-->
രൺവീർ സിംഗ് നായകനാകുന്ന ‘ധുരന്ധർ 2’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ദക്ഷിണമുംബൈയിലെ അതീവസുരക്ഷാമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്ങിനായി ഡ്രോൺ പറത്തിയതിനാണ് എംആർഎ മാർഗ് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ധുരന്ധർ 2-ന്റെ ലൊക്കേഷൻ മാനേജരായ റിങ്കു രാജ്പാൽ വാൽമീകിയാണ് ഒന്നാം പ്രതി. ഭാരതീയ ന്യായ് സംഹിതയിലെ (ബിഎൻഎസ്) 223-ാം വകുപ്പ് പ്രകാരമാണ് കേസ്. സുപ്രധാനമായ സാമ്പത്തിക സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഫോർട്ട് ഏരിയയിലാണ് ധുരന്ധർ 2 സംഘം മതിയായ അനുമതികൾ വാങ്ങാതെ ഡ്രോൺ ക്യാമറ പറത്തി ഷൂട്ട് ചെയ്തത്.
പോലീസിന്റെ കർശനമായ നിരീക്ഷണമുള്ള പ്രദേശമാണ് ഇത്. ഇവിടെയുള്ള നിയന്ത്രണങ്ങളുടെ ചെറിയ ലംഘനം പോലും അധികൃതർ അതീവഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുക. നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെയുള്ള വൻ സംഘമാണ് ഞായറാഴ്ച ഫോർട്ട് ഏരിയയിൽ ഷൂട്ടിങ്ങിനായി എത്തിയത്. ഈ പ്രദേശത്ത് ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമായിരുന്നു അത്. അനധികൃതമായി പറക്കുകയായിരുന്ന ഷൂട്ടിങ് ഡ്രോൺ ഉടൻ തന്നെ പോലീസിന്റെ കണ്ണിൽപെടുകയായിരുന്നു. ഉടൻ തന്നെ ലൊക്കേഷൻ മാനേജരെ പോലീസ് വിളിച്ചുവരുത്തി. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ വിട്ടയച്ചെങ്കിലും കേസിൽ അന്വേഷണം തുടരുകയാണ്.
ഇവിടെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള കോട്ടയുടെ ഭാഗം ചിത്രത്തിന്റെ അണിയറക്കാർ പാകിസ്താനിലെ തെരുവായി രൂപമാറ്റം വരുത്തി. ഇത്രവലിയ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. രൺവീർ സിങ് നായകനായി കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ധുരന്ധർ 2. തിയേറ്ററുകളിൽ നിന്ന് 1300 കോടിയിലേറെ വാരിക്കൂട്ടിയ ചിത്രം അടുത്തിടെ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. ധുരന്ധർ 2 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.