-->
ആലപ്പുഴ: പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാന്‍ ഏഴംഗ കേന്ദ്രസംഘം ആലപ്പുഴ ജില്ലയില്‍ പരിശോധന നടത്തി. കരുവാറ്റ, നെടുമുടി, എ.സി റോഡിന്റെ വിവിധ ഭാഗങ്ങള്‍, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ നോര്‍ത്ത്, കാര്‍ത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലയില്‍നിന്ന് 40 സാമ്പിളുകള്‍ ശേഖരിച്ചു.
ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലെ പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റുമാരായ ഡോ: സി. ടോഷ്, ഡോ: മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്‌റ്റേറ്റ് ഇന്‍സ്‌റ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലെ ഉദ്യോഗസ്‌ഥരും പരിശോധനയ്‌ക്കുണ്ടായിരുന്നു. ഇറച്ചിക്കടകളിലെ കത്തി, കട്ടിങ് ബോര്‍ഡ് എന്നിവയില്‍നിന്നുള്ള സാമ്പിള്‍, ഇറച്ചി കഴുകിയ വെള്ളം, ദേശാടന പക്ഷികളുടെ കാഷ്‌ടം, പറന്നുനടക്കുന്ന പക്ഷികളുടെ കാഷ്‌ടം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചത്. തഴക്കരയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ അവയുടെ കാഷ്‌ടവും ശേഖരിച്ചു.
സംഘം ഇന്നുരാവിലെ കോട്ടയം ജില്ലയില്‍ പരിശോധന നടത്തും. രാവിലെ 7.30ന് കുമരകത്ത് പരിശോധന തുടങ്ങും.ആലപ്പുഴ ജില്ലയില്‍ എച്ച്-5 എന്‍-1 വൈറസാണ് കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകളില്‍നിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും.