Wednesday, March 11, 2026 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.38 PM

എ.ഐ. കമ്പ്യൂട്ട്‌ സേവനലഭ്യതയിലെ ഇന്ത്യന്‍ സമീപനം

സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനും പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനും ആഗോള സങ്കീര്‍ണ വെല്ലുവിളികള്‍ക്ക്‌ അതിവേഗം പരിഹാരം കാണാനും വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പരിവര്‍ത്തന ശക്‌തിയായി മാറാന്‍ നിര്‍മിതബുദ്ധിയ്‌ക്കാവും. രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത്‌ മുതല്‍ കൃത്യതയാര്‍ന്ന കൃഷിയിലും കരുത്തുറ്റ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും കാലാവസ്‌ഥാ വ്യതിയാന പഠനങ്ങളിലും ക്ഷേമപദ്ധതികളുടെ വിപുലമായ വിതരണത്തിലുമെല്ലാം എ.ഐ. സമൂഹത്തിന്റെ പ്രവര്‍ത്തനരീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍, മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെപ്പോലെ നിര്‍മിതബുദ്ധിയും മത്സര നേട്ടങ്ങളെ പുനര്‍നിര്‍വചിക്കുന്നു. നിര്‍ണായക വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ പലപ്പോഴും ഈ നേട്ടങ്ങള്‍ രൂപംകൊള്ളുന്നത്‌.
ഈ വ്യത്യാസങ്ങള്‍ ഇന്ന്‌ ഭൂമിശാസ്‌ത്രപരമായ വിടവുകള്‍ക്കും വഴിയൊരുക്കുന്നു. കമ്പ്യൂട്ട്‌ ശേഷി, വിവരശേഖരം, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യതയിലെ അസമത്വം ആര്‍ക്കെല്ലാം ഈ രംഗത്ത്‌ വന്‍ തോതില്‍ നൂതനാശയങ്ങള്‍ നടപ്പാക്കാമെന്നതിനെ സ്വാധീനിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം വ്യക്‌തവും ക്രിയാത്മകവുമാണ്‌. ഇന്ത്യ എ.ഐ. ദൗത്യത്തിലൂടെ കമ്പ്യൂട്ട്‌ ശേഷി, വിവരശേഖരം, എ.ഐ. മാതൃകകള്‍ എന്നിവയെ കേന്ദ്രീകൃത ആസ്‌തികളായല്ല, മറിച്ച്‌ പൊതു ഡിജിറ്റല്‍ സംവിധാനമായി പരിഗണിച്ച്‌ എ.ഐ. ശേഷി ജനാധിപത്യവല്‍ക്കരിക്കാനാണ്‌ ഇന്ത്യ ശ്രമിക്കുന്നത്‌. പൊതുവില്‍ ലഭ്യമായതും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റല്‍ അടിസ്‌ഥാനസൗകര്യങ്ങള്‍ നിര്‍മിക്കുന്നതിലൂടെ എ.ഐ. വികസനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരമാധികാരത്തോടുകൂടിയ നൂതനാശയങ്ങളെ പിന്തുണയ്‌ക്കുന്നതും പൊതു പുരോഗതി പ്രദാനം ചെയ്യുന്നതുമാണെന്ന്‌ ഉറപ്പാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
തുടക്കം മുതല്‍ അവസാനം വരെ കൈക്കൊള്ളുന്ന സമഗ്ര കാഴ്‌ചപ്പാടാണ്‌ ഈ സമീപനത്തിന്‌ കരുത്തുപകരുന്നത്‌. ദാവോസില്‍ ചേര്‍ന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ്‌ ഇന്ത്യയുടെ പഞ്ചതല എ.ഐ. ചട്ടക്കൂടിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഊര്‍ജം, കമ്പ്യൂട്ട്‌-അടിസ്‌ഥാന സൗകര്യങ്ങള്‍, ചിപ്പുകളും ഹാര്‍ഡ്‌വെയറുകളും, എ.ഐ. മാതൃകകള്‍, ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ അഞ്ച്‌ തലങ്ങളിലും ഏകോപിത പുരോഗതി കൈവരിച്ചാല്‍ മാത്രമേ അര്‍ത്ഥപൂര്‍ണമായ എ.ഐ. വിന്യാസം സാധ്യമാകൂവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വസനീയ ഊര്‍ജ സംവിധാനങ്ങളും ആഭ്യന്തര കമ്പ്യൂട്ട്‌ ശേഷിയും അടിസ്‌ഥാനമാക്കി എ.ഐ. വികസനം ആവിഷ്‌ക്കരിക്കുന്നത്‌ ഉയര്‍ന്ന പ്രതിരോധാത്മകത ഉറപ്പാക്കുന്നു. അതേസമയം ചിപ്പുകള്‍, എ.