-->
തിരുവനന്തപുരം: ബലാത്സംഗക്കേസുകളില്‍ കുറ്റാരോപിതനായ പാലക്കാട് എം.എല്‍.എ: രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ സഭയില്‍ അനൂകൂലിക്കേണ്ടതില്ലെന്ന് യു.ഡി.എഫ്. തീരുമാനം.
കുറ്റാരോപിതനായ എം.എല്‍.എയെ കോടതി വിധി വരുന്നതിനു മുമ്പ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാട്. അതേസമയം രാഹുല്‍ വിഷയത്തില്‍ യു.ഡി.എഫിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. രാഹുല്‍ പ്രശ്‌നം രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. വിഷയം ഉന്നയിച്ച് ഡി.കെ. മുരളി എം.എല്‍.എയാണ് സ്‌പീക്കര്‍ക്കു കത്തു നല്‍കിയത്. സ്‌പീക്കര്‍ കൈമാറിയ ഈ പരാതിയാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നത്. രാഹുലിനെ അയോഗ്യനാക്കണമെന്ന് മുരളി കത്തില്‍ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യുകയായിരുന്നു.
അധികാരപരിധി കടന്നുള്ള എത്തിക്‌സ് കമ്മിറ്റിയുടെ നീക്കത്തെ എതിര്‍ക്കണമെന്ന്
ഘടകകക്ഷി നേതാക്കളും നിലപാടെടുത്തു. കീഴ്‌വഴക്കങ്ങള്‍ ഇല്ലാത്ത ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് എത്തിക്‌സ് കമ്മിറ്റിയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യു.എ. ലത്തീഫും വിമര്‍ശിച്ചു. കുറ്റാരോപിതന്‍ മാത്രമായ വ്യക്‌തിയെ അയോഗ്യനാക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അയോഗ്യതയെ എതിര്‍ക്കുമ്പോഴും രാഹുലിനെ പുറത്താക്കിയ നടപടിയിലോ നിലപാടിലോ മാറ്റമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ ഡി.കെ. മുരളിയെ എത്തിക്‌സ് കമ്മിറ്റി 23ന് ഹിയറിങ്ങിനായി വിളിപ്പിക്കും. മുരളിയുടെ പരാതിയില്‍ സാങ്കേതിക
പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ ഉന്നയിച്ചു. രാഹുല്‍ എം.എല്‍.എമാര്‍ക്കുള്ള പെരുമാറ്റച്ചട്ടവും പൊതുവായ സദാചാരതത്വങ്ങള്‍സംബന്ധിച്ചുള്ള ചട്ടങ്ങളും ലംഘിക്കുകയും സത്യപ്രതിജ്‌ഞാ ലംഘനം നടത്തുകയും സഭയുടെ അന്തസിന് കളങ്കം വരുത്തുകയും ചെയ്‌തിരിക്കുന്നുവെന്നാണ് മുരളിയുടെ
പരാതിയില്‍ പറയുന്നത്. ഈ അവകാശലംഘന പ്രശ്‌നം സഭയില്‍ ഉന്നയിക്കാന്‍ അനുമതി നല്‍കണമെന്നാണ് മുരളി സ്‌പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിയുടെ ഹിയറിങ്ങിനു ശേഷം രാഹുലിന്റെ ഭാഗം കൂടി കേട്ടശേഷമേ കമ്മിറ്റി തീരുമാനം എടുക്കുകയുള്ളു. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകാന്‍ സാധ്യതയില്ല.