌ടപ്പെട്ട മിഷനറിമാരെ വിസ്‌മരിക്കുന്നത് കടുത്ത അപരാധമാണ്.
ഈഴവസഹോദരങ്ങളുള്‍പ്പെടെ താണജാതിയില്‍പ്പെട്ടവരുടെ ഉന്നതിക്കായി നിഷ്‌കാമകര്‍മമനുഷ്‌ഠിച്ചിട്ടുള്ള നസ്രാണികള്‍ക്കെതിരേ വിഷം ചീറ്റാനുള്ള ഒരവസരവും നഷ്‌ടപ്പെടുത്താത്ത സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. ഈഴവസമുദായത്തിനു കിട്ടാനുള്ളതെല്ലാം തട്ടിയെടുക്കുന്നവരായിട്ടാണ് നടേശന്‍ നസ്രാണികളെപ്പറ്റി വാതോരാതെ പറയുന്നത്. നസ്രാണികള്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സമുദായത്തിനോ എതിരായി എന്തെങ്കിലും ദ്രോഹം എന്നെങ്കിലും ചെയ്‌തിട്ടുണ്ടോ? ഈഴവസമുദായത്തിനെന്നല്ല, അവശവിഭാഗങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിനിന്ന ചരിത്രമാണ് നസ്രാണികളുടേത്. എന്നിട്ടും, പിന്നെന്തേ അദ്ദേഹം കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു?
അവഗണിക്കപ്പെട്ടവരെയും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെയും അരികിലാക്കപ്പെട്ടവരെയും മേല്‍വിലാസമില്ലത്തവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരാനും ചേര്‍ത്തു പിടിക്കാനും നിതാന്തജാഗ്രത പുലര്‍ത്തുന്ന നസ്രാണികളെ തള്ളിപ്പറയാനും മാറ്റി നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ അപലപനീയമാണ്, ഖേദകരമാണ്. അതുരസേവനരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, സാമൂഹികരംഗത്ത് വിദേശമിഷനറിമാരും ൈക്രസ്‌തവസമൂഹവും നല്‍കി യിട്ടുള്ള സംഭാവനകളെ തള്ളിപ്പറയുന്നതും തമസ്‌കരിക്കുന്നതും വേദനാജനകമാണ്.
കേരളചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമാണു നവോത്ഥാനം. അതിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു ചിന്തിക്കുമ്പോള്‍ നായാടി മുതല്‍ നസ്രാണിവരെ എന്ന ഫോര്‍മൂലയ്‌ക്കു പ്രസക്‌തിയുണ്ട്. പക്ഷേ, മുസ്ലീംങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുമുള്ള ഒരു നീക്കം അതില്‍ത്തന്നെ ഒരു വൈരുധ്യമാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സന്ദര്‍ഭത്തില്‍ ഈ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍, ആരെയും കുറ്റപ്പെടുത്താനാവില്ല. ആരെയും അവഗണിക്കാതെയും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് സ്‌നേഹത്തിലും ഐക്യത്തിലും എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വളരെ നല്ല ഒരു സംരംഭമാണിത്. എന്നാല്‍, ഏതാനും ചിലര്‍ ചേര്‍ന്നുനിന്നുകൊണ്ട് മറ്റുള്ളവരെ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുവാനുമുള്ള നീക്കമായിട്ടാണ് ഈ നീക്കം പൊതുവായി വിലയിരുത്തപ്പെടുന്നത്.
റവ. ഡോ. തോമസ് മൂലയില്‍