ഐ. മാതൃകകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയിലെ നിക്ഷേപം ദേശീയ മുന്‍ഗണനകള്‍ക്കനുസൃതവും സുരക്ഷിതവുമായ നൂതനാശയങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. ഈ അഞ്ച്‌ തലങ്ങള്‍ രാജ്യത്തെ എ.ഐ. ആവാസവ്യവസ്‌ഥയുടെ അടിത്തറ രൂപപ്പെടുത്തുകയും നയപരമായ ലക്ഷ്യങ്ങളെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന സവിശേഷ രീതിയാണ്‌ രാജ്യത്തിന്റെ സമീപനം വേറിട്ടു നിര്‍ത്തുന്നത്‌. ഇന്ത്യ രൂപീകരിച്ച പൊതു കമ്പ്യൂട്ട്‌ സംവിധാനത്തിലൂടെ 38,000 ജിപിയുകള്‍ ഏകീകൃത പോര്‍ട്ടല്‍ വഴി ലഭ്യമാണ്‌. ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ മണിക്കൂറിന്‌ 2.5 മുതല്‍ 3 ഡോളര്‍ വരെ നിരക്കില്‍ നല്‍കുന്ന ഈ സൗകര്യം ഇന്ത്യയില്‍ കേവലം 65 രൂപ നിരക്കിലാണ്‌ ലഭ്യമാക്കുന്നത്‌. ഇന്ത്യ എ.ഐ. ദൗത്യത്തിന്‌ കീഴില്‍ അടിസ്‌ഥാന എ.ഐ. മാതൃകകളുടെ പരിശീലനത്തിന്‌ 100 ശതമാനവും എ.ഐ. ഫലനിര്‍ണയ പ്രക്രിയകള്‍ക്ക്‌ 40 ശതമാനവും സബ്‌സിഡി സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു. സാമ്പത്തിക ബാധ്യതകള്‍ നൂതനാശയങ്ങള്‍ക്ക്‌ തടസമാകുന്നില്ലെന്ന്‌ ഉറപ്പാക്കുന്ന ഈ സംരംഭം കമ്പ്യൂട്ട്‌ ശേഷിയെ കേവലം സാങ്കേതിക വിഭവമെന്നതിലുപരി ശാക്‌തീകരണ ഉപാധിയാക്കി മാറ്റുന്നു. സാധാരണ വന്‍കിട സാങ്കേതിക കമ്പനികള്‍ക്ക്‌ മാത്രം സാധ്യമാകുന്ന വലിയ മൂലധന നിക്ഷേപമില്ലാതെ തന്നെ സര്‍വം-എ.ഐ., സോക്കറ്റ്‌-എ.ഐ., ജ്‌ഞാനി-എ.ഐ. തുടങ്ങിയ തദ്ദേശീയ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സ്വന്തമായി ബൃഹത്‌ എ.ഐ. ഭാഷാ മാതൃകകള്‍ നിര്‍മിക്കാന്‍ ഇത്‌ വഴിയൊരുക്കുന്നു.
തദ്ദേശീയമായി വലുതും ചെറുതുമായ എ.ഐ. ഭാഷാ മാതൃകകള്‍ നിര്‍മിക്കുകയെന്നത്‌ 'അല്‍ഗരിതത്തിലെ പരമാധികാര'മെന്ന ഇന്ത്യയുടെ വിശാല ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ്‌. 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന 'ഇന്ത്യ എ.ഐ. ഇംപാക്‌ട്‌ ഉച്ചകോടി'യില്‍ പുറത്തിറക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സ്വന്തം 'പരമാധികാര എ.ഐ. മാതൃക' ഇന്ത്യന്‍ വിവരശേഖരങ്ങളുപയോഗിച്ച്‌ പരിശീലിപ്പിച്ചതും തദ്ദേശീയ അടിസ്‌ഥാന സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമാണ്‌. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ അടിസ്‌ഥാനമാക്കി ഈ മാതൃകകള്‍ വികസിപ്പിക്കുന്നതിലൂടെ പക്ഷപാതപരമായ ഫലങ്ങള്‍ ലഘൂകരിക്കാനും എ.ഐ. സംവിധാനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും ഉള്‍ച്ചേര്‍ക്കലും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. വിവരശേഖരങ്ങളുടെ പ്രാദേശികത, സ്വഭാവം, ഭരണനിര്‍വഹണ ചട്ടക്കൂടുകള്‍ എന്നിവ ദേശീയ മുന്‍ഗണനകള്‍ക്കും പൗരാവകാശങ്ങള്‍ക്കും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ക്കും അനുസൃതമാണെന്ന്‌ ഈ സമീപനം ഉറപ്പാക്കുന്നു. നിര്‍ണായക ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കുമേല്‍ നിയന്ത്രണം നിലനിര്‍ത്തുന്നതിനൊപ്പം ആഗോളതലത്തില്‍ സഹകരണശേഷിയും സാങ്കേതിക സ്വയംപര്യാപ്‌തതയും തന്ത്രപരമായ സ്വയംഭരണാധികാരവും ലക്ഷ്യമിടുന്ന സമഗ്ര തന്ത്രത്തെ ഇത്‌ പ്രതിഫലിപ്പിക്കുന്നു.
