Saturday, March 14, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

മുരാരി ബാബുവിനെ ഇ.ഡി. ചോദ്യംചെയ്‌തു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മുരാരി ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) ചോദ്യംചെയ്‌തു. ദ്വാരപാലക കട്ടിളപ്പാളി കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസ്‌ ഇ.ഡി. ഏറ്റെടുത്തശേഷം ആദ്യമായി ചോദ്യം ചെയ്യുന്നയാളാണു മുരാരി ബാബു.
പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌.ഐ.ടി.) രജിസ്‌റ്റര്‍ ചെയ്‌ത രണ്ടുകേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ ഇ.ഡി. നോട്ടീസ്‌ അയച്ചിരുന്നു.
ചോദ്യം ചെയ്യലിനുശേഷം രാത്രി വൈകി ഇയാളെ വിട്ടയച്ചു. പ്രതികളുടെ പക്കല്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. 21 ഇടങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇ.ഡി. നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കാനാണ്‌ ഇ.ഡി. തീരുമാനം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു 12 പേര്‍ക്കാണ്‌ ഇ.ഡി. നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. അതേസമയം, തന്ത്രി കണ്‌ഠര്‌ രാജീവരെ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. നെഞ്ചുവേദനയെത്തുടര്‍ന്നാണു തന്ത്രിയെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആന്‍ജിയോഗ്രാമിന്‌ വിധേയനാക്കിയിരുന്നു. ആരോഗ്യനില ഭേദമായതിനെത്തുടര്‍ന്ന്‌ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW