-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും പുതിയ ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കാനും യോഗം നിര്‍ദേശിച്ചു.
ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും അഡീഷണല്‍ ഡയറക്‌ടറും (ജനറല്‍) നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ട് തുടര്‍പരിശോധനകള്‍ നടത്തുകയും റിപ്പോര്‍ട്ട് അപ്പപ്പോള്‍ സര്‍ക്കാരിന് കൈമാറുകയും വേണം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ആമുഖം സ്‌കൂളുകളിലെ സ്‌പെഷ്യല്‍ അസംബ്ലികളില്‍ വായിക്കേണ്ടതാണ്.
സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി, നിലവില്‍ സൗകര്യമുള്ള സ്‌കൂളുകളിലും ഇനി പണികഴിപ്പിക്കാന്‍ പോകുന്ന കെട്ടിടങ്ങളിലും ബാക് ബെഞ്ചര്‍ സംവിധാനം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കും. മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്‌റ്റ് സൗകര്യവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റാമ്പും പ്ലാനില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കും.സ്‌കൂള്‍ വിനോദയാത്രകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും, വകുപ്പിന്റെ ഉത്തരവുകള്‍ ഇക്കാര്യത്തില്‍
പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതര്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ആഘോഷവേളകളിലും സ്വന്തം ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി ഇഷ്‌ടമുള്ള വസ്ര്‌തം ധരിക്കാന്‍ അനുമതി നല്‍കും. അധ്യാപകര്‍ കുട്ടികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന രീതി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള സബ്‌ജക്‌ട് മിനിമം പദ്ധതി ഫലപ്രദമായി തുടരുന്നതോടൊപ്പം, പി.ടി.എ, എസ.്‌എം.സി, പൂര്‍വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റിഫ്രഷെ്‌മന്റ് അടക്കമുള്ള പഠന പിന്തുണാ പരിപാടികള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കും.