എ.ഐ. സംബന്ധിച്ച ആഗോള ചര്‍ച്ചകളെ കേവലം സുരക്ഷാ സംവാദങ്ങളില്‍നിന്ന്‌ സ്വാധീനങ്ങളുടെ നിര്‍ണയത്തിലേക്ക്‌ ഇന്ത്യ എ.ഐ. ഇംപാക്‌ട്‌ ഉച്ചകോടി മാറ്റും. എ.ഐ. വിഭവങ്ങളുടെ ജനാധിപത്യവല്‍ക്കരണം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കല്‍, ഭൂമിയുടെ അതിജീവനശേഷിയ്‌ക്ക്‌ എ.ഐ. പ്രയോജനപ്പെടുത്തല്‍, വിശ്വസനീയ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍, സന്ദര്‍ഭോചിത ബഹുഭാഷാ എ.ഐ. വികസനം, ഗേ്ലാബല്‍ സൗത്ത്‌ രാഷ്‌ട്രങ്ങളുടെ അഭിപ്രായ ശാക്‌തീകരണം, എ.ഐ. വിടവ്‌ നികത്തല്‍ എന്നീ ഉച്ചകോടിയുടെ ഏഴ്‌ പ്രമേയങ്ങള്‍ ചരിത്രപരമായി വികസ്വര രാജ്യങ്ങളെ പരിമിതപ്പെടുത്തിയിരുന്ന ആശ്രിതത്വങ്ങളെ നേരിട്ട്‌ അഭിസംബോധന ചെയ്യുന്നു.
എ.ഐ. രംഗത്തെ ഇന്ത്യയുടെ സമീപനം ഗേ്ലാബല്‍ സൗത്ത്‌ രാഷ്‌ട്രങ്ങള്‍ക്ക്‌ അനുകരിക്കാവുന്ന മാതൃകയാണ്‌. അടിസ്‌ഥാന സൗകര്യങ്ങളിലെ കുറവുകള്‍ മുതല്‍ വിപുലമായ അനൗപചാരിക സമ്പദ്‌വ്യവസ്‌ഥകള്‍ വരെ പ്രതിസന്ധികള്‍ നേരിടുന്ന മേഖലകള്‍ക്ക്‌ സുതാര്യതയും നൂതനാശയങ്ങളും എങ്ങനെ പരമാധികാരവുമായി സന്തുലിതമാക്കാമെന്ന്‌ ഇന്ത്യയുടെ സമീപനം വ്യക്‌തമാക്കുന്നു. പ്രത്യേക മാതൃക മാത്രം നിര്‍ദേശിക്കുന്നതിന്‌ പകരം ആഗോളതലത്തിലെ പരസ്‌പര സഹകരണത്തിനൊപ്പം പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്ന എ.ഐ. ആവാസവ്യവസ്‌ഥ കെട്ടിപ്പടുക്കാന്‍ രാജ്യങ്ങള്‍ക്ക്‌ എങ്ങനെ സാധിക്കുമെന്ന്‌ ഇന്ത്യയുടെ അനുഭവം വ്യക്‌തമാക്കുന്നു.
സ്വതന്ത്രമായി വികസിപ്പിക്കുന്ന ഇന്ത്യയുടെ പരമാധികാര എ.ഐ. മാതൃകകള്‍ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താവുന്ന തരത്തിലാണ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ഭാഷാപരവും സാംസ്‌കാരികവും വികസനപരവുമായ മുന്‍ഗണനകള്‍ക്കനുസരിച്ച്‌ രൂപഘടനയിലും ഭരണനിര്‍വഹണ ചട്ടക്കൂടുകളിലും ശേഷി വികസന തന്ത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തി മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ ഈ സമീപനത്തില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവും. പുതിയ ആശ്രിതത്വങ്ങള്‍ സൃഷ്‌ടിക്കാതെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പങ്കാളിത്ത മാനദണ്ഡങ്ങളിലൂന്നി സ്വതന്ത്ര സംവിധാനങ്ങളിലൂടെയും സഹകരണാത്മക പഠനത്തിലൂടെയും ആവാസവ്യവസ്‌ഥ വികസിപ്പിക്കാന്‍ ഈ സമീപനം ഊന്നല്‍ നല്‍കുന്നു.
സാമ്പത്തിക മത്സരശേഷിയ്‌ക്കും രാജ്യത്തിന്റെ അതിജീവനത്തിനും എ.ഐ. അത്യന്താപേക്ഷിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തണോ എന്നതല്ല, മറിച്ച്‌ എത്രത്തോളം ഉത്തരവാദിത്വത്തോടെയും സുസ്‌ഥിരമായും അത്‌ ചെയ്യാമെന്നതാണ്‌ ഉയര്‍ന്നുവരുന്ന സുപ്രധാന ചോദ്യം.

സുശീല്‍ പാല്‍
(കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ - വിവരസാങ്കേതിക മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

Ads by Google
Tuesday 03 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW