Friday, March 13, 2026 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.38 PM

അമ്പലപ്പുഴ പാല്‍പ്പായസത്തിന്‌ 80 രൂപ കൂട്ടി

uploads/news/2026/02/823771/k7.jpg

അമ്പലപ്പുഴ: മധുരത്തിന്റെ പര്യായമായ അമ്പലപ്പുഴ പാല്‍പ്പായസം കുടിക്കണമെങ്കില്‍ ഇനി കൂടുതല്‍ പണം നല്‍കണം. ലിറ്ററിന്‌ 160 രൂപയായിരുന്നത്‌ ഇന്നലെ മുതല്‍ 240 രൂപയാക്കി. ഒറ്റയടിക്ക്‌ 80 രൂപയാണ്‌ പാല്‍പ്പായസത്തിനു കൂട്ടിയത്‌.
ഇതുസംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പുറത്തിറക്കിയതിന്‌ പിന്നാലെയാണ്‌ വില വര്‍ധന നടപ്പിലായത്‌. 2016-ലാണ്‌ പാല്‍പ്പായസം ഒരു ലിറ്ററിന്‌ 160 രൂപയാക്കി ഉയര്‍ത്തിയത്‌. പാല്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ധിച്ചതിനെതുടര്‍ന്നാണ്‌ പാല്‍പ്പായസത്തിന്റെ വിലയും ഉയര്‍ത്താന്‍ തീരുമാനിച്ചത്‌. പായസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്നു കാട്ടി അമ്പലപ്പുഴ കോമന വെളിയില്‍ വീട്‌ സുരേഷ്‌ കുമാര്‍ ഭക്‌തവല്‍സലന്‍ ദേവസ്വം ബോര്‍ഡിനും ഓംബുഡ്‌സ്‌മാനും പരാതി നല്‍കിയിരുന്നു. ലിറ്ററിന്‌ 260 രൂപയാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട്‌ പല കോണുകളില്‍നിന്ന്‌ പ്രതിഷേധം ഉയര്‍ന്നതോയൊണ്‌ 80 രൂപയുടെ വര്‍ധനയാക്കിയത്‌. ഇതിന്‌ ഹൈക്കോടതി അനുവാദവും ലഭിച്ചു. തുടര്‍ന്നാണ്‌ ഇന്നലെ മുതല്‍ പുതിയ നിരക്ക്‌ ഇടാക്കിയത്‌.
നിലവില്‍ 250 ലിറ്റര്‍ പാല്‍പായസമാണ്‌ തയാറാക്കുന്നത്‌. തിരക്കുള്ള ദിവസങ്ങളില്‍ ഇത്‌ 350 ലിറ്റര്‍ വരെയാക്കാനും ബോര്‍ഡ്‌ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന്‌ 28 ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ വാര്‍പ്പ്‌ മാസങ്ങള്‍ക്കു മുന്‍പ്‌ ക്ഷേത്രത്തിലെത്തിച്ചു. ഈ വാര്‍പ്പില്‍ കഴിഞ്ഞ മാസം 27 മുതല്‍ പായസം തയാറാക്കിത്തുടങ്ങിയിരുന്നു. അതിനിടെ പാല്‍പ്പായസ വില വര്‍ധനയ്‌ക്കായി ദേവസ്വം ബോര്‍ഡ്‌ അറിയിച്ചിരിക്കുന്ന കാരണങ്ങളും വിവാദമായിട്ടുണ്ട്‌. അരി, പാല്‍, പഞ്ചസാര എന്നിവയുടെ വില വര്‍ധന കൂടാതെ നെയ്യ്‌, ഏലക്ക, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയുടെ വില വര്‍ധിച്ചതുകൊണ്ടാണ്‌ പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ്‌ ബോര്‍ഡിറക്കിയ ഉത്തരവില്‍ പറയുന്നത്‌. എന്നാല്‍, അമ്പലപ്പുഴ പാല്‍പ്പായസത്തിന്‌ അരി, പഞ്ചസാര, പാല്‍ എന്നിവ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ബോര്‍ഡ്‌ ഇറക്കിയ ഉത്തരവിലുള്ള മറ്റു സാധനങ്ങള്‍ അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ ഉപയോഗിക്കാറില്ല.

Ads by Google
Tuesday 03 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW