Wednesday, March 11, 2026 Last Updated 48 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.39 PM

വേണ്ടത്‌ ജനപക്ഷ വേഗം

uploads/news/2026/02/823773/ed.jpg

കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 2026-27ലെ കേന്ദ്ര ബജറ്റില്‍ 3,795 കോടി രൂപ വകയിരുത്തിയിരിക്കുന്നു എന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രഖ്യാപനം പ്രതീക്ഷയും ഒപ്പം ചില ആശങ്കകളും ഉണര്‍ത്തുന്നതാണ്‌. യു.പി.എ. ഭരണകാലത്ത്‌ ലഭിച്ചിരുന്ന ശരാശരി 372 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ പത്തിരട്ടിയാണെന്ന മന്ത്രിയുടെ വാദം കണക്കുകളില്‍ ശരിയായിരിക്കാം. എന്നാല്‍, കേരളത്തിലെ യാത്രാക്ലേശത്തിന്റെ രൂക്ഷതയും റെയില്‍വേയ്‌ക്ക്‌ സംസ്‌ഥാനത്തുനിന്നും ലഭിക്കുന്ന വരുമാനവും പരിഗണിക്കുമ്പോള്‍, ഈ തുക പര്യാപ്‌തമാണോ എന്ന ചോദ്യം അവശേഷിക്കുന്നു.
മഹാരാഷ്‌ട്രയ്‌ക്ക്‌ 23,926 കോടി രൂപയും ഉത്തര്‍പ്രദേശിന്‌ 20,012 കോടി രൂപയും ലഭിക്കുമ്പോള്‍, ദക്ഷിണേന്ത്യയിലെ പ്രധാന സംസ്‌ഥാനമായ കേരളം ഹരിയാനയ്‌ക്കും ഹിമാചലിനും ഒപ്പം പട്ടികയില്‍ പിന്നിലായിപ്പോകുന്നത്‌ നീതീകരിക്കാനാവില്ല. മാത്രമല്ല, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 3,795 കോടി രൂപ എന്നത്‌ അടുത്ത സാമ്പത്തിക വര്‍ഷം ചെലവഴിക്കുന്ന തുകയാണോ അതോ നിലവിലുള്ള പദ്ധതികളുടെ ആകെ അടങ്കല്‍ തുകയാണോ എന്നതിലെ അവ്യക്‌തതയും റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളും ശുഭകരമല്ല. ബജറ്റ്‌ വിഹിതം വെറും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ, സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക്‌ എത്തുന്നുണ്ടെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌.
എങ്കിലും, മൂന്നും നാലും പാതകളുടെ നിര്‍മാണത്തിന്‌ പച്ചക്കൊടി കാണിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. മംഗളൂരു-ഷൊര്‍ണൂര്‍ നാലാം പാത, ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാത എന്നിവയുടെ ഡി.പി.ആര്‍ നടപടികള്‍ പുരോഗമിക്കുന്നു എന്നത്‌ ആശ്വാസകരമാണ്‌. നിലവിലുള്ള പാതകളിലെ തിരക്ക്‌ കുറയ്‌ക്കാനും കൂടുതല്‍ വന്ദേഭാരത്‌ പോലുള്ള ട്രെയിനുകള്‍ ഓടിക്കാനും ഇത്‌ അത്യന്താപേക്ഷിതമാണ്‌. 35 സ്‌റ്റേഷനുകള്‍ അമൃത്‌ ഭാരത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതും കേരളത്തിന്റെ മുഖച്‌ഛായ മാറ്റാന്‍ സഹായിക്കും.
എന്നാല്‍, ഈ വികസന ചര്‍ച്ചകള്‍ക്കിടയില്‍ ഏറ്റവും ഗൗരവകരമായി കാണേണ്ടത്‌ അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്‌. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന പദ്ധതിക്ക്‌ കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഭാവിയില്‍ അതിവേഗ റെയില്‍ വരുമെന്ന്‌ മന്ത്രി പറയുമ്പോള്‍, മുന്‍പ്‌ കേരളം കണ്ട 'സില്‍വര്‍ ലൈന്‍' വിവാദങ്ങള്‍ വിസ്‌മരിക്കാന്‍ സമയമായിട്ടില്ല. വേഗം വേണം, എന്നാല്‍ അത്‌ ജനങ്ങളുടെ കണ്ണീരില്‍ ചവിട്ടിനിന്നുകൊണ്ടാകരുത്‌.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ കേരളം സാക്ഷ്യം വഹിച്ച ജനരോഷം ഭരണകൂടങ്ങള്‍ക്കൊരു പാഠമാണ്‌. അശാസ്‌ത്രീയമായ അലൈന്‍മെന്റും, ജനവാസമേഖലകളെ കീറിമുറിച്ചുള്ള നിര്‍മാണവും, സംസ്‌ഥാനത്തെ കടക്കെണിയിലാക്കുന്ന സാമ്പത്തിക ബാധ്യതയുമായിരുന്നു അന്ന്‌ ജനങ്ങളെ തെരുവിലിറക്കിയത്‌. പുതിയ അതിവേഗ പാതയോ, ആര്‍.ആര്‍.ടി.എസ.്‌ പദ്ധതിയോ ആവിഷ്‌കരിക്കുമ്പോള്‍ ആ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടരുത്‌.
ഇ. ശ്രീധരനെപ്പോലൊരു സാങ്കേതിക വിദഗ്‌ദ്ധന്റെ മേല്‍നോട്ടം പദ്ധതിക്ക്‌ വിശ്വാസ്യത നല്‍കിയേക്കാം. എങ്കിലും, പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ സുതാര്യമായി അവതരിപ്പിക്കപ്പെടണം. കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കിയും, പരിസ്‌ഥിതിക്ക്‌ ആഘാതം കുറച്ചും, നിലവിലുള്ള റെയില്‍വേ ഭൂമി പരമാവധി പ്രയോജനപ്പെടുത്തിയുമാകണം പുതിയ പാതകള്‍ വരേണ്ടത്‌. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ തന്നെ, അത്‌ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ തകര്‍ക്കുന്ന വെള്ളാനയാകില്ലെന്ന്‌ ഉറപ്പുവരുത്തണം.
സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന സെമി ഹൈസ്‌പീഡ്‌ പദ്ധതിയായാലും കേന്ദ്രത്തിന്റെ അതിവേഗ പാതയായാലും, അത്‌ സാധാരണക്കാരന്‌ പ്രാപ്യമാകുന്നതാകണം. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ വികസനത്തെ ബാധിക്കരുത്‌. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക്‌ കത്തയക്കുമെന്ന്‌ റെയില്‍വേ മന്ത്രി പറയുമ്പോള്‍, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്‌ മാത്രമേ അത്തരം നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന്‌ ഓര്‍മിപ്പിക്കുന്നു.
നമുക്ക്‌ വേണ്ടത്‌ വേഗമാണ്‌, തിടുക്കമല്ല. നാടിന്‌ വേണ്ടത്‌ വികസനമാണ്‌, വിനാശമല്ല. ജനഹിതം മാനിച്ചുകൊണ്ടുള്ള, സുതാര്യവും പ്രായോഗികവുമായ ഒരു റെയില്‍ ഗതാഗത സംവിധാനമാണ്‌ കേരളം ആഗ്രഹിക്കുന്നത്‌.

Ads by Google
Tuesday 03 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW