Friday, March 13, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.38 PM

സര്‍ക്കാര്‍ മുന്നോട്ട്‌, അതിവേഗപാതയ്‌ക്ക്‌ ഉത്തരവായി

uploads/news/2026/02/823766/k1.jpg

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി റീജനല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്‌) അതിവേഗപാതയുമായി സര്‍ക്കാര്‍ മുന്നോട്ട്‌. ഇതുമായി ബന്ധപ്പെട്ട ഉത്തരവ്‌ ഗതാഗത വകുപ്പ്‌ പുറത്തിറക്കി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ആദ്യഘട്ടത്തിന്‌ അനുമതി നല്‍കി. 1,92,780 കോടിയാണ്‌ പദ്ധതിയുടെ ചെലവ്‌ കണക്കാക്കുന്നത്‌. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ്‌ സംസ്‌ഥാനം ഉത്തരവിറക്കിയത്‌. ഘട്ടംഘട്ടമായി കാസര്‍ഗോഡ്‌ വരെ പദ്ധതി പിന്നീട്‌ നീട്ടും.
റിസര്‍വേഷന്‍ ആവശ്യമില്ലാത്തതും നിശ്‌ചിത സമയത്തിനിടയില്‍ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണു ചര്‍ച്ചകളിലുള്ളത്‌. തൂണുകളും വയഡക്‌ടുകളും വഴി പാതയുടെ കൂടുതല്‍ ഭാഗവും കടന്നു പോകുന്ന നിര്‍മാണ രീതിയാണു റാപ്പിഡ്‌ റെയിലില്‍.
ആര്‍.ആര്‍.ടി.എസ്‌ പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന്‌ വിജ്‌ഞാപനത്തില്‍ പറയുന്നു. നിര്‍മാണ ചിലവിന്റെ 20 ശതമാനം കേന്ദ്ര-സംസ്‌ഥാന സഹായമായും, 60 ശതമാനം അന്താരാഷ്ര്‌ട ധനസ്‌ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പയും കണ്ടെത്തി പദ്ധതി പൂര്‍ത്തിയാക്കും.
ഡല്‍ഹി-മീററ്റ്‌ റാപ്പിഡ്‌ റെയില്‍ നടപ്പാക്കിയ നാഷനല്‍ ക്യാപ്പിറ്റല്‍ റീജന്‍
ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനാണു (എന്‍.സി.ആര്‍.ടി.സി) കര്‍ണാടകയില്‍ സമാനമായ പദ്ധതിക്ക്‌ ഡി.പി.ആര്‍. തയാറാക്കുന്നത്‌. എന്‍.സി.ആര്‍.ടി.സിയുമായി കേരളം അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ്‌ വിവരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ 583കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്‌ പാത. 12 വര്‍ഷം കൊണ്ട്‌ മുഴുവന്‍ ദൂരത്തിലും പദ്ധതി പൂര്‍ത്തിയാക്കും.
നാല്‌ ഘട്ടങ്ങളിലായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒന്നാം ഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ (ട്രാവന്‍കൂര്‍ ലൈന്‍) വരെയുള്ള 284 കിലോമീറ്ററിനാണ്‌ ഇപ്പോള്‍ അനുമതി ലഭിച്ചത്‌. ഒന്നാം ഘട്ട നിര്‍മാണം 2027-ല്‍ തുടക്കമിട്ട്‌ 2033-ല്‍ പൂര്‍ത്തിയാക്കും. 1,92,780 കോടിയാണ്‌ പദ്ധതിയുടെ ചെലവ്‌ കണക്കാക്കുന്നത്‌.
തിരുവനന്തപുരം-കാസര്‍കോട്‌ അതിവേഗ പാതയുടെ ഡി.പി.ആര്‍തയ്യാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി മെട്രോമാന്‍ ഇ ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്‌, സംസ്‌ഥാനം ആര്‍.ആര്‍.ടി.എസ്‌ അവതരിപ്പിച്ചത്‌.
ബജറ്റില്‍ കേരളത്തിന്‌ അതിവേഗ പാത പ്രഖ്യാപനമില്ലെങ്കിലും, പൊന്നാനിയില്‍ ഓഫീസ്‌ തുറന്ന്‌ ഇ.ശ്രീധരനും മുന്നോട്ടാണ്‌.
മെട്രോ റെയിലിന്‌ സമാനമായി തൂണുകളിലും ഭൂമിക്കടിയിലൂടെയുമാണ്‌ ആര്‍.ആര്‍.ടി.എസ്‌. നിര്‍മിക്കുന്നത്‌. നഗരത്തിനകത്തെ യാത്രക്കാണ്‌ മെട്രോ ട്രെയിനെങ്കില്‍ ദീര്‍ഘദൂര യാത്രക്കാണ്‌ ആര്‍.ആര്‍.ടി.എസ്‌. വേഗം മെട്രോയെക്കാള്‍ കൂടുതലും അതിവേഗ ട്രെയിനിനെക്കാള്‍ അല്‍പം കുറവുമായിരിക്കും.

Ads by Google
Tuesday 03 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW