-->
ചേലക്കര: ബി.ജെ.പിയുടെ ബി ടീം ആയാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള തെക്കന്‍ മേഖല എല്‍.ഡി.എഫ്. വികസന മുന്നേറ്റ ജാഥ ചേലക്കരയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കടുത്ത അവഗണനയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഉന്നത വിദ്യാദ്യാസമേഖലയില്‍ വിവിധ തരം ശാക്‌തീകരണം നടക്കുമ്പോള്‍ ബജറ്റില്‍ കേന്ദ്ര വിഹിതം ഇല്ലാത്തതും ദീര്‍ഘകാല ആവശ്യമായ എയിംസ് പദ്ധതി പരിഗണിക്കാത്തതും നിരാശാജനകമാണ്. അതിവേഗ റെയില്‍ പദ്ധതിയിലും കേരളത്തെ തഴഞ്ഞു. ഇത്രമാത്രം കേരളത്തെ അവഗണിക്കാന്‍ തങ്ങള്‍ എന്ത് തെറ്റാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നാടിന്റെ വികസന പദ്ധതിയില്‍ എതിര്‍ത്ത് നില്‍ക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. കേരള ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം കേന്ദ്ര ബജറ്റില്‍ ബി.ജെ.പിയെ എതിര്‍ത്ത് പറയാന്‍ പോലും മടിച്ചു നില്‍ക്കുന്നു. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രത്തിന് വലിയ പ്രോത്സാഹനമാണ് കോണ്‍ഗ്രസും, പ്രതിപക്ഷവും നല്‍കുന്നത്. മറ്റൊരു സംസ്‌ഥാനവും നടപ്പിലാക്കാന്‍ കഴിയാത്ത നേട്ടമാണ് എല്‍.ഡിഎഫ്. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇവിടെ ഒന്നും നടന്നില്ല എന്നു പറയുന്നിടത്ത് ഇവിടെ എല്ലാം നടന്നു എന്ന് തിരിച്ച് പറയുന്ന സ്‌ഥിതിയിലേക്ക് മാറിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. ശ്രീകുമാര്‍ അധ്യക്ഷനായി. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറിയും ജാഥാ ക്യാപ്‌റ്റനുമായ ബിനോയ് വിശ്വം, ജാഥ അംഗങ്ങളായ എം. സ്വരാജ്, സി.എസ്. സുജാത, അഡ്വ. പി. വസന്തം, വി.ടി. ജോസഫ്, കെ.വി. ബാലസുബ്രഹ്‌മണ്യം, രാജന്‍, യൂജിന്‍ മൊറോലി, പുഴമനയ്‌ക്കല്‍ വേണുഗോപാലന്‍, ഷാജു, ജോര്‍ജ് അഗസ്‌റ്റിന്‍, സി.പി. അന്‍വര്‍ സാദത്ത്, കെ. രാധാകൃഷ്‌ണന്‍ എം.പി., യു.ആര്‍. പ്രദീപ് എം.എല്‍.എ., എ.സി. മൊയ്‌തീന്‍ എം.എല്‍.എ., പി.കെ. ബിജു, സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്‌ദുല്‍ ഖാദര്‍, പി.എ. ബാബു എന്നിവര്‍ പങ്കെടുത്തു.