-->
ആലപ്പുഴ: എന്‍.എസ്.എസ് നേതൃത്വം പിന്മാറിയെങ്കിലും സാമുദായിക ഐക്യനീക്കത്തില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമാനചിന്താഗതിക്കാര്‍ ഒന്നിക്കണമെന്ന് യോഗം മുഖപത്രമായ യോഗനാദത്തിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.
ജാതി പറഞ്ഞ് പോരടിച്ചാല്‍ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും ഈ ദുരവസ്‌ഥ സൃഷ്‌ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങള്‍ നടത്തുന്നതെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തില്‍ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലര്‍ക്കും ഇല്ലാതായതാണ് കേരളത്തിന്റെ ദുര്യോഗം. എസ്.എന്‍.ഡി.പി യോഗം ഇന്നൊരു സമരസംഘടന കൂടിയാണ്. കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്‌ഥയിലായിരുന്നു. മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതി പറഞ്ഞ് പോരടിച്ച് നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകുകയേയുള്ളൂ. അത്തരമാരു ദുരവസ്‌ഥ സൃഷ്‌ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യ ശ്രമങ്ങള്‍ വീണ്ടും തുടങ്ങിവെച്ചത്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. തന്നെ ആക്രമിക്കുന്നവര്‍ക്ക് ഇന്ധനം നല്‍കുന്നത് സമുദായത്തിലെ കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ വിമര്‍ശിച്ചു.
സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഐക്യനീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
സമുദായ പ്രവര്‍ത്തനവും മൈക്രോ ഫിനാന്‍സ് ഉള്‍പ്പടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പദ്‌മഭൂഷണ്‍ പുരസ്‌കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം. ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.