-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസിനെ മത്സരത്തിനിറക്കാന്‍ സിപിഐഎം നീക്കം. കോണ്‍ഗ്രസിന്റെ കയ്യിലിരിക്കുന്ന എറണാകുളം മണ്ഡലം ജനകീയനായ കെ വി തോമസിലൂടെ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. കോണ്‍ഗ്രസില്‍ നിന്ന് ഇടതു ക്യാമ്പിലേക്കെത്തിയ കെ വി തോമസ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാണ്.
ഇടത് സ്വതന്ത്രനായി ആയിട്ടാകും മത്സരിക്കുകയെന്നാണ് സൂചന. 2019ല്‍ മനു റോയിയും 2021ല്‍ ഷാജി ജോര്‍ജും മത്സരിച്ച രീതിയില്‍ ഇടതു സ്വതന്ത്രരായി മത്സരിപ്പിക്കാനാണ് നീക്കം. കെ വി തോമസിന്റെ എറണാകുളത്തെ ബന്ധങ്ങളും സാമൂഹിക സമവാക്യങ്ങളും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. എറണാകുളത്തെ തന്നെ വൈപ്പിന്‍ സീറ്റാണ് പരിഗണിക്കുന്ന മറ്റൊരു സീറ്റ്.
ആദ്യ പരിഗണന എറണാകുളം മണ്ഡലത്തില്‍ ആയിരിക്കും. വൈപ്പിനില്‍ കെ എം ഉണ്ണികൃഷ്ണനാണ് പ്രഥമ പരിഗണന. പിന്നീട് മാറ്റി എന്തെങ്കിലുമൊരു പരീക്ഷണത്തിലേക്ക് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ കെ വി തോമസിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് 2022 മെയ് 12ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ പുറത്താക്കിയത്. ഇടതുപക്ഷ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